ബെയ്ജിങ്: ലോകത്താദ്യമായി കുഞ്ഞുങ്ങളില്‍ ജീന്‍ എഡിറ്റിങ് നടത്തിയ ശാസ്ത്രജ്ഞന് തടവുശിക്ഷ വിധിച്ച് ചൈന. ഗവേഷകന് ഹി ജിയാന്കുയിക്കാണ് ഷെന്‍ജെന്‍ കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ടുചെയ്തു.
നിരോധനം ലംഘിച്ച് പരീക്ഷണങ്ങള്‍ക്കായി മനുഷ്യഭ്രൂണം ഉപയോഗിച്ചുവെന്ന കുറ്റമാരോപിച്ചാണ് നടപടി. 30 ലക്ഷം യുവാന്‍ (ഏകദേശം മൂന്നുകോടിയിലേറെ രൂപ) പിഴയും വിധിച്ചിട്ടുണ്ട്.
ഷെന്‍ജെനിലെ സതേണ്‍ ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ അധ്യാപകനാണ് ജിയാന്‍കുയി. ഇദ്ദേഹത്തിനൊപ്പം പരീക്ഷണത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാരോപിച്ച് ഴാങ് റെന്‍ലി, ക്വിന്‍ ജിന്‍ജൗ എന്നിവര്‍ക്കും കോടതി രണ്ടുവര്‍ഷം തടവും പത്തുലക്ഷം യുവാന്‍ (ഒരു കോടി രൂപ) പിഴയും വിധിച്ചു.
വ്യക്തിപരമായ പ്രശസ്തിക്കും നേട്ടത്തിനുമായാണ് ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിച്ചതെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. ''മെഡിക്കല്‍ ചട്ടങ്ങളുടെ ഗുരുതരലംഘനമാണ് അവര്‍ നടത്തിയത്. ശാസ്ത്രഗവേഷണത്തിന്റെയും മെഡിക്കല്‍ ധാര്‍മികതയുടെയും എല്ലാ അതിര്‍ത്തികളും അവര്‍ ലംഘിച്ചു'' -കോടതി ചൂണ്ടിക്കാട്ടി.
ജീന്‍ എഡിറ്റിങ് നടത്തിയ മൂന്നാമത്തെ കുഞ്ഞ് കൂടി ഇതിനകം ജനിച്ചിട്ടുള്ളതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. കുഞ്ഞുങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഗ്വാങ്ഡോങ് പ്രവിശ്യാ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ജിയാന്‍കുയിയെ സര്‍വകലാശാല പുറത്താക്കിയിരുന്നു.
Content Highlights: Chinese Scientist jailed for three years for creating world’s first genetically altered babies