ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന പല സാങ്കേതിക വിദ്യകളും ഒരു ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ നാട്ടുകാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തവയായിരുന്നു. നാളെ വരാനിരിക്കുന്നവയുടെ അവസ്ഥയും അത് തന്നെയാകുമെന്നതില്‍ സംശയമേ വേണ്ട. ഇന്നു കാണുന്നവയെക്കെല്ലാം അടിമുടി മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന സാങ്കേതിക ലോകമാണ് 5ജി സാങ്കേതിക വിദ്യയുടെ ചുവടു പിടിച്ച് പിറവികൊള്ളാന്‍ പോവുന്നത്.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനികളും ഉപകരണ നിര്‍മാതാക്കളും 5ജി സാങ്കേതിക വിദ്യകള്‍ക്ക് പിറകെയാണ്. കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടനില്‍ വോഡഫോണ്‍ 5ജി സേവനത്തിന്റെ പരീക്ഷണം നടത്തിയത്. ടെക് മഹീന്ദ്രയും റകുടെന്‍ മൊബൈല്‍ നെറ്റ് വര്‍ക്കും ചേര്‍ന്ന് ബെംഗളുരുവില്‍ 5ജി നെറ്റ് വര്‍ക്ക് ലാബ് സ്ഥാപിക്കാനൊരുങ്ങുകയാണ്. അതേസമയം ഡെല്‍ഹി നഗരത്തില്‍ 5ജി സേവനം പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് സാംസങ്.
2020 ഓടെ ലോകത്ത് ആദ്യമായി 5ജി സാങ്കേതിക സേവനത്തിന് ആരംഭം കുറിക്കുമെന്നാണ് കരുതപ്പെട്ടുന്നത്. ആദ്യം അമേരിക്കയിലായിരിക്കുമെന്നും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് പൂര്‍ണാടിസ്ഥാനത്തില്‍ ലോകവ്യാപകമായി നിലവില്‍ വരുമെന്നും സാങ്കേതിക ലോകം കണക്കുകൂട്ടുന്നു. 2019 ഓടെ 5ജി സാങ്കേതിക വിദ്യ പിന്തുണയ്ക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിസ്മയകരങ്ങളായ കാഴ്ചകള്‍ക്കായിരിക്കും 5ജി വഴിയൊരുക്കുക. സെപ്റ്റംബറില്‍ വോഡഫോണ്‍ ബ്രിട്ടനിലെ ആദ്യ ഹോളോ ഗ്രാഫിക് ഫോണ്‍ കോള്‍ അവതരിപ്പിക്കുകയുണ്ടായി. ഇംഗ്ലണ്ട്, മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റനായ സ്റ്റെഫ് ഹൂട്ടനെ ഹോളോഗ്രാം ദൃശ്യമായി വേദിയില്‍ അവതരിപ്പിക്കുന്നതും അവരുമായി തത്സമയം ആശയവിനിമയം നടത്തുന്നതും എങ്ങിനെയെന്ന് വോഡഫോണ്‍ കാണികളെ പരിചയപ്പെടുത്തി. 5ജി സ്‌പെക്ട്രം പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയത്.
വീഡിയോ കോളില്‍ നിന്നും മാറി ആളിന്റെ രൂപവും ഭാവവും ചലനങ്ങളും യഥാര്‍ത്ഥമെന്നോണം ദൃശ്യമാക്കുന്ന ഹോളോ ഗ്രാഫിക് ഫോണ്‍ കോള്‍ വരാനിരിക്കുന്ന അതിവേഗ ഇന്റര്‍നെറ്റ് ഒരുക്കുന്ന വിസ്മയങ്ങളില്‍ ഒന്നുമാത്രമാണ്.
ഹോളോ ഗ്രാം മാത്രമല്ല, 4ജി നെറ്റ്‌വര്‍ക്കില്‍ ഒരു മിനിറ്റെടുത്ത് ഡൗണ്‍ലോഡ് ചെയ്യുന്ന ഒരുവീടിയോ ഒരു സെക്കന്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും. 4ജിയേക്കാള്‍ നൂറിരട്ടി വേഗത 5ജിയ്ക്കുണ്ടാവും.
ഇതുകൂടാതെ സ്മാര്‍ട് സ്പീക്കര്‍, ടിവി, റഫ്രിജറേറ്റര്‍, ലൈറ്റ്, ഫാന്‍, ഡോര്‍ തുടങ്ങി പരസ്പര ബന്ധിതമായ ഉപകരണങ്ങളുടെ (ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്-ഐഓടി) ഉപയോഗത്തിലും പുതിയ വഴിത്തിരിവാകും 5ജി സാങ്കേതിക വിദ്യ.
കൂടാതെ ഡ്രൈവറില്ലാ കാറുകള്‍, ഓട്ടോമാറ്റിക് ഡ്രോണ്‍ ഡെലിവറി, ഡ്രോണ്‍ ഗതാഗതം തുടങ്ങിയവയും കാത്തിരിക്കുന്നത് ഇന്ന് നിലവിലുള്ളതിനേക്കാള്‍ വേഗമേറിയ വിവരവിനിമയ ശൃംഖലയെയാണ്.