നിങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടുണ്ടോ എന്നറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. അതിനൊട്ട് അധികച്ചെലവുമില്ല. മോസില്ലയുടെ ഫയര്‍ഫോക്‌സ് ആണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള ടൂള്‍ പുറത്തിറക്കിയത്. നിങ്ങളുടെ പാസ് വേഡുകള്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാനും ഇനി അങ്ങനെ സംഭവിച്ചാല്‍ അക്കാര്യം നിങ്ങള്‍ക്ക് അറിയിപ്പായി ലഭിക്കാനും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.
ഈ വര്‍ഷം ആദ്യം മോസിലല്ല പ്രഖ്യാപിച്ച 'ഫയര്‍ ഫോക്‌സ് മോണിറ്റര്‍' എന്ന സംവിധാനത്തെ കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്. നിങ്ങളുടെ ഓണ്‍ലൈന്‍ സുരക്ഷ പരിശോധിക്കുന്നതിനായി ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. അതിനായി നിങ്ങളുടെ ഇമെയില്‍ ഐഡി നല്‍കിയാല്‍ മാത്രം മതി. നിങ്ങളുടെ ഏതെങ്കിലും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അതുവഴി അറിയാം.ഈ സൈറ്റില്‍ സൈന്‍ അപ്പ് ചെയ്താല്‍ ഭാവിയില്‍ വരാനിടയുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ അറിയാനും സാധിക്കും.
മോസില്ല ഫയര്‍ഫോക്‌സ് ഒരുക്കുന്ന സൗകര്യമാണെങ്കിലും ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോക്താക്കള്‍ക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്
Have I Been Pwned എന്ന വെബ്‌സൈറ്റിനെ മാതൃകയാക്കി മോസില്ല സ്വന്തമായൊരുക്കുന്ന സംവിധാനമാണ് ഫയര്‍ഫോക്‌സ് മോണിറ്റര്‍. വലിയ വെബ്‌സൈറ്റുകളെല്ലാം ഹാക്ക് ചെയ്യപ്പെടുമ്പോള്‍ അതിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയോ അവ ഡാര്‍ക്ക് നെറ്റില്‍ വില്‍പ്പനയ്‌ക്കെത്തുകയോ ചെയ്യാറുണ്ട്. ഈ വലിയ ഡേറ്റാ ബേസില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് Have I Been Pwned ചെയ്യുന്നത്. വ്യത്യസ്തങ്ങളായ നൂറ് കണക്കിന് ഹാക്കിങ് ശ്രമങ്ങളില്‍ ചോര്‍ത്തപ്പെട്ട ഇമെയിലുകളും പാസ് വേഡുകളും ഉണ്ടാവും.
ഫയര്‍ഫോക്‌സ് മോണിറ്ററില്‍ നിങ്ങള്‍ നിങ്ങളുടെ ഇമെയില്‍ നല്‍കുമ്പോള്‍, മോസില്ല നിങ്ങളുടെ ഇമെയില്‍ എന്‍കോഡ് ചെയ്യുകയും തങ്ങളുടെ കയ്യിലുള്ള ഡേറ്റാബേസുമായി ഒത്തുനോക്കുകയും ചെയ്യുന്നു. അതില്‍ നിങ്ങളുടെ ഇമെയില്‍ വിവരങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണര്‍ത്ഥം, ഉടനെ അക്കാര്യം ഫയര്‍ഫോക്‌സ് നിങ്ങളെ അറിയിക്കും.
അതേസമയം ഇത് ശാശ്വതമായൊരു മാര്‍ഗമല്ല. എല്ലാ സൈബര്‍ ആക്രമണങ്ങളും വിവരങ്ങള്‍ ചോര്‍ത്തി വില്‍പ്പനയ്ക്ക് വെക്കണമെന്നില്ല. അതുകൊണ്ട് ഫയര്‍ഫോക്‌സ് മോണിറ്റര്‍ വഴി പരിശോധിക്കുമ്പോള്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണെന്ന് കണ്ടാലും അത് നിങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല.
എന്ത് ശ്രദ്ധിക്കാം
നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍ നിങ്ങളുടെ പാസ് വേഡുകള്‍ മാറ്റുക. ഒന്നിലധികം അക്കൗണ്ടുകളില്‍ ഒരേ പാസ് വേഡ് ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ എല്ലാ അക്കൗണ്ടുകളുടേയും പാസ് വേഡ് മാറ്റേണ്ടതാണ്.
ടൂ ഫാക്ടര്‍ ഒതന്റിഫിക്കേഷന്‍ സൗകര്യം ലഭ്യമാണെങ്കില്‍ തീര്‍ച്ചയായും അത് ഉപയോഗിക്കുക. പാസ് വേഡുകള്‍ക്കൊപ്പം മറ്റൊരു വെരിഫിക്കേഷന്‍ നടപടികൂടി സ്വീകരിക്കുന്ന രീതിയാണത്. അത് ഒടിപി വഴിയോ ഇമെയില്‍ വെരിഫിക്കേഷനോ ആവാം.