To advertise here, Contact Us



10 കോടി വര്‍ഷം പഴക്കമുള്ള തൂവലുള്ള ദിനോസര്‍ വാല്‍ കണ്ടെത്തി


2 min read
Read later
Print
Share

തൂവലോടു കൂടിയ വാൽ കണ്ടെടുക്കുന്നത് കുന്തിരിക്കത്തിൽ സൂക്ഷിക്കപ്പെട്ട നിലയിൽ. ലഭിച്ചത് ത്രിമാന രൂപത്തിലുള്ള ദിനോസര്‍ തൂവൽ. ശാസ്ത്രത്തിന്റെ അപൂർവ്വ കണ്ടെത്തലെന്ന് ശാസ്ത്രജ്ഞർ.

മ്യാന്‍മര്‍: പത്ത് കോടി വര്‍ഷം പഴക്കമുള്ള തൂവലുള്ള ദിനോസര്‍ വാല്‍ കുന്തിരിക്കപ്പശയില്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മ്യാന്‍മറില്‍നിന്നു കണ്ടെടുത്ത തൂവലുകളോടു കൂടിയുള്ള വാലിന്റെ അവശിഷ്ടം ദിനോസര്‍ പഠനശാഖയിലെ വലിയ നാഴികക്കല്ലാവും. മുകളില്‍ ഇളം തവിട്ടു നിറവും അടിയില്‍ വെള്ളത്തിറത്തിലുമാണ് തൂവല്‍ കാണപ്പെട്ടത്. ഇപ്പോഴത്തെ പക്ഷികളുടെ തൂവലിനു സമാനമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തൂവലുകളെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

To advertise here, Contact Us

കുന്തിരിക്കത്തില്‍ പൊതിഞ്ഞ നിലയിലുള്ള ദിനോസര്‍ തൂവലിന്റെ അവശിഷ്ടം ആദ്യമായാണ് തങ്ങള്‍ കണ്ടെത്തുന്നതെന്ന് കാനഡ മ്യൂസിയത്തിലെ ഗവേഷകന്‍ ഡോ. റയാന്‍ മെക്കല്ലര്‍ അറിയിച്ചു. അസ്ഥികള്‍ മുന്‍നിര്‍ത്തിയാണ് ദിനോസറുകളെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളും ഇതുവരെ നടന്നത്. അതു കൊണ്ട് തന്നെ തൂവലോടുകൂടിയ വാലിന്റെ വീണ്ടെടുപ്പ് ദിനോസറുകളെ കുറിച്ചുള്ള പഠനശാഖയിലേക്ക് വെളിച്ചം വീശുന്നു. മാത്രമല്ല ത്രിമാനരൂപത്തിൽ ലഭിച്ചതും അപൂർവ്വതയായി.

ഇതുവരെ ദിനോസര്‍ തൂവലുകളുടെ അവശിഷ്ടങ്ങളില്‍നിന്ന് ദ്വിമാന രൂപങ്ങള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ മ്യാന്‍മറില്‍നിന്ന് ലഭിച്ച കുന്തിരിക്കത്തില്‍ അകപ്പെട്ട ദിനോസര്‍ ഫോസില്‍ ത്രിമാന രൂപം തരുന്നുണ്ട്. മരക്കറയില്‍ അകപ്പെടുമ്പോള്‍ ഞെരുക്കം സംഭവിക്കുന്നതുകൊണ്ടാണ് പലപ്പോവും ഫോസിലുകളുടെ ത്രിമാന രൂപം ലഭിക്കാതെ പോവുന്നത്.

ലിഡ ഷിങ് എന്ന ചൈനീസ് ഗവേഷക വിദ്യാര്‍ഥിയാണ് മ്യാന്‍മറിലെ കുന്തിരിക്ക ചന്തയില്‍നിന്ന് ദിനോസര്‍ വാലിന്റെ ഫോസില്‍ കണ്ടെത്തുന്നത്. ഇത് വീണ്ടെടുക്കുമ്പോള്‍ ഒരു ആഭരണ നിര്‍മ്മാണത്തിനായി വ്യാപാരി കുന്തിരിക്കം പോളിഷ് ചെയ്ത് മിനുസപ്പെടുത്തിയിരുന്നു. ചെടിയുടെ അവശിഷ്ടമാണെന്നാണ് വ്യാപാരി കരുതിയത്. പിന്നീട് സുക്ഷ്മ നിരീക്ഷണത്തിലാണ് തൂവലാണെന്ന് തിരിച്ചറിഞ്ഞത്. ഖനിത്തൊഴിലാളിയുടെ വിവരശേഖരണത്തിലൂടെയും തുടര്‍ന്നുള്ള അന്വേഷണത്തില്‍നിന്നും കുന്തിരിക്കം ഖനനം ചെയ്തതിന്റെ ഉറവിടം കണ്ടെത്താന്‍ ലിഡയ്ക്കായിട്ടുണ്ട്.

സൂക്ഷ്മ നിരീക്ഷണത്തില്‍നിന്ന് പഴയകാല പക്ഷിയുടെ തൂവലല്ലെന്നും പകരം കുരുവിയുടെ വലിപ്പത്തിലുള്ള ദിനോസറിന്റെ തൂവലാണെന്നും കണ്ടെത്തിയതായി ഡോ. മെക്കല്ലര്‍ അറിയിച്ചു. അസ്ഥി, മാംസം. തൊലി, തൂവല്‍ എന്നിവയോടു കൂടിയ ദിനോസര്‍ വാല്‍ ലഭിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.

ദിനോസറിന്റെ രക്തത്തിന്റെ അവശേഷിപ്പാകാം കുന്തിരിക്കത്തില്‍നിന്ന് ലഭിച്ച ഇരുമ്പംശമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ദിനോസറിന്റെ മറ്റ് ഭാഗങ്ങള്‍ ഇതു പോലെ മരക്കറകളില്‍നിന്ന് ലഭിക്കുകയാണെങ്കില്‍ ഇതു പറക്കുന്ന ദിനോസര്‍ പക്ഷിയാണെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഡോ. മെക്കല്ലര്‍ പറഞ്ഞു,.

പ്രാണികളും മറ്റും അകപ്പെട്ട ആയിരക്കണക്കിന് കുന്തിരിക്കം മ്യാന്‍മറിലെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ ഖനനം ചെയ്ത് വിപണിയിലെത്തിക്കുന്നുണ്ട്. പലതും ആഭരണ നിര്‍മ്മാണ മേഖലയില്‍ എത്തുകയാണു പതിവ്.

1.4 ഇഞ്ച് വലിപ്പമുള്ള വാലാണ് ലഭിച്ചത്. കുഞ്ഞായിരിക്കെ തന്നെ ഈ ജീവി കൊല്ലപ്പെട്ടിരിക്കാമെന്നാണു നിഗമനം. ചില വിഭാഗം ദിനോസറുകള്‍ക്കു തൂവലുണ്ടെന്ന പഴയ നിഗമനങ്ങളെ പുതിയ തെളിവ് സാധൂകരിക്കുന്നു. മാംസാഹാരിയായ കുഞ്ഞുദിനോസറുകളില്‍(തെറോപോഡ്‌സ്)നിന്നാണ് ഇപ്പോഴത്തെ പക്ഷികളിലേക്കുള്ള പരിണാമമെന്നും ഇതു ശരിവെക്കുന്നു. 65 ലക്ഷത്തിനും 14.5 കോടി വര്‍ഷങ്ങള്‍ക്കും ഇടയില്‍ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ദിനോസറുകളുടെ ഒരു വിഭാഗത്തിന് ചിറകുകള്‍ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള തൂവലുകള്‍ മുമ്പും ലഭിച്ചിരുന്നെങ്കിലും അസ്ഥിയോടു കൂടിയ തൂവല്‍ ആദ്യമായാണ് ലഭിക്കുന്നത്.

ഓലമടല്‍ പോലെ അസ്ഥിയുടെ ഇരു ഭാഗത്തേക്കും തൂവലുകള്‍ വിരിഞ്ഞു നിന്നിരുന്നുവെന്നാണ് സി.ടി. സ്‌കാനിങ്ങില്‍ വ്യക്തമായത്. മുകള്‍ഭാഗത്ത് ഇരുണ്ട നിറത്തിലുള്ളതും താഴേക്ക് മങ്ങിയതുമായിരുന്നു. ഒരു 'സിപ്പി'ലുള്ളതുപോലെ മെടഞ്ഞു ചേര്‍ത്ത രീതിയിലാണ് പക്ഷികള്‍ക്ക് തൂവലുകള്‍ വളരുന്നത്. തൂവലുകള്‍ ഒതുക്കിവെക്കാനും വിടര്‍ത്താനും ഇതിലൂടെ സാധിക്കുന്നു. 10 കോടി വര്‍ഷം മുമ്പും ഇത് ഇങ്ങിനെ തന്നെയായിരുന്നു എന്നത് ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

ചിത്രങ്ങള്‍ക്കു കടപ്പാട്: ബി.ബി.സി./കറന്റ് ബയോളജി

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us