ഛിന്നഗ്രഹമായ 'ബെന്നു'വില്‍ ജലസാന്നിധ്യമുള്ളതിന്റെ തെളിവ് കണ്ടെത്തി നാസ ഗവേഷകര്‍. ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനും അവിടെ നിന്ന് സാമ്പിള്‍ ശേഖരിച്ച് തിരിച്ചു വരുന്നതിനും വേണ്ടിയുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓസിരിസ്-റെക്‌സ് ബഹിരാകാശ പേടകത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇങ്ങനെ ഒരു കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
150 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ വന്നിടിക്കാന്‍ സാധ്യതയുള്ള ബെന്നു എന്ന ഛിന്നഗ്രത്തില്‍ ജല സാന്നിധ്യമുണ്ടാവാനിടയുണ്ടെന്ന് ഗവേഷകര്‍ നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. ഈ ചിഹ്നഗ്രഹത്തില്‍ നിന്നും ആവശ്യമായ സാമ്പിളുകളും മറ്റ് വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഓസിരിസ്-റെക്‌സ്. അടുത്തിടെയാണ് ഓസിരിസ്-റെക്‌സ് ബെന്നുവിന്റെ സമീപത്തെത്തിയത്.
ബെന്നുവിന്റെ 19 കിമി പരിധിയില്‍ വെച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബെന്നുവില്‍ ഓക്‌സിജന്‍ കണികയുടെയും ഹൈഡ്രജന്‍ കണികയുടെയും സമ്മിശ്ര രൂപമായ ഹൈഡ്രോക്‌സിലിന്റെ സാന്നിധ്യമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. നിലവില്‍ ദ്രാവകരൂപത്തിലുള്ള ജലം ബെന്നുവിലുണ്ടാവാന്‍ സാധ്യതയില്ല. കാരണം ബെന്നുവിന്റെ ഇപ്പോഴുള്ള വലിപ്പമാണ്. എന്നാല്‍ ആദ്യകാലത്ത് ബെന്നു ഇപ്പോഴുള്ളതിനേക്കാള്‍ വലിപ്പമുണ്ടായിരുന്നപ്പോള്‍ ദ്രാവക ജലം അതില്‍ ഉണ്ടായിരുന്നിരിക്കാം എന്നാണ് ഗവേഷകരുടെ അനുമാനം.
ഈ തെളിവുകള്‍ ബെന്നു പോലുള്ള ഛിന്നഗ്രഹങ്ങളുടെ ഉല്‍പ്പത്തിയെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് വെളിച്ചമേകുന്നതാണ്. ജലാംശമുള്ള ധാതുക്കള്‍ ഉണ്ടെന്ന കണ്ടെത്തല്‍ ബെന്നു സൗരയൂഥ രൂപീകരണകാലത്തെ അവശിഷ്ട രൂപങ്ങളിലൊന്നാണെന്ന നിരീക്ഷണത്തിലേക്കും ഗവേഷകരെ നയിക്കുന്നു.
2016 ല്‍ വിക്ഷേപിച്ച ഓസിരിസ് റെക്‌സ് പേടകത്തിന് ബെന്നു, കാര്‍ബോണിസ്യൂസ് ഛിന്നഗ്രഹങ്ങളിലെത്തി അവയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് 2023 ല്‍ ഭൂമിയില്‍ തിരികെയെത്തുക എന്ന ഏഴ് വര്‍ഷം നീണ്ട ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ഭൂമിയില്‍ വന്നിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബെന്നു ചിഹ്നഗ്രഹത്തെ തകര്‍ക്കുന്ന കാര്യം ഗവേഷകര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ ഒരു ശ്രമം ഭൂമിയ്ക്ക് ഏതെങ്കിലും വിധത്തില്‍ ഭീഷണിയാകുമോ എന്ന് കണ്ടെത്താനും ഒസിരിസ് റെക്‌സ് പദ്ധതിയിലൂടെ സാധിച്ചേക്കും.
Content Highlights: Evidence of water discovered on asteroid Bennu OSIRIS-REx spacecraft