അമേരിക്കയെ ആശങ്കയിലാക്കി എടിഎം ഹാക്കര്‍മാര്‍. സൈബര്‍ കുറ്റവാളികള്‍ എടിഎം മെഷീനുകളെ ലക്ഷ്യമിടുന്നുവെന്ന മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് എടിഎം മെഷീന്‍ നിര്‍മാതാക്കളായ ഡൈബോള്‍ഡ് നിക്‌സ്‌ഡോര്‍ഫ്, എന്‍സിആര്‍ കോര്‍പ്പ് എന്നീ കമ്പനികള്‍.
എടിഎം മെഷീനുകള്‍ ഹാക്ക് ചെയ്യുകയും അതിലൂടെ വലിയ അളവില്‍ പണം പുറത്തേക്ക് വരുത്തുകയും ചെയ്യുന്ന ജാക്ക്‌പോട്ടിങ് എന്ന ഹാക്കിങ് സംവിധാനം ഉപയോഗിച്ചുള്ള ആക്രമണമുന്നറിയിപ്പാണ് കമ്പനികള്‍ നല്‍കുന്നത്.
ജാക്ക്‌പോട്ടിങ് സംവിധാനം ഉപയോഗിച്ചുള്ള മോഷണം ആഗോളതലത്തില്‍ വ്യാപിച്ചുവരികയാണ്. യൂറോപ്പ്, ഏഷ്യ, മെക്‌സികോ തുടങ്ങിയ ഇടങ്ങളിലാണ് ജാക്ക്‌പോട്ടിങ് ഭീഷണി പ്രധാനമായുമുള്ളതെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. എത്ര പണം നഷ്ടപ്പെട്ടുവെന്നോ ആരെല്ലാം ഈ മോഷണത്തിന് ഇരയായിട്ടുണ്ടെന്നോ കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല.
എന്താണ് ജാക്ക്‌പോട്ടിങ്
എടിഎം ടെക്‌നീഷന്‍മാരായി ചമഞ്ഞെത്തുന്ന ഹാക്കര്‍മാര്‍ ഒരു മെഡിക്കല്‍ എന്‍ഡോസ്‌കോപി ഉപയോഗിച്ച് എടിഎം മെഷീനകത്ത് അവരുടെ കംപ്യൂട്ടര്‍ ബന്ധിപ്പിക്കാന്‍ സാധിക്കുന്ന സ്ഥലം കണ്ടെത്തുന്നു. എടിഎം മെഷീനുകളുടെ യഥാര്‍ത്ഥ ഹാര്‍ഡ് ഡിസ്‌ക് മാറ്റി പകരം സമാനമായ മറ്റൊരു ഹാര്‍ഡ് ഡിസ്‌ക് സ്ഥാപിക്കുന്നു. അപ്പോള്‍ എടിഎം മെഷീനുകള്‍ പ്രവര്‍ത്തന രഹിതം എന്നാണ് സ്‌ക്രീനില്‍ തെളിയുക. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് മറ്റൊരിടത്ത് നിന്നും എടിഎമ്മിനെ നിയന്ത്രിച്ച് പണമെടുക്കാന്‍ സാധിക്കും.
സെക്യൂരിറ്റി ന്യൂസ് വെബ്‌സൈറ്റ് ആയ ക്രെബ്‌സ് ഓണ്‍ സെക്യൂരിറ്റി ശനിയാഴ്ച ഈ ആക്രമണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കമ്പനികള്‍ പറഞ്ഞു.
എത് തരം മാല്‍വെയര്‍ ആണ് ഇതിന് ഉപയോഗിക്കുന്നത് എന്ന് വ്യക്തമല്ല. പ്ലോട്ടസ്.ഡി എന്ന ശ്രേണിയില്‍ പെടുന്ന മാല്‍വെയറാകാം ഇതിന് പിന്നിലെന്ന് ക്രെബ്‌സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
മെഷീനുകള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്താന്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് എടിഎം സ്ഥാപിക്കുന്നവര്‍ക്കും കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫാര്‍മസികളിലും വലിയ റീട്ടെയ്‌ലര്‍ ഷോപ്പുകളിലും സ്ഥാപിച്ചിട്ടുള്ള എടിഎം മെഷീനുകളെയാണ് ഹാക്കര്‍മാര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ള രഹസ്യ മുന്നറിയിപ്പില്‍ പറയുന്നതായി ക്രെബ്‌സ് ഓണ്‍ സെക്യൂരിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൈബോള്‍ഡ് നിക്‌സ്‌ഡോര്‍ഫിന്റെ ഒപ്‌റ്റെവ മോഡല്‍ എടിഎം മെഷീനുകള്‍ക്കാണ് ഭീഷണിയുള്ളതെന്ന് കമ്പനി പറയുന്നു. വിന്‍ഡോസ് എക്‌സ്പി എടിഎമ്മുകള്‍ക്കും സുരക്ഷാ പ്രശ്‌നമുണ്ട്.