തീവ്രവാദ ഉള്ളടക്കങ്ങളുടെ പ്രചാരണം തടയുന്നതിനായി ഗൂഗിള്‍ അതിന്റെ സാങ്കേതിക വിദ്യയില്‍ ഭേദഗതി നടത്തണമെന്ന ആവശ്യവുമായി മുന്‍ മെട്രോപോളിറ്റന്‍ പോലീസ് മേധാവി മാര്‍ക്ക് റോവ്‌ലി.
ജയില്‍ ശിക്ഷ അനുഭവിച്ച തീവ്രവാദ പ്രാസംഗികന്‍ എങ്ങിനെയാണ് 'ബ്രീട്ടീഷ് മുസ്ലീം സ്‌പോക്‌സ്മാന്‍ ' (British Muslim Spokesman) എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ആദ്യം വരുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു. ഗൂഗിള്‍ സെര്‍ച്ചിന്റെ അല്‍ഗരിതങ്ങള്‍ കമ്പനിക്ക് ലാഭം കൂട്ടുന്നതിനായി വായനക്കാരെ തീവ്രവാദ ഉള്ളടക്കങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'ബ്രീട്ടീഷ് മുസ്ലീം സ്‌പോക്‌സ്മാന്‍' എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ നല്‍കി സംസാരിച്ചതിന്റെ പേരില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച അഞ്‌ജേം ചൗധരിയെ കുറിച്ചുള്ള വിക്കിപീഡിയ ലിങ്ക് ആണ് ആദ്യം കാണുന്നത്. ഇത് നാണക്കേടാണ് എന്ന് മാര്‍ക്ക് റോവ്‌ലി പറഞ്ഞു.
പരസ്യവരുമാനത്തിന് വേണ്ടിയാണ് വിവാദപരമായ ഉള്ളടക്കങ്ങളിലേക്ക് ആളുകളെ എത്തിക്കും വിധം അല്‍ഗൊരിതങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. കാര്യം ചെയ്യാന്‍ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളെല്ലാം നടത്തിവരുന്ന ശ്രമങ്ങള്‍ അപര്യാപ്തമാണ്.
ഗൂഗിളില്‍ ഇസ്ലാമിക തീവ്രവാദം സംബന്ധിച്ച് മാത്രമല്ല ഈ പ്രശ്‌നമുള്ളത്. യുകെ ക്രിസ്റ്റ്യന്‍ സ്‌പോക്‌സ് മാന്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ റിസല്‍ട്ടില്‍ ആദ്യം വരുന്നത് ക്രിസ്ത്യന്‍ വോയ്‌സ് എന്ന സംഘടനയെ കുറിച്ചുള്ള ഉള്ളടക്കമാണ്. ബ്രിട്ടീഷ് നിയമം ബൈബിള്‍ അധിഷ്ടിതമായിരിക്കണം എന്ന് വാദിക്കുന്നവരാണ് ക്രിസ്ത്യന്‍ വോയ്‌സ്. ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ ലൈംഗികത, നിര്‍ബന്ധിത ലൈംഗിക വിദ്യാഭ്യാസം എന്നിവയ്‌ക്കെതിരാണ് ഈ സംഘടന.
വിദ്വേഷ്വവും, തെറ്റിദ്ധാരണയും പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ ഫേയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ലോകത്ത് പലഭാഗങ്ങളില്‍ വിചാരണ ചെയ്യപ്പെട്ടിരുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ തടയാനുള്ള ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേകം കണ്ടന്റ് മോഡറേറ്റര്‍മാരെ നിയമിച്ചാണ് കമ്പനികള്‍ ഉള്ളക്കങ്ങള്‍ നിരീക്ഷിച്ചുവരുന്നത്.
കടപ്പാട്: ബിബിസി
Content Highlights: extremist content ex-police chief raise concern over google algorithm