ദോഹ: ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് എജന്‍സിയുടെ (ക്യുഎന്‍എ) വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ഇവ കുരുക്കിലായത്. ഹാക്ക് ചെയ്ത വിവരം ഖത്തര്‍ ഗവ. കമ്യൂണിക്കേഷന്‍ ഓഫീസ് പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.
വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്ത് തെറ്റായ വാര്‍ത്തകളും ട്വീറ്റുകളും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പേരില്‍ ഹാക്കര്‍മാര്‍ വ്യാജ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
തെറ്റിദ്ധാരണ പരത്തുന്നതും രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതുമായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അടിയന്തരാന്വേഷണം ആരംഭിച്ചതായും ഗവ. കമ്യൂണിക്കേഷന്‍ ഓഫീസ് ഡയറക്ടര്‍ ശൈഖ് സെയ്ഫ് ബിന്‍ അഹമ്മദ് അല്‍താനി അറിയിച്ചു.
ദേശീയ സുരക്ഷാ കേഡറ്റുമാരുടെ എട്ടാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ അമീര്‍ പങ്കെടുത്ത വാര്‍ത്തയിലാണ് തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ചത്. ഗള്‍ഫ് സഹോദര രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ലക്ഷ്യമിട്ടുള്ള ഉള്ളടക്കങ്ങളാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ ചേര്‍ക്കാന്‍ ശ്രമിച്ചത്.
പലസ്തീന്‍-ഇസ്രായേല്‍ കലാപത്തെകുറിച്ചും ഇറാനുമായുള്ള നയതന്ത്ര ബന്ധത്തെകുറിച്ചും ഹമാസിനെ സംബന്ധിച്ചും തെറ്റായ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ക്യുഎന്‍എയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ നിയന്ത്രണവും ഏതാനും മണിക്കൂറുകള്‍ ഹാക്കര്‍മാരുടെ കൈകളിലായിരുന്നു.
ട്വിറ്റര്‍ പേജില്‍ അറബിയിലാണ് തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.