കാങ്കരുവിന്റെ അധോവായു ലോകത്തെ രക്ഷിക്കില്ല!


സ്വന്തം ലേഖകന്‍

2 min read
Read later
Print
Share

ഹരിതഗൃഹവാതകമായ മീഥേന്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് തടഞ്ഞ് ആഗോളതാപനം ചെറുക്കാന്‍ കാങ്കരു സഹായിക്കില്ലെന്ന് പഠനം

ആഗോളതാപനം ചെറുത്ത് ഭൂമിയെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ കാങ്കരുവിന്റെ അധോവായു ( farts ) കാര്യമായ സഹായം ചെയ്യില്ലെന്ന് കണ്ടെത്തല്‍. മുമ്പ് കരുതിയത് പോലെ, ഹരിതഗൃഹവാതകമായ മീഥേന്‍ രൂപപ്പെടുന്നത് തടയുന്ന ബാക്ടീരിയ കാങ്കരുവിന്റെ ദഹനവ്യൂഹത്തില്‍ ഇല്ലന്ന് ഗവേഷകര്‍ പറയുന്നു.

ഭൗമാന്തരീക്ഷത്തിന്റെ ചൂട് വര്‍ധിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന രണ്ട് വാതകങ്ങളാണ് കാര്‍ബണ്‍ ഡയോക്‌സയിഡും മീഥേനും. കാര്‍ബണ്‍ ഡയോക്‌സയിഡ് വ്യാപിക്കുന്നതില്‍ മുഖ്യപങ്ക് മനുഷ്യര്‍ക്കാണെങ്കില്‍, മീഥേന്റെ കാര്യത്തില്‍ മാടുകളും പന്നികളുമാണ് പ്രധാന പങ്ക് വഹിക്കുന്നത്.

കാര്‍ബണ്‍ ഡയോക്‌സയിഡിന്റെ അത്ര അളവില്‍ മീഥേന്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നില്ല എന്നത് സത്യമാണ്. പക്ഷേ, മീഥേന്റെ ആഗോളതാപന ശേഷി കാര്‍ബണ്‍ ഡയോക്‌സയിഡിന്റെ 21 മടങ്ങാണ്.

പശുക്കള്‍ ദിവസവും 200 ലിറ്റര്‍ മീഥേന്‍ വാതകം പുറത്തുവിടുന്നു എന്നാണ് കണക്ക്. ലോകത്താകെ 140 കോടി മാടുകളുണ്ടെന്ന കണക്കു പരിഗണിക്കുമ്പോള്‍, മീഥേന്‍ മൂലമുള്ള ആഗോളതാപനം ഗൗരവമുള്ളതാകുന്നു.

പശുക്കള്‍, പന്നികള്‍ എന്നിവയില്‍ നിന്നുള്ളതുപോലെ കാങ്കരുക്കളുടെ വയറ്റില്‍ നിന്ന് അത്രയധികം മീഥേന്‍ വാതകം പുറത്തുവരുന്നില്ല എന്നാണ് 1970 കള്‍ മുതല്‍ ഗവേഷകര്‍ കരുതിയിരുന്നത്.

അതിന് കാരണം അവയുടെ വയറ്റിലുള്ള ഏതോ പ്രത്യേകയിനം ബാക്ടീരിയമാണെന്നും, ദഹനവേളയില്‍ ആ ബാക്ടീരിയത്തിന്റെ സ്വാധീനം മൂലം മീഥേന്‍ വാതകം ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നുമാണ് കരുതിയിരുന്നത്.

അങ്ങനെയെങ്കില്‍, കാങ്കരുവിന്റെ വയറ്റിലെ ആ ബാക്ടീരിയത്തെ പശുക്കളുടെയും പന്നികളുടെയും വയറ്റില്‍ കടത്തിവിട്ട് മീഥേന്‍ വ്യാപനം തടയാമെന്നും ഗവേഷകര്‍ കരുതിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് കാങ്കരുക്കളുടെ അധോവായൂ സഹായിക്കുമെന്ന് കരുതാന്‍ കാരണമിതാണ്.

എന്നാല്‍, പുതിയ ലക്കം 'ജേര്‍ണല്‍ ഓഫ് എക്‌സ്‌പെരിമെന്റല്‍ ബയോളജി'യില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, കാങ്കരുക്കളുടെ വയറ്റില്‍ സവിശേഷ ബാക്ടീരയമുണ്ടെന്നും അതിനാല്‍ അവയുടെ അധോവായുവില്‍ മീഥേന്‍ ഇല്ല എന്നതും സത്യമല്ല എന്നാണ്.

ശാരീരിക വലിപ്പവുമായി താരതമ്യം ചെയ്താല്‍, പശുവും പന്നിയും അധോവായുവിലൂടെ പുറത്തുവിടുന്ന അതേ തോതില്‍ കാങ്കരുവും മീഥേന്‍ പുറത്തുവിടുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

'കാങ്കരുവിന്റെ വയറ്റില്‍ പ്രത്യേകജാതി ബാക്ടീരിയമുണ്ടെന്നുള്ളത് കുറെ നാളായി പ്രചരിക്കുന്ന കാര്യമാണ്. അത് കണ്ടുപിടിക്കാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല' - പുതിയ പഠനത്തിലുള്‍പ്പെട്ട ഗവേഷകന്‍ ആദം മുന്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ വൊല്ലോങോങ് സര്‍വകലാശാലയിലെ ഗവേഷകനാണ് ആദം മുന്‍.

പുതിയ കണ്ടെത്തല്‍ നടത്തുക അത്ര എളുപ്പമായിരുന്നില്ല. അതിനായി അടച്ചുപൂട്ടിയ മുറികളില്‍ പത്ത് കാങ്കരുക്കളെ പാര്‍പ്പിച്ച് വ്യത്യസ്ത പച്ചിലകളും മറ്റ് ഭക്ഷ്യവസ്തുക്കളും നല്‍കി അവ പുറത്തുവിടുന്ന അധോവായുവിനെ രാസപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല, വയറ്റില്‍ ഏതൊക്കെ ബാക്ടീയയുണ്ട് തുടങ്ങിയ സംഗതികള്‍ കണ്ടെത്താന്‍ അവയുടെ കാട്ടം ശേഖരിച്ച് പരിശോധിക്കേണ്ടിയും വന്നു.

പശുക്കളുടെയത്രയും മീഥേന്‍ വാതകം കാങ്കരുക്കള്‍ പുറത്തുവിടുന്നില്ല എന്നാണ് പഠനത്തില്‍ കണ്ടത്. പക്ഷേ, അവ അകത്താക്കുന്ന ഭക്ഷണത്തിന്റെ അളവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവ് ഇല്ല എന്ന് ഗവേഷകര്‍ കണ്ടു.

കാങ്കരുവിന്റെ വയറ്റില്‍ ഏതെങ്കിലും പരിസ്ഥിതി സൗഹൃദ ബാക്ടീരിയമുണ്ടെന്ന് കരുതാന്‍ പുതിയ പഠനത്തിന്റെ വെളിച്ചത്തില്‍ കഴിയില്ലെന്ന് ആദം മുന്‍ പറയുന്നു.

പഠനത്തില്‍ മറ്റൊരു വസ്തുത ഗവേഷകര്‍ മനസിലാക്കി. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം കഴിക്കുമ്പോഴാണ് കാങ്കരുക്കള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നത്. എന്നുവെച്ചാല്‍, പശുക്കള്‍ക്കും മറ്റും ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണം നല്‍കിയാല്‍ മീഥേന്‍ വ്യാപനം കുറയ്ക്കാന്‍ കഴിയുമെന്നര്‍ഥം.

ഏതായാലും കാങ്കരുക്കള്‍ രക്ഷകരാകില്ല എന്ന് മനസിലായ സ്ഥിതിക്ക് പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ച് ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാം. അതേ രക്ഷയുള്ളൂ!

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ചരിത്ര നിമിഷം, ബെന്നുവിനെ ചുറ്റി ഒസിരിസ് റെക്‌സ്

Jan 2, 2019


mathrubhumi

4 min

വടക്കുനോക്കിയന്ത്രം തെക്കോട്ട് തിരിയുകയോ

Dec 5, 2016