മൊബൈല്‍ ഫോണ്‍ നഷ്ടമായാല്‍ ഇനി അതിവേഗം കണ്ടെത്താം


നഷ്ടപ്പെട്ട ഫോണില്‍നിന്നുള്ള ആശയവിനിമയം തടയാൻ സർക്കാർ സംവിധാനമൊരുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ഫോണ്‍ മോഷണം കൂടിവരുന്ന സാഹചര്യത്തില്‍ ഐ.എം.ഇ.ഐ. നമ്പറുകളുടെ (ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയല്‍ നമ്പര്‍) പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര ടെലികോംവകുപ്പ് ഒരുങ്ങുന്നു. കേന്ദ്ര ഉപകരണ ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍.) എന്ന പേരിലുള്ള പട്ടിക വൈകാതെ പുറത്തുവരും.

പട്ടിക പ്രാബല്യത്തില്‍ വന്നാല്‍ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടവര്‍ ആദ്യം പോലീസില്‍ പരാതി നല്കിയശേഷം സഹായനമ്പറിലൂടെ ടെലികോംവകുപ്പിനെ വിവരമറിയിക്കണം.

ഒപ്പം, ഫോണ്‍ മോഷ്ടിക്കപ്പെട്ടതിന്റെ തെളിവായി പോലീസില്‍നിന്നുള്ള റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് വകുപ്പ് ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറിനെ കരിമ്പട്ടികയില്‍പ്പെടുത്തും. ഇതോടെ മോഷണംപോയ മൊബൈല്‍ ഫോണില്‍നിന്ന് ആശയവിനിമയം സാധ്യമാകില്ല.

വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് ഐ.എം.ഇ.ഐ. നമ്പറുകളെ പട്ടികയിലുള്‍പ്പെടുത്തുക. മോഷണം പോയതും നഷ്ടപ്പെട്ടവയുമായ മൊബൈലുകളുടെ ഐ.എം.ഇ.ഐ. നമ്പറുകളാണ് 'ബ്ലാക്ക്' വിഭാഗത്തിലുണ്ടാവുക. യഥാര്‍ഥമാണെന്നു സ്ഥിരീകരിക്കാത്ത ഐ.എം.ഇ.ഐ. നമ്പറുകളാണ് 'ഗ്രേ' വിഭാഗത്തില്‍.

ഉപയോഗത്തിലുള്ളവയുടെ നമ്പറുകളാണ് 'വെള്ള'യിലുണ്ടാവുക.

ഐ.എം.ഇ.ഐ. നമ്പറുടെ പട്ടിക തയ്യാറാക്കാനുള്ള പദ്ധതി 2017 ജൂലായിലാണ് ടെലികോംവകുപ്പ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരുതവണ നടപ്പാക്കുകയും ചെയ്തു. 2019-20-ലെ ഇടക്കാല ബജറ്റില്‍ പദ്ധതിക്കായി 15 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു.

Content Highlighst: Central Equipment Identity Register Implementation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram