ഷാവോമിയുടെ ഉപ ബ്രാന്റായ പോകോഫോണില് നിന്നും പുതിയൊരു ഫോണ്‍ എന്ന് വരുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 2018 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച പോകോ എഫ് വണ്‍ സ്മാര്‍ട്ഫോണിന് വലിയ സ്വീകാര്യതയാണ് വിപണിയില്‍ ലഭിച്ചത്. കുറഞ്ഞ വിലയില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ടെന്നതാണ് പോകോ എഫ് വണിന്റെ മുഖ്യ ആകര്‍ഷണം. എന്നാല്‍ ആദ്യ ഫോണ്‍ പുറത്തിറക്കിയിട്ട് നാളുകള്‍ കഴിഞ്ഞിട്ടും പുതിയൊരു ഫോണ്‍ പോകോ വിപണിയിലെത്തിച്ചിട്ടില്ല. ഈ കാത്തിരിപ്പിന് അടുത്തവര്‍ഷം വിരാമമാവുമെന്നാണ് വിവരം.
'പോകോയില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ 2020 നിങ്ങള്‍ അറിയും' എന്ന പോകോഫോണ്‍ മേധാവി ആല്വിന് സേയുടെ ട്വീറ്റ് ആണ് പുതിയ വാര്‍ത്തകള്‍ക്ക് വഴിവെച്ചത്. പോകോ എഫ് 2 സ്മാര്‍ട്ഫോണ്‍ 2020 ല്‍ പുറത്തിറങ്ങിയേക്കുമെന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ എന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
എന്നാല്‍ ഈ ട്വീറ്റ് അദ്ദേഹം പിന്നീട് പിന്‍വലിച്ചു. പോകോഫോണ്‍ എഫ് 2 അടുത്തവര്‍ഷം പുറത്തിറങ്ങുമെന്നാണോ അതോ പോകോ എഫ് വണ്‍ ഫോണില്‍ പുതിയ ആന്‍ഡ്രോയിഡ് അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന കാര്യമാണോ അദ്ദേഹം ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല.
പോകോഫോണിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. റെഡ്മി കെ20 പ്രോ സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ പോകോ എഫ്2 ആയാണ് അവതരിപ്പിക്കുക എന്ന് അഭ്യൂഹമുണ്ടായിരുന്നു.
Content Highlights: Poco F2 coming in 2020 report xiaomi