കുട്ടികള്‍ക്കായുള്ള സ്മാര്‍ട് വാച്ച് വില്‍പന ജര്‍മ്മനിയിലെ ടെലികോം അതോറിറ്റി നിരോധിച്ചു. മാതാപിതാക്കള്‍ കുട്ടികളെ നിരീക്ഷിക്കാന്‍ സ്മാര്‍ട് വാച്ചുകള്‍ ഉപയോഗിക്കാനിടയുണ്ടെന്നും അത്തരം ഉപകരണങ്ങള്‍ ജര്‍മനിയുടെ സുരക്ഷാ നിരീക്ഷണ നിയമങ്ങള്‍ക്ക് എതിരാണെന്നുമുള്ള നിരീക്ഷണത്തെ തുടര്‍ന്നാണ് നിരോധനം.
ഇതിനോടകം നിരവധി വാച്ച് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജര്‍മ്മനിയിലെ ടെലികോം നിയന്ത്രണാധികാര സമിതിയായ ഫെഡറല്‍ നെറ്റ് വര്‍ക്ക് ഏജന്‍സി പറഞ്ഞു. എന്നാല്‍ ഈ കമ്പനികളുടെ പേരുകള്‍ പുറത്ത് വിട്ടിട്ടില്ല.
അഞ്ച് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സ്മാര്‍ട്‌ഫോണുകള്‍ ജര്‍മന്‍ വിപണിയില്‍ സുലഭമാണ്. ഈ വാച്ചുകള്‍ എത്രയും പെട്ടെന്ന് നശിപ്പിക്കണമെന്നും ടെലികോം അതോറിറ്റി മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒരു ആപ്ലിക്കേഷനിലൂടെ ഇത്തരം വീച്ചുകള്‍ വഴി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ചുറ്റുപാടുകളെ കേള്‍ക്കാന്‍ സാധിക്കും. അത്തരം ഉപകരണങ്ങള്‍ നിരോധിത ട്രാന്‍സ്മിറ്ററുകളായാണ് പരിഗണിക്കപ്പെടുന്നത്. ഫെഡറല്‍ നെറ്റ് വര്‍ക്ക് ഏജന്‍സി പ്രസിഡന്റ് ജോചന്‍ ഹോമന്‍ പറഞ്ഞു. ഇത്തരം ഉപകരണങ്ങള്‍ ക്ലാസ്‌റൂമിനുള്ളിലെ അധ്യാപകരുടെ സംസാരം കേള്‍ക്കുന്നതിനായി മാതാപിതാക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഏജന്‍സി കുട്ടികള്‍ക്കായുള്ള ' ടോക്കിങ് ഡോള്‍' എന്ന കളിപ്പാട്ടത്തിന്റെ വിതരണം എജന്‍സി നിരോധിച്ചിരുന്നു. ഈ കളിപ്പാട്ടം ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നും അത് വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു എജന്‍സിയുടെ നടപടി. ഇതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റൊരു സ്മാര്‍ട് ഉപകരണം കൂടി ജര്‍മ്മനി നിരോധിച്ചിരിക്കുന്നത്.