ഫ്രാങ്ക്ഫര്‍ട്ട്; ആദ്യ 5 ജി ഫോണുകള്‍ 2019-ഓടുകൂടി വിപണിയിലിറങ്ങുമെന്ന് പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ചിപ്പ് നിര്‍മ്മാണ കമ്പനിയായ ക്യുവല്‍കോമിന്റെ തലവന്‍ സ്റ്റീവന്‍ മൊള്ളെന്‍കോഫ്. ഏഷ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ആയിരിക്കും ആദ്യം 5 ജി എത്തുകയെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
വ്യവസായ- ഉപഭോക്തൃ മേഖലയില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യം പുതിയ നെറ്റ്വര്‍ക്കിലേക്ക് മാറാന്‍ ലോകത്തെ നിര്‍ബന്ധിതമാക്കും. 2019 ഓടെ ഉപകരണങ്ങളില്‍ 5ജി നെറ്റ് വര്‍ക്കുകള്‍ കാണാനാവും. ഒരു വര്‍ഷം മുമ്പാണ് ഈ ചോദ്യം ചോദിച്ചിരുന്നതെങ്കില്‍ താന്‍ 2020 എന്ന് പറഞ്ഞേനെയെന്നും മൊള്ളെന്‍ കോഫ് അഭിമുഖത്തില്‍ പറഞ്ഞു.
ഉപകരണ നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയ്ക്ക് വ്യാവസായികാടിസ്ഥാനത്തിലുള്ള 5 ജി നെറ്റ്വര്‍ക്ക് അനിവാര്യമാണ്. ഈ മാറ്റം പുതിയ വ്യവസായ ശൈലികള്‍ക്കും പുതിയ മൊബൈല്‍ സേവനങ്ങള്‍ക്കും തുടക്കമിടും.
നേരത്തെ 2 ജി, 3 ജി, 4 ജി നെറ്റ്വര്ക്കുകളിലേക്ക് മാറിയപോലെ മൊബൈല്‍ ഫോണുകളെയും കമ്പ്യൂട്ടറുകളെയും അതിവേഗം ബന്ധിപ്പിക്കുക മാത്രമല്ല, 5 ജി വരുന്നതോടെ ഡാറ്റയുടെ ഉപയോഗം യന്ത്രങ്ങള്‍, വാഹനങ്ങള്‍, ചരക്ക് നീക്കം കൃഷി തുടങ്ങി നിരവധി മേഖലകളിലേയ്ക്കും വ്യാപിപ്പിക്കും.
ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളിലെ ടെലികോം സേവനദാതാക്കള്‍ ഇതിനോടകം തന്നെ 5 ജി സേവനങ്ങളിലേക്ക് മാറുന്നതിനുള്ള തയ്യാറെടുപ്പുകളിലാണെന്നും ഈ രാജ്യങ്ങളില്‍ തന്നെയാവും ആദ്യം 5 ജി ഉപയോഗത്തില്‍ വരികയെന്നും മൊള്ളെന്‍ കോഫ് പറയുന്നു.