കോട്ടയ്ക്കല്‍: കാര്‍ രൂപകല്പന ചെയ്യുന്നത് അത്രവലിയ കാര്യമാണോ? അല്ലെന്നുപറയും ജാഗ്ലയണ്‍ എന്ന കോളേജ് കുമാരന്മാരുടെ ഈ സംഘം. ഹരിയാണയിലെ ഗുര്‍ഗോണില്‍ നടക്കുന്ന സ്‌പോര്‍ട്‌സ് കാറോട്ടമത്സരത്തിന് ഇവരൊരു കാര്‍ ഡിസൈന്‍ ചെയ്തു-ഒറ്റസീറ്റുള്ള ഫോര്‍മുല വണ്‍ വിഭാഗത്തില്‍പ്പെടുന്ന സ്റ്റുഡന്റ് ഹൈബ്രിഡ് കാര്‍. ഒരേസമയം വൈദ്യുതികൊണ്ടും പെട്രോളുകൊണ്ടും ഓടിക്കാം. ഇന്ധനം തിരഞ്ഞെടുക്കാന്‍ ഒരു ബട്ടണമര്‍ത്തുകയേ വേണ്ടൂ. മഞ്ചേരി ഏറനാട് നോളജ് സിറ്റി എന്‍ജിനീയറിങ് കോളേജില്‍ അവസാന മിനുക്കുപണിയും കഴിഞ്ഞ് കാര്‍ ഓടാന്‍ സജ്ജമായി. ഇവിടത്തെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ 36 വിദ്യാര്‍ഥികള്‍ചേര്‍ന്ന സംഘമാണ് കാര്‍ രൂപകല്പനചെയ്ത ജാഗ്ലയണ്‍. ഷാനുദാസ് ആണ് ജാഗ്ലയണിന്റെ നായകന്‍.
17 മുതല്‍ ഹരിയാണയിലെ ഗുര്‍ഗോണില്‍ ഇംപീരിയല്‍ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എന്‍ജിനീയറിങ് നടത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഹൈബ്രിഡ് വെഹിക്കിള്‍ കാറോട്ടമത്സരത്തിലേക്ക് ഈ കാറും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മണിക്കൂറില്‍ 80 മുതല്‍ 100 വരെയാണ് ഇതിന്റെ വേഗം. 305 ആണ് എന്‍ജിന്റെ സി.സി. ഭാരം: 300 കിലോഗ്രാം.
കാറിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞദിവസം നടന്നു. രണ്ട് ഇന്ധനങ്ങളില്‍ ഓടിക്കാവുന്ന കേരളത്തിലെ ആദ്യ ഹൈബ്രിഡ് ഫോര്‍മുല വണ്‍ കാര്‍ ആണിതെന്ന് ഫാക്കല്‍റ്റി ഉപദേഷ്ടാവ് മൊബിന്‍ എം. മാത്യു പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇതേ വിഭാഗത്തില്‍പ്പെട്ട കാറുകള്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍നിന്ന് വ്യത്യസ്തമായ ധാരാളം സവിശേഷതകള്‍ ഇതിനുണ്ട്. ഒരുവര്‍ഷത്തെ പരിശ്രമത്തിന്റെ വിജയമാണിത് -മൊബിന്‍ പറഞ്ഞു.