വാഷിങ്ടണ്‍: ലോകത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ ചാരവലയത്തിലെന്ന വിക്കിലീക്ക്‌സ് ( Wikileaks ).
ലോകത്തെമ്പാടുമുള്ള മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് ടെലിവിഷനുകളുമെല്ലാം സിഐഎ ഹാക്കിങ് പരിധിയിലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വിക്കിലീക്ക്‌സ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, സാംസങ് സ്മാര്‍ട്ട് ടിവി തുടങ്ങിയവ സിഐഎയ്ക്ക് ഹാക്ക് ചെയ്യാനാകുമെന്ന് വിക്കിലീക്ക്‌സ് പറയുന്നു.
ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ നിയന്ത്രണത്തിലാക്കി വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളും സിഐഎയ്ക്ക് ചോര്‍ത്താനാകുമെന്നാണ് രേഖകള്‍ പറയുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ ക്യാമറയും മൈക്രോഫോണുകളും ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിപ്പിക്കാനും ലൊക്കേഷന്‍ കണ്ടെത്താനും സന്ദേശം അയയ്ക്കാനുമെല്ലാം ഹാക്കിങ്ങിലൂടെ സാധിക്കും.
'വോള്‍ട്ട് 7' എന്നാണ് എണ്ണായിരത്തിലേറെ പേജുകള്‍ വരുന്ന രേഖകള്‍ക്ക് വിക്കിലീക്‌സ് പേര് നല്‍കിയിരിക്കുന്നത്. യുഎസ് ഗവണ്‍മെന്റിന്റെ ഹാക്കര്‍മാര്‍ക്കും മറ്റും ലഭിച്ച രേഖയാണ് തങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതെന്ന് വിക്കിലീക്‌സ് പറയുന്നു.
സിഐഎ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍ വിശ്വസനീയമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.