വിവിധ ഉപകരണ നിര്‍മ്മാണ കമ്പനികള്‍ക്ക് ഫെയ്സ്ബുക്ക് അതിന്റെ ഉപയോക്താക്കളുടെ അവരുടെ സമ്മതമില്ലാതെ വിവരങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഫെയ്സ്ബുക്കിനോട് വിശദീകരണം ആവശ്യപ്പെട്ടു. 60 ഓളം കമ്പനികള്‍ക്ക് തങ്ങള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്ന് ഫെയ്സ്ബുക്ക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്ട്ടുകളുടഡെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വിശദീകരണമാവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം വീഴ്ചകളും ലംഘനങ്ങളുമായും ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്ന് ഐടി മന്ത്രാലയം ഒരു പത്രപ്രസ്താവനയില്‍ പറഞ്ഞു.
കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവര ചോര്‍ച്ചാ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ നേരത്തെ ഫെയ്സ്ബുക്കിന് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയായി ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാവും എന്നതടക്കമുള്ള ഉറപ്പുകള്‍ നല്‍കിക്കൊണ്ട് കമ്പനി സര്‍ക്കാരിനോട് ക്ഷമാപണം നടത്തുകയും ചെയ്തു.
എന്നാല്‍, തുടര്‍ച്ചയായി വരുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ ഫെയ്സ്ബുക്ക് നല്കുന്ന ഉറപ്പുകളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നതാണ്.
വസ്തുതാപരമായ വിശദ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 20 വരെയാണ് മറുപടി നല്കാന് ഫെയ്സ്ബുക്കിന് സമയം നല്‍കിയിരിക്കുന്നത്.
വിവരകൈമാറ്റവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കുമായി പങ്കാളിത്തമുണ്ടായിരുന്ന 60 കമ്പനികളില്‍ ചൈനീസ് കമ്പനികളും ഉള്‍പ്പെടുന്നുണ്ട്. ഇത് അമേരിക്കയില്‍ വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ചൈനീസ് കമ്പനികളുമായുള്ള വിവര കൈമാറ്റം സംശയദൃഷ്ടിയോടെയാണ് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ നോക്കിക്കാണുന്നത്. അമേരിക്കന്‍ ഭരണകൂടവും ഇതില്‍ ആശങ്കയറിയിച്ചിട്ടുണ്ട്.