ഷാവോമി ടിവികളിലെ പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് എത്തി. പുതിയ ആന്‍ഡ്രോയിഡ് ഫീച്ചറുകളുമായാണ് എംഐടിവി 4എ 32-ഇഞ്ച്, 43 ഇഞ്ച് മോഡലുകളില്‍ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ടിവി ഓഎസ് ആണ് അപ്‌ഡേറ്റിലൂടെ ലഭിക്കുക. നവംബര്‍ 19 നാണ് ഷാവോമി ടിവികളിലേക്ക് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് എത്തിക്കുന്നതായി ഷാവോമി പ്രഖ്യാപിച്ചത്.
നേരത്തെ വിറ്റഴിച്ച എംഐ ടിവികളില്‍ ഗൂഗിള്‍ പ്ലേ സേവനങ്ങളൊന്നും ലഭ്യമായിരുന്നില്ല. യൂട്യൂബ്, ഹോട്ട് സ്റ്റാര്‍, സീ5 പോലുള്ള ആപ്പുകള്‍ ലഭ്യമായിരുന്നുവെങ്കിലും ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ജനപ്രിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യം ടിവിയിലുണ്ടായിരുന്നില്ല.
ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എത്തിയതോടെ പ്രൈം വീഡിയോ, ജിയോ സിനിമ, പോലുള്ള വീഡിയോ സ്ട്രീമിങ് ആപ്ലിക്കേഷനുകളും ഗൂഗിളില്‍ നിന്നുള്ള ചില ഗെയിമുകളും ടിവിയില്‍ ആസ്വദിക്കാം.
ആന്‍ഡ്രോയിഡില്‍ അധിഷ്ടിതമായ ഷാവോമിയുടെ ടിവി യൂസര്‍ ഇന്റര്‍ഫെയ്‌സ് ആയ പാച്ച് വാളും (Patch Wall) അപ്‌ഡേറ്റ് ആയിട്ടുണ്ട്. പാച്ച് വാള്‍ 2.0 അപ്‌ഡേറ്റാണ് ലഭിക്കുക.
യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ അടിമുടി മാറ്റങ്ങളാണ് കാണുന്നത്. പാച്ച് വാള്‍ ലോഞ്ചറിന്റെ പശ്ചാത്തലം മാറിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓഎസ് എത്തിയതോടെ ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് സേവനം ടിവിയില്‍ ലഭിക്കും. ഇന്‍ബില്‍റ്റ് ആയി ക്രോംകാസ്റ്റ് സേവനം ലഭ്യമാണ്. ഇതുവഴി നിങ്ങളുടെ ഫോണില്‍ നിന്നും നേരിട്ട് ടിവിയിലേക്ക് വീഡിയോകള്‍ പ്ലേ ചെയ്യാനാവും. ഫോണിലെ ഗൂഗിള്‍ ഹോം ആപ്പ് വഴി ടിവി നിയന്ത്രിക്കുകയും ചെയ്യാം.
Content Highlights: xiaomi Mi TV 4A gets new android 9 update with new features google play store