ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഭാര്യ ഹാക്കറെ നിയോഗിച്ചു; കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി


ശിഹാബുദ്ദീന്‍ തങ്ങള്‍

3 min read
Read later
Print
Share

എളമക്കര സ്വദേശിയായ അദ്വൈത്.ആര്‍.വി. എന്നയാളുടെ ഫോണാണ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അജിത്ത് ചോര്‍ത്തിയത്. താന്‍ പോകുന്ന സ്ഥലങ്ങളും മറ്റും ഭാര്യ ശ്രുതി കൃത്യമായി മനസ്സിലാക്കുന്നതില്‍ സംശയം തോന്നിയ അദ്വൈത് ഐടി വിദഗ്ധനായ സുഹൃത്തിനെ കൊണ്ട് പരിശോധിച്ചപ്പോഴാണ് സ്‌പൈ ആപ്പ് ശ്രദ്ധയില്‍പ്പെട്ടത്.

  • പ്രതിയായ അമ്പലപ്പുഴ സ്വദേശി അജിത്ത് പിടിയില്‍
  • പ്രതിയെ കുടുക്കിയത് അതേ ആപ്പ് ഉപയോഗിച്ച്

കൊച്ചി: യുവാവിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയയാളെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി അജിത്തിനെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥനായ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

എളമക്കര സ്വദേശിയായ അദ്വൈത്.ആര്‍.വി. എന്നയാളുടെ ഫോണാണ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അജിത്ത് ചോര്‍ത്തിയത്. താന്‍ പോകുന്ന സ്ഥലങ്ങളും മറ്റും ഭാര്യ ശ്രുതി കൃത്യമായി മനസ്സിലാക്കുന്നതില്‍ സംശയം തോന്നിയ അദ്വൈത് ഐടി വിദഗ്ധനായ സുഹൃത്തിനെ കൊണ്ട് പരിശോധിച്ചപ്പോഴാണ് സ്‌പൈ ആപ്പ് ശ്രദ്ധയില്‍പ്പെട്ടത്.

ഫോണില്‍ ഹൈഡ് ചെയ്ത നിലയിലായിരുന്നു ആപ്ലിക്കേഷന്‍. അദ്വൈതിന്റെ കിടപ്പറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. മുമ്പ് ഗള്‍ഫിലായിരുന്ന താന്‍ നാട്ടിലേക്ക് അയച്ച പണത്തെ ചൊല്ലി ഭാര്യയുമായി സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് അദ്വൈത് പറയുന്നു. കുറച്ചു ദിവസം മുമ്പ് ഇതേച്ചൊല്ലി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതായും അദ്വൈത് പറഞ്ഞു.

ഇതേത്തുടര്‍ന്ന് അദ്വൈത് പോലീസില്‍ പരാതി നല്‍കിയത്. ഡിസിപിയുടെ നിര്‍ദേശപ്രകാരം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അദ്വൈതിന്റെ ഫോണിലുണ്ടായിരുന്ന ആപ്പ് ഉപയോഗിച്ചുതന്നെ ഹാക്കറുടെ വിവരങ്ങള്‍ മനസ്സിലാക്കിയാണ് പ്രതിയിലേക്കെത്തിയത്.

ഉടമ അറിയാതെ ക്യാമറ ഉള്‍പ്പെടെ ഓണ്‍ ചെയ്യാനാകുന്ന ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തത് ഇയാളുടെ ഭാര്യ തന്നെയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. അദ്വൈതിന്റെ ഭാര്യ ശ്രുതിയും പ്രതിയായ അജിത്തും അമ്പലപ്പുഴ സ്വദേശികളാണ്.

പ്രതിയ്‌ക്കെതിരെ ഐടി ആക്ട് 66 എ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് എളമക്കര എഎസ്‌ഐ മുരളീധരന്‍ പറഞ്ഞു. കൃത്യമായ തെളിവുകള്‍ ഉള്ളതിനാലാണ് അജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്നും സൈബര്‍ സെല്ലിന്റെയും ഫോറന്‍സിക് സെല്ലിന്റെയും സഹായത്തോടെയാകും കേസ് മുന്നോട്ടു കൊണ്ടുപോവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് അദ്വൈത് പറയുന്നതിങ്ങനെ:

രണ്ടു വര്‍ഷമായി ഞാന്‍ ഖത്തറിലായിരുന്നു. ഇക്കാലയളവില്‍ ഏഴു ലക്ഷത്തോളം രൂപ അക്കൗണ്ടിലിട്ടിട്ടുണ്ട്. ഈ പണമെല്ലാം പിന്‍വലിച്ചത് ഭാര്യയാണ്. ഭാര്യയും ആറു വയസ്സുള്ള ഒരു കുഞ്ഞുമാണ് എനിക്കുള്ളത്. ഇവര്‍ക്ക് 24 മാസം ജീവിക്കാന്‍ എന്തായാലും ഇത്രയും പണം ആവശ്യമില്ല. ഈ പണമൊക്കെ എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ അവിടെവെച്ചേ ചോദിക്കാറുണ്ട്. എന്നാല്‍ കൃത്യമായ മറുപടി ലഭിക്കാറില്ല. അഞ്ചു മാസം മുമ്പ് നാട്ടിലെത്തിയ ശേഷവും ഞാന്‍ പണത്തിന്റെ കാര്യമന്വേഷിച്ചു. ഒരു സുഹൃത്തിനെ സഹായിക്കാനായി പണം നല്‍കിയിരിക്കുകയാണെന്നാണ് ഭാര്യ പറഞ്ഞത്. എപ്പോള്‍ കിട്ടുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടായില്ല. ഇതേച്ചൊല്ലി ഞാനും ഭാര്യയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു.

പിന്നീടാണ് ഞാന്‍ പോകുന്ന സ്ഥലങ്ങളും വിവരങ്ങളുമെല്ലാം ഭാര്യ കൃത്യമായി പറയുന്നത് ശ്രദ്ധയില്‍ പെട്ടത്. ആദ്യം എന്റെ സുഹൃത്തുക്കളില്‍ നിന്നാണ് അവള്‍ വിവരങ്ങള്‍ അറിയുന്നതെന്നാണ് കരുതിയിരുന്നത്. പിന്നീട് ആരെങ്കിലും എന്നെ പിന്തുടരുന്നുണ്ടോ എന്നായി സംശയം. ഒടുവിലാണ് സൈബര്‍ വിദഗ്ധനായ ഒരു സുഹൃത്തിനെ ഞാന്‍ ഫോണുമായി സമീപിച്ചത്. അങ്ങനെയാണ് എന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയാണ് ഭാര്യ കാര്യങ്ങള്‍ അറിഞ്ഞിരുന്നതെന്ന് മനസ്സിലാകുന്നത്.

ആപ്പ് പരിശോധിച്ചപ്പോള്‍ ഞാന്‍ നില്‍ക്കുന്ന ലൊക്കേഷന്‍ എവിടെയാണെന്ന് മനസ്സിലാക്കാനും ഞാനറിയാതെ എന്റെ ക്യാമറ ഓണാക്കാനുമൊക്കെ മറ്റൊരാള്‍ക്ക് അനായാസം സാധിക്കുമെന്ന് വ്യക്തമായി. പലപ്പോഴും ക്യാമറ ഞങ്ങളുടെ കിടപ്പുമുറിയിലും മറ്റും ഫോണ്‍ സാധാരണ രീതിയില്‍ താഴെ വെക്കാതെ അവള്‍ ക്യാമറ മുകളില്‍ വരുന്ന രീതിയില്‍ ചരിച്ചുവെക്കാറുണ്ടായിരുന്നു. ഇക്കാര്യത്തെ ചൊല്ലിയും ഞങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. അന്ന് ഇതെന്തിനാണെന്ന് മനസ്സിലായിരുന്നില്ലെങ്കിലും ഇപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായി വരുന്നത്.

ഫോണ്‍ ഹാക്ക് ചെയ്തയാളുടെ വിവരങ്ങള്‍ ലഭിച്ചതോടെ തങ്ങള്‍ ഇയാളെ വിളിച്ചിരുന്നെന്നും കേസ് കൊടുത്താല്‍ തന്റെ കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിടുമെന്നാണ് അയാള്‍ ഭീഷണിയെന്നും അദ്വൈത് പറഞ്ഞു. അതേസമയം, ഭാര്യ ഇത് അറിഞ്ഞുകൊണ്ട് ചെയ്തതാണോ അല്ലാതെ ചെയ്തതാണോ മറ്റു വല്ല ഭീഷണിയ്ക്ക് വഴങ്ങി ചെയ്തതാണോ എന്നൊന്നും തനിക്കറിയില്ലെന്നും എന്നാല്‍, എന്തു വിലകൊടുത്തും അജിത്തിനെ പുറത്തിറക്കുമെന്നാണ് ഭാര്യയെ വിളിച്ചപ്പോള്‍ അവള്‍ തന്നോടു പറഞ്ഞതെന്നും അദ്വൈത് കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram