Photo: Gettyimage
ചരിത്രത്തിലാദ്യമായി സാമൂഹിക മാധ്യമ വെബ്‌സൈറ്റായ ഫേസ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടായിരിക്കുന്നു. ഇക്കാലമത്രയും സംഭവിക്കാതിരുന്ന ആ പ്രതിഭാസം ഇന്നുണ്ടായെങ്കില്‍ അതിന് തക്കതായ കാരണം ഉണ്ടെന്ന് വേണം മനസിലാക്കാന്‍.
ഫേസ്ബുക്കിന്റെ ഉടമസ്ഥരായ മെറ്റയും സ്‌നാപ്ചാറ്റുമെല്ലാം അത് മനസിലാക്കുന്നുണ്ട്. സാമൂഹിക മാധ്യമ രംഗത്ത് മാറ്റം സംഭവിക്കുന്നുണ്ട്. ട്രെന്‍ഡ് മാറുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ഭാവി ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പ് ആയ ടിക്ടോക്കിനൊപ്പമായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ ഇടിവിന് കാരണങ്ങളിലൊന്നായി ഫേസ്ബുക്കിന്റെ ഉടമസ്ഥരായ മെറ്റ പ്ലാറ്റ്‌ഫോംസ് എടുത്തു പറയുന്നത് ടിക്ടോക്കിനേയാണ്. ടിക്ടോക്കും സമാനമായ സോഷ്യല്‍ മീഡിയാ സേവനങ്ങളും ഉപഭോക്താക്കളെ വലിയ രീതിയില്‍ ആകര്‍ഷിക്കുന്നു.
സ്‌നാപ്ചാറ്റിലെ സ്റ്റോറീസ് കാണാന്‍ അധികമാരും സമയം ചിലവഴിക്കുന്നില്ലെന്നും പകരം ടിക്ടോക്കിലെ ഒരു ഫീച്ചറായ സ്‌പോട്ട് ലൈറ്റില്‍ വീഡിയോ കാണുന്നതിനായി സ്‌നാപ്ചാറ്റ് ഉപഭോക്താക്കള്‍ പോവുന്നുവെന്നും പറഞ്ഞത് സ്‌നാപ് സി.ഇ.ഒ. ഇവാന്‍ സ്പീഗല്‍ തന്നെയാണ്.
2019 അവസാനത്തോടെ തുടങ്ങുകയും 2020 പൂര്‍ണരൂപം പ്രാപിക്കുകയും ചെയ്ത കോവിഡ് പകര്‍ച്ചാ വ്യാധിക്കാലത്ത് സാമൂഹിക മാധ്യമ രംഗത്തുണ്ടായ വലിയ മാറ്റമാണ് ടിക്ടോക്ക് പോലുള്ള സേവനങ്ങളിലേക്കുള്ള ആളുകളുടെ കുടിയേറ്റം. സ്‌നാപ്ചാറ്റ് പോലുള്ള സേവനങ്ങളില്‍നിന്ന് അന്ന് പോയ പ്രതിദിന ഉപഭോക്താക്കള്‍ ഭൂരിഭാഗവും പിന്നീട് തിരികെയെത്തിയില്ല. ഫേസ്ബുക്കും നേരിട്ടത് ഇതേ പ്രതിഭാസമാണ്.
ടിക്ടോക്കിന്റെ വളര്‍ച്ച പക്ഷെ, മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. മുമ്പായിരുന്നെങ്കില്‍ ആ സേവനത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ ചിലപ്പോള്‍ അദ്ദേഹം നടത്തിയേനെ. അതിന് ശ്രമിക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് റീല്‍സ് എന്ന പേരില്‍ ഹ്രസ്വ വീഡിയോ സേവനത്തിന് ഫേസ്ബുക്ക് തുടക്കമിടുന്നത്. ടിക്ടോക്കിന്റെ സാന്നിധ്യമില്ലാത്ത ഇന്ത്യ പോലുള്ള ഇടങ്ങളിലല്ലാതെ റീല്‍സിന് ടിക്ടോക്കിനെ മറികടക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയില്‍ പോലും റീല്‍സിനും ഫേസ്ബുക്കിനും ഇപ്പോഴും നേട്ടമായിരിക്കുന്നത് ടിക്ടോക്കിന്റെ അഭാവമാണ്.
'സ്വന്തം സമയം ചെലവഴിക്കാന്‍ ജനങ്ങള്‍ക്ക് മുന്നില്‍ നിരവധി വഴികളുണ്ട്. ടിക് ടോക്ക് പോലുള്ള ആപ്പുകള്‍ അതിവേഗം വളരുകയാണ്.' കമ്പനിയുടെ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ടുള്ള യോഗത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത് ഇങ്ങനെയാണ്.
ടിക്ടോക്കില്‍ ആളുകള്‍ സമയം പണവും ചെലവഴിക്കുന്നത് കൂടിക്കൊണ്ടിരിക്കുകയാണ്. 2020 ഏപ്രിലില്‍ തന്നെ ടിക്ടോക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 200 കോടി മറികടന്നിരുന്നു. 2021 ജൂലായില്‍ അത് 300 കോടി കടന്നു. ഈ നേട്ടം കൈവരിക്കുന്ന ഫേസ്ബുക്കിന്റേതല്ലാത്ത ആദ്യ ആപ്ലിക്കേഷനായി ടിക് ടോക്ക് മാറി. ഇന്ത്യയില്‍ നേരിട്ട നിരോധനവും ചൈനയുമായി ബന്ധപ്പെട്ട രാജ്യ സുരക്ഷാ ആരോപണങ്ങളും 2020 ല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ചെറിയ ഇടിവുണ്ടാക്കിയതല്ലാതെ തുടര്‍ന്നിങ്ങോട്ട് കമ്പനിയെ ഒട്ടും തന്നെ അവ ബാധിക്കുകയുണ്ടായില്ല എന്നുമാത്രമല്ല അമേരിക്കന്‍, യൂറോപ്യന്‍ വിപണികളിലുള്‍പ്പടെ ആഗോളതലത്തില്‍ നേട്ടം കൈവരിക്കാനും ടിക് ടോക്കിന് സാധിച്ചു.
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 2020 ജൂണിലാണ് ഇന്ത്യ ടിക്ടോക്ക് ഉള്‍പ്പടെയുള്ള നിരവധി ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ ടിക്ടോക്കില്‍ ചെലവഴിച്ചത് ഏകദേശം 2300 കോടി ഡോളറാണ്. ടിക്ടോക്കിന്റെ ഐ.ഓ.എസ്, ചൈനീസ് പതിപ്പുകള്‍ ചേര്‍ത്തുള്ള കണക്കാണിത്. 2020-ല്‍ 1300 കോടി ഡോളറായിരുന്നു ഇത്. അതായത് 77 ശതമാനം വളര്‍ച്ചയുണ്ടായിരിക്കുന്നു.
ചൈനയാണ് ടിക്ടോക്കിന്റെ ഏറ്റവും വലിയ വിപണി. ചൈനയ്ക്ക് പ്രത്യേകമായി ഡോയിന്‍ (Douyin) എന്ന പേരില്‍ ഒരു പതിപ്പാണ് ടിക്ടോക്കിനുള്ളത്. യു.എസ്. ആണ് ടിക്ടോക്കിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണി.
Content Highlights: Meta, Snapchat, Tiktok
Courtesy: IANS