യാത്രചെയ്യാത്ത 300 മീറ്ററിന് ഓല നല്‍കിയത് 149 കോടിയുടെ ബില്‍!


1 min read
Read later
Print
Share

ഏപ്രില്‍ ഒന്ന് ആയതിനാല്‍ ഇതൊരു ഏപ്രില്‍ ഫൂള്‍ തമാശയാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും സുശീലിന്റെ ട്വീറ്റിന് ഓല മറുപടി നല്‍കിയതോടെയാണ് സംഭവം സത്യമാണെന്ന് വ്യക്തമായത്

മുംബൈ: ഓല ടാക്‌സി വിളിച്ച മുംബൈ സ്വദേശി സുശീല്‍ നര്‍സ്യന്‍ ഈ ഏപ്രില്‍ ഫൂള്‍ ദിനം മറക്കാനിടയില്ല. കാരണം യാത്രചെയ്യാത്ത 300 മീറ്റര്‍ ദൂരത്തിനായി സുശീലിന് ലഭിച്ച ബില്‍ 149 കോടിയുടേതാണ്.

മുംബൈയിലെ മുലുന്ദ് വെസ്റ്റിലെ തന്റെ വീട്ടില്‍ നിന്ന് വാകോല മാര്‍ക്കറ്റിലേക്കാണ് സുശീല്‍ ഓല കാബ് വിളിച്ചത്. എന്നാല്‍ സുശീലിന്റെ ഫോണ്‍ പ്രവര്‍ത്തിക്കാതായതിനെ തുടര്‍ന്ന് ഓല ഡ്രൈവര്‍ക്ക് കൃത്യം ലൊക്കേഷന്‍ മനസ്സിലാക്കാനായില്ല.

ഇതേത്തുടര്‍ന്ന് സുശീല്‍ പിക്ക്-അപ്പ് പോയിന്റിലേക്ക് നടന്നെത്തിയെങ്കിലും അതിനകം ഡ്രൈവര്‍ യാത്ര റദ്ദാക്കിയിരുന്നു. തുടര്‍ന്ന് മറ്റൊരു ഓല കാബ് ബുക്ക് ചെയ്യാനൊരുങ്ങിയപ്പോഴാണ് സുശീലിന് ഞെട്ടിക്കുന്ന ബില്‍ ലഭിച്ചത്.

149 കോടിയിലേറെ രൂപ തന്റെ മൊബൈല്‍ വാലറ്റില്‍ കുടിശ്ശികയുണ്ടെന്നാണ് ഓലയില്‍ നിന്ന് സുശീലിന് ലഭിച്ച സന്ദേശം. വാലറ്റിലുണ്ടായിരുന്ന 127 രൂപ ബില്‍ ചെയ്യപ്പെട്ടതായും വ്യക്തമായി.

തുടര്‍ന്ന് സുശീല്‍ ബില്ലിന്റെ സ്‌ക്രീന്‍ പ്രിന്റ് ഉള്‍പ്പെടെ പരാതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. ഏപ്രില്‍ ഒന്ന് ആയതിനാല്‍ ഇതൊരു ഏപ്രില്‍ ഫൂള്‍ തമാശയാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും സുശീലിന്റെ ട്വീറ്റിന് ഓല മറുപടി നല്‍കിയതോടെയാണ് സംഭവം സത്യമാണെന്ന് വ്യക്തമായത്.

ഇതൊരു സാങ്കേതിക പിഴവായിരുന്നെന്നാണ് ഓല അറിയിച്ചിരിക്കുന്നത്. രണ്ടു മണിക്കൂറിനകം തന്നെ സുശീലിന് പണം തിരികെ നല്‍കി വമ്പന്‍ ബില്‍ തുക പിന്‍വലിച്ചതായി കമ്പനി അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram