വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ താലിബാനെ അനുവദിക്കില്ല; അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു


1 min read
Read later
Print
Share

താലിബാന്റെ ഔദ്യോഗിക അക്കൗണ്ടായി നിലകൊള്ളുന്ന അക്കൗണ്ടുകള്‍ വാട്‌സാപ്പ് നിരോധിക്കും.

Photo: AP

കാലിഫോര്‍ണിയ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാന്‍ ഉപയോഗിച്ചുവരുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവെന്ന് വാട്‌സാപ്പ്. അമേരിക്ക നിരോധനമേര്‍പ്പെടുത്തിയ തീവ്രവാദ സംഘടനയാണ് താലിബാന്‍. വാട്‌സാപ്പിന്റെ ഡേയ്ഞ്ചറസ് ഓര്‍ഗനൈസേഷന്‍ പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനം.

താലിബാന്‍ അവരുടെ ഭരണാവശ്യങ്ങള്‍ക്കായി തങ്ങളുടെ സേവനം ഉപയോഗിക്കുന്നത് വിലക്കാനാണ് വാട്‌സാപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അക്രമവും കൊള്ളയും സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനായി താലിബാന്‍ സ്ഥാപിച്ച ഒരു വാട്ട്സ്ആപ്പ് ഹോട്ട്ലൈന്‍ ഫേസ്ബുക്ക് നീക്കം ചെയ്തു.

താലിബാന്റെ ഔദ്യോഗിക അക്കൗണ്ടായി നിലകൊള്ളുന്ന അക്കൗണ്ടുകള്‍ വാട്‌സാപ്പ് നിരോധിക്കും. താലിബാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതോ പിന്തുണയ്ക്കുന്നതോ അവരെ പ്രതിനിധീകരിക്കുന്നതോ ആയ അക്കൗണ്ടുകള്‍ ഇതില്‍ പെടും.

അഫ്ഗാനിസ്ഥാനിലെ ജനജീവിതം തന്നെ ദുസ്സഹമാക്കുകയും രാജ്യത്ത് യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് താലിബാന്‍ രാജ്യത്തിന്റെ ഭരണനിയന്ത്രണം ഏറ്റെടുത്തത്. താലിബാന്റെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമ സേവനങ്ങള്‍ക്ക് മേല്‍ ആഗോള തലത്തില്‍ സമ്മര്‍ദമുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനിലെ ദരി, പഷ്തു ഭാഷകള്‍ വശമുള്ള വിദഗ്ദരുള്‍പ്പെടുന്ന സംഘത്തെയാണ് താലിബാന്‍ അക്കൗണ്ടുകള്‍ പരിശോധിച്ച് കണ്ടെത്തുന്നതിനായി ഫെയ്‌സ്ബുക്ക് നിയോഗിച്ചിരിക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.

അതേസമയം ഇത് അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നടപടിയാണ് എന്ന് താലിബാന്‍ വക്താവ് വിമര്‍ശിച്ചു. ഒരു വാര്‍ത്താ സമ്മേളനത്തിനിടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് പ്രതിനിധി ഫെയ്‌സ്ബുക്കിനെ വിമര്‍ശിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് അവകാശപ്പെടുന്നവര്‍ എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നില്ല എന്ന് താലിബാന്‍ വക്താവ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram