വിജയക്കുതിപ്പ്; 30 വിദേശ ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിക്കും


1 min read
Read later
Print
Share

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതോളം കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡറുകളാണ് ഐഎസ്ആര്‍ഒയുടെ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് ലഭിച്ചിട്ടുള്ളത്

ജയ്പൂര്‍: ബഹിരാകാശരംഗത്ത് കരുത്ത് തെളിയിച്ച ഇന്ത്യയിപ്പോള്‍ വിക്ഷേപണ വിപണിയിലും മുന്നേറുകയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്.കിരണ്‍ കുമാര്‍.

ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് 30 വിദേശഉപഗ്രങ്ങള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതോളം കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡറുകളാണ് ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് ഇതിനകം ലഭിച്ചത്.

വലിയ മത്സരം നിറഞ്ഞ വിക്ഷേപണ വിപണിയില്‍ ഐഎസ്ആര്‍ഒ കൈവരിച്ച വിശ്വാസ്യതയുടെ തെളിവാണിതെന്ന്, കിരണ്‍ കുമാര്‍ ജയ്പൂരില്‍ പറഞ്ഞു.

'ഏഴെട്ട് രാജ്യങ്ങളില്‍ നിന്നായി 30 സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡറാണ് ലഭിച്ചതെ'ന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം '57-ാമത് അന്തരാഷ്ട്ര ഉപഗ്രഹമാണ് നമ്മള്‍ വിക്ഷേപിച്ചതെ'ന്ന് അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണത്തറയില്‍നിന്ന് പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ -സി29' (PSLV-C29) ല്‍ സിങ്കപ്പൂരിന്റെ ആറ് ഉപഗ്രഹങ്ങള്‍ ബുധനാഴ്ച വിക്ഷേപിച്ചിരുന്നു. അതോടെയാണ് ഇന്ത്യ വിക്ഷേപിച്ച വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം 57 ആയത്.

ഇന്ത്യയുടെ അടുത്ത ബഹിരാകാശദൗത്യം എന്തായിരിക്കണമെന്ന് നിശ്ചയിക്കാന്‍ ഒരു വിദഗ്ധസംഘം പ്രവര്‍ത്തിക്കുന്നതായി കിരണ്‍ കുമാര്‍ അറിയിച്ചു. ചൊവ്വായിലേക്ക് ഒരു രണ്ടാംദൗത്യം വേണോ, അതോ ക്ഷുദ്രഗ്രഹ ദൗത്യം വേണോ തുടങ്ങിയ കാര്യങ്ങളാണ് പഠനസംഘം പരിശോധിക്കുന്നത്.

ജയ്പൂരില്‍ 'ജിയോമാറ്റിക്‌സ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ' ( Geomatics for Digital India ) എന്ന പേരില്‍ നടന്ന സിംപോസിയത്തില്‍ പങ്കെടുക്കാനാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എത്തിയത്.

ഇന്ത്യയുടെ അടുത്ത ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍ -2' മുമ്പത്തെ ചാന്ദ്രദൗത്യത്തിന്റെ പരിഷ്‌ക്കരിച്ച രൂപമായിരിക്കുമെന്ന് കിരണ്‍ കുമാര്‍ പറഞ്ഞു. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഓര്‍ബിറ്ററും, ചാന്ദ്രപ്രതലത്തിലിറങ്ങുന്ന ലാന്‍ഡറും, ചന്ദ്രപ്രതലത്തില്‍ പര്യവേക്ഷണം നടത്തുന്ന ചെറുവാഹനമായ റോവറും അടങ്ങിയ ദൗത്യമായിരിക്കുമത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram