4ജി-യിൽ നിന്ന് 5ജി-യിലേക്കുള്ള ചുവടുമാറ്റം വിദൂരമല്ലാത്തതിനാൽ നൂതനമായ ഫീച്ചറുകളുമായി 5ജി സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സ്മാർട്ട്‌ഫോൺ നിർമാതാക്കൾ. ചൈനീസ് മൾട്ടി നാഷണൽ കമ്പനിയായ ‘ഹുവാവേ’ അടുത്ത വർഷം കമ്പനിയുടെ ആദ്യ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 2019 മൂന്നാം പാദത്തിലാണ് ഫോൺ പുറത്തിറക്കാൻ ഹുവാവേ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഈവർഷം പകുതിയോടെ സമ്പൂർണ 5ജി സൊല്യൂഷൻ അവതരിപ്പിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
എതിരാളികളായ വിവോയും അടുത്ത വർഷത്തോടെ 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കും. ഷവോമി, എച്ച്.എം.ഡി. ഗ്ലോബൽ (നോക്കിയ), സോണി, എൽ.ജി. തുടങ്ങിയ കമ്പനികൾ 5ജി ഫോണുകൾ അവതരിപ്പിക്കാൻ പ്രമുഖ ടെലികോം ഘടക നിർമാതാക്കളായ ക്വാൽകോമുമായി ധാരണയിലെത്തിയിട്ടുണ്ട്.
2019-ലെ ആദ്യഘട്ടത്തിൽ വിൽപ്പന കുറവായിരിക്കുമെങ്കിലും 5ജി നെറ്റ്‌വർക്കിലേക്ക് കൂടുതൽ രാജ്യങ്ങൾ മാറിത്തുടങ്ങുന്നതോടെ വിൽപ്പന വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. 5ജി ചിപ്പുകൾക്ക് വില കൂടുതലായിരിക്കുമെന്നതിനാൽ തുടക്കത്തിൽ ഡിവൈസുകളുടെ വിലയും കൂടിയേക്കും.
3ജി ടെലികോം സേവനത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും ‘റിലയൻസ് ജിയോ’യുടെ വരവോടെ 4ജി വിപണി ചുരുങ്ങിയ കാലംകൊണ്ട് വൻതോതിൽ ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ 4ജി ഹാൻഡ്സെറ്റുകളുടെ വിൽപ്പനയും വൻതോതിൽ ഉയർന്നു.
ഇന്ത്യയിൽ ഇതുവരെ 5ജി സ്പെക്‌ട്രത്തിന്റെ ലേലം ആരംഭിച്ചിട്ടില്ല. അതിനാൽ, ഇന്ത്യയിൽ 5ജി സേവനം രണ്ടുവർഷമെങ്കിലും അകലെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.