പ്രതിഷേധം കത്തുന്ന ഇന്ത്യയില്‍ ജനപ്രീതി നേടി ബ്രിഡ്ജ്‌ഫൈ, ഫയര്‍ചാറ്റ് പോലുള്ള ആപ്പുകള്‍


ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറിലും ബ്രിഡ്ജ്‌ഫൈ ആപ്പ് ലഭ്യമാണ്. മൂന്ന് രീതികളില്‍ ഈ ആപ്പ് വഴി സന്ദേശങ്ങളയക്കാം.

പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ അധികാരികള്‍ തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമ്പോള്‍ ആളുകള്‍ ആശയവിനിമയത്തിനായി ഓഫ് ലൈന്‍ മെസേജിങ് ആപ്ലിക്കേഷനുകളെ ആശ്രയിക്കുകയാണ്. ബ്രിഡ്ജ്‌ഫൈ, ഫയര്‍ ചാറ്റ് പോലെ നിരവധി ആപ്ലിക്കേഷനുകള്‍ ഇതിനായി ലഭ്യമാണ്. പ്രതിഷേധങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോക്താക്കള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് വിവരം.

ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറിലും ബ്രിഡ്ജ്‌ഫൈ ആപ്പ് ലഭ്യമാണ്. മൂന്ന് രീതികളില്‍ ഈ ആപ്പ് വഴി സന്ദേശങ്ങളയക്കാം. ബ്ലൂടൂത്ത് വഴി വണ്‍ ടു വണ്‍ മെസേജിങ് നടത്തുന്നതാണ് ഒന്ന്. നൂറ് അടി ദൂരപരിധിയില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് ബ്രിഡ്ജ്‌ഫൈ ആപ്പില്‍ ആശയവിനിമയം നടത്താം.

അതിലും കൂടുതല്‍ ദൂരത്തേക്ക് സന്ദേശങ്ങളയക്കാന്‍ മെഷ് നെറ്റ് വര്‍ക്കാണ് ബ്രിഡ്ജ്‌ഫൈ ഉപയോഗിക്കുന്നത്. ഒരു പ്രദേശത്തെ ഒന്നിലധികം ഫോണുകളെ ഒറ്റ നെറ്റ് വര്‍ക്ക് ആക്കി ഉപയോഗിക്കുന്നതാണ് ഈ രീതി.

ബ്രോഡ്കാസ്റ്റ് ചെയ്യുന്ന രീതിയാണ് മൂന്നാമത്തേത്. ഇതുവഴി ബ്രിഡ്ജ്‌ഫൈ ആപ്പ് ഉപയോഗിക്കുന്ന ഒന്നിലധികം ആളുകള്‍ക്ക് ഒരേസമയം സന്ദേശം എത്തിക്കുന്നു.

ഡിസംബര്‍ 12 ന് അസമിലും മേഘാലയയിലും ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടപ്പോള്‍ ബ്രിഡ്ജ്‌ഫൈ ആപ്പിന്റെ ഉപയോഗവും ഡൗണ്‍ലോഡുകളുടെ എണ്ണവും വര്‍ധിച്ചതായാണ് കണക്ക്. ദിവസം 2609 തവണ വരെ ബ്രിഡ്ജ്‌ഫൈ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. സാധാരണ ദിവസേന ശരാശരി 25 തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെടാറ്. ന്യൂഡല്‍ഹിയിലെ വിവിധ മേഖലയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടപ്പോഴും ഇത് തന്നെയാണ് സംഭവിച്ചത്.

ബ്രിഡ്ജ് ഫൈ ആപ്പിന്റെ അതേ അനുഭവമാണ് ഫയര്‍ ചാറ്റ് ആപ്പിനും. ഗൂഗിള്‍ പ്ലേസ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമായ ഈ ആപ്ലിക്കേഷന്‍ ഇന്റര്‍നെറ്റിന്റേയും സെല്ലുലാര്‍ കണക്റ്റിവിറ്റിയുടേയും സഹായമില്ലാതെ പ്രവര്‍ത്തിക്കും. ചിത്രങ്ങളും സന്ദേശങ്ങളും അയക്കാം. ബ്ലൂടൂത്തും വൈഫൈയും ഉപയോഗിച്ചാണ് ഫയര്‍ചാറ്റില്‍ സന്ദേശങ്ങളയക്കുന്നത്. 200 മീറ്റര്‍ ദൂരത്തേക്ക് സന്ദേശങ്ങളയക്കാന്‍ ഇതുവഴി സാധിക്കും.

ഫയര്‍ചാറ്റ്, ബ്രിഡ്ജ് ഫൈ ആപ്പുകളെ കൂടാതെ സിഗ്നല്‍ ഓഫ്‌ലൈന്‍ ആപ്ലിക്കേഷനും ഇന്റര്‍നെറ്റ് ഇല്ലാത്തയിടങ്ങളില്‍ സന്ദേശകൈമാറ്റത്തിനായി ഉപയോഗിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram