ലണ്ടന്‍: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബെര്‍ഗിനും ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സെയ്ക്കും ഭീഷണിയുമായി ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വീഡിയോ. ഐഎസിന്റെ ഫെയ്‌സ്ബുക്ക്-ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് പ്രതികാര നടപടി സ്വീകരിക്കുമെന്നാണ് ഭീഷണി.
സക്കര്‍ബെര്‍ഗിന്റെയും ജാക്ക് ഡോര്‍സെയുടെയുടെയും വെടിയുണ്ട തറച്ച ചിത്രങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 'സണ്‍സ് കാലിഫേറ്റ് ആര്‍മി'യുടെ പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ഫെയ്‌സ്ബുക്കില്‍ പതിനായിരത്തിലധികം അക്കൗണ്ടുകളും നൂറ്റമ്പതിലേറെ ഗ്രൂപ്പുകളും തങ്ങള്‍ക്കുണ്ടെന്ന് വീഡിയോയില്‍ ഐഎസ് അവകാശപ്പെടുന്നുണ്ട്. അയ്യായിരത്തിലേറെ ട്വിറ്റര്‍ അക്കൗണ്ടുകളും തങ്ങളുടേതായിട്ടുണ്ടെന്ന് ഐഎസ് പറയുന്നു.
തങ്ങളോട് അനുഭാവമുള്ള അക്കൗണ്ടുകള്‍ നിര്‍ജീവമാക്കുമെന്ന് പ്രഖ്യാപിച്ച ഫെയ്‌സ്ബുക്ക്-ട്വിറ്റര്‍ മേധാവികള്‍ക്കും അവരുടെ സര്‍ക്കാറുകള്‍ക്കും വീഡിയോയില്‍ ഐഎസ് മുന്നറിയിപ്പും നല്‍കുന്നുണ്ട്.
അടുത്തിടെ സംശയാസ്പദമായ ഒരു ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സക്കര്‍ബെര്‍ഗും സമാനമായ നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
നിങ്ങള്‍ക്ക് ഇത്രയുമല്ലേ ചെയ്യാനാകൂ. ഒരു അക്കൗണ്ടിന് പകരം നിങ്ങളുടെ പത്ത് അക്കൗണ്ടുകള്‍ വീതം ഞങ്ങളെടുക്കും - വീഡിയോയില്‍ ഐഎസ് പറയുന്നു. ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇല്ലാതാക്കുമെന്നും സംഘടന വീഡിയോയില്‍ പറയുന്നു.
ഭീഷണിയുമായി വീഡിയോ പുറത്തുവന്നതിനെ കുറിച്ച് ഫെയ്‌സ്ബുക്ക് വാക്താവ് പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം ഭീകരതയെ എതിര്‍ക്കുന്ന കമ്പനി നയങ്ങളുമായി മുന്നോട്ടുപോകുമെന്ന് ട്വിറ്റര്‍ വാക്താവ് പറഞ്ഞു.