ഡോക്ടറാവാനുള്ള യോഗ്യതാ പരീക്ഷ പാസായി ചൈനീസ് റോബോട്ട്


പരീക്ഷാ സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും സിഗ്നലും ഇല്ലാത്ത മുറിയില്‍ വെച്ചാണ് റോബോട്ട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

ബെയ്ജിങ്: ചൈനയുടെ നാഷണല്‍ ഡോക്ടര്‍ ക്വാളിഫിക്കേഷന്‍ ടെസ്റ്റില്‍ ഉന്നത വിജയം നേടി ചൈനീസ് നിര്‍മ്മിത റോബോട്ട്. മുന്‍നിര ചൈനീസ് സാങ്കേതിക സ്ഥാപനമായ ഐഫ്‌ലൈടെകും സിംഗ്വ സര്‍വ്വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച റോബോട്ട്, പരീക്ഷയില്‍ 456 മാര്‍ക്കാണ് നേടിയത്. പരീക്ഷയിലെ പാസ്മാര്‍ക്ക് 360 ആണ്.

ഈ വര്‍ഷം ആഗസ്റ്റില്‍ നടന്ന പരീക്ഷയില്‍ 530,000 ആളുകളാണ് പരീക്ഷാര്‍ത്ഥികളായുണ്ടായിരുന്നത്.

മനുഷ്യ പരീക്ഷാര്‍ത്ഥികള്‍ക്ക് നല്‍കിയ അതേ ചോദ്യങ്ങള്‍ തന്നെയാണ് റബോട്ടിനും നല്‍കിയത്. പരീക്ഷാ സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും സിഗ്നലും ഇല്ലാത്ത മുറിയില്‍ വെച്ചാണ് റോബോട്ട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

കൃത്രിമത്വം കാണിക്കുന്നത് തടയുന്നതിനായി ഈ രംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയരുന്നുവെന്ന് ഐഫ്‌ലൈടെക് പറഞ്ഞു.

ഒരു ബിരുദം നേടുന്നതിന് ആവശ്യമായ കാര്യങ്ങള്‍ സ്വയം പഠിക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുമുള്ള ശേഷി റോബോട്ട് ഡോക്ടര്‍ക്കുണ്ടെന്ന് വ്യക്തമാക്കുകയാണ് ഈ പരീക്ഷണം. ഭാവിയില്‍ മനുഷ്യ ഡോക്ടര്‍മാര്‍ക്ക് സഹായികളായി പ്രവര്‍ത്തിക്കാനും വീടുകളിലെ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാനും ഈ റോബോട്ട് ഡോക്ടറെ പ്രയോജനപ്പെടുത്താവുന്നതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram