വണ്‍പ്ലസ് 3ടി, വണ്‍പ്ലസ് 3 സ്മാര്‍ട്‌ഫോണുകളിലേക്കും ആന്‍ഡ്രോയിഡ് ഓറിയോ എത്തുന്നു


വണ്‍പ്ലസിന്റെ കസ്റ്റമൈസ്ഡ് ഓപറേറ്റിങ് സിസ്റ്റമായ ഓക്‌സിജന്‍ 5.0 അപ്‌ഡേറ്റാണ് വണ്‍ പ്ലസ് ത്രീടി, വണ്‍പ്ലസ് ത്രീ സ്മാര്‍ട്‌ഫോണുകള്‍ക്ക് ലഭിക്കുക.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വണ്‍ പ്ലസ് ത്രീടി, വണ്‍പ്ലസ് ത്രീ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാം. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ഓറീയോ 8.0 ഈ സ്മാര്‍ട്‌ഫോണുകളിലേക്ക് വണ്‍പ്ലസ് നല്‍കിത്തുടങ്ങി.

ദിവസങ്ങള്‍ക്ക് മുമ്പ് വണ്‍ പ്ലസ് 5ടി സ്മാര്‍ട്‌ഫോണ്‍ കമ്പനി പുറത്തിറക്കിയിരുന്നു. ഈ ചടങ്ങില്‍ തന്നെ കമ്പനിയുടെ പുതിയ ഫോണുകളില്‍ ആന്‍ഡ്രോയിഡ് ഓറിയോ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകച്ചിരുന്നു. എന്നാല്‍ പുതിയ ഫോണുകളില്‍ മാത്രമല്ല നേരത്തെ പുറത്തിറക്കിയ മോഡലുകളിലും ഓറിയോ അപ്‌ഡേറ്റ് ലഭിക്കുമെന്ന് ഇതോടെ വ്യക്തമാവുകയാണ്.

വണ്‍പ്ലസിന്റെ കസ്റ്റമൈസ്ഡ് ഓപറേറ്റിങ് സിസ്റ്റമായ ഓക്‌സിജന്‍ 5.0 അപ്‌ഡേറ്റാണ് വണ്‍ പ്ലസ് ത്രീടി, വണ്‍പ്ലസ് ത്രീ സ്മാര്‍ട്‌ഫോണുകള്‍ക്ക് ലഭിക്കുക. ഈ ഫോണുകളിലേക്കുള്ള ആദ്യത്തേയും വണ്‍പ്ലസ് ത്രീ സീരീസ് സ്മാര്‍ട്‌ഫോണുകളിലേക്കുള്ള അവസാനത്തേയും ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഗ്രേഡ് ആയിരിക്കും ഇതെന്നും കമ്പനി വ്യക്തമാക്കി.

'പാരലല്‍ ആപ്‌സ്' അഥവാ സ്പ്ലിറ്റ് സ്‌ക്രീന്‍ ഫീച്ചര്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്, തുടങ്ങിയ ഫീച്ചറുകളും ഓട്ടോഫില്‍, സ്മാര്‍ട് ടെക്സ്റ്റ് സെലക്ഷന്‍ സംവിധാനങ്ങളും ആന്‍ഡ്രോയിഡ് ഓറിയോയില്‍ അധിഷ്ടിതമായി നിര്‍മ്മിച്ച ഓക്‌സിജന്‍ 5.0 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉണ്ടാവും.

വണ്‍ പ്ലസ് ലോഞ്ചറില്‍, നോട്ടിഫിക്കേഷന്‍ ഡോട്ട്‌സ്, പുതിയ ആപ്പ് ഫോള്‍ഡര്‍ ഡിസൈന്‍ തുടങ്ങിയ പുതുമകളും ഉണ്ടാവും. വണ്‍പ്ലസ് ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നേരിട്ട് അപ് ലോഡ് ചെയ്യാനുള്ള ഓപ്ഷനും വണ്‍പ്ലസ് നല്‍കുന്നു.

നിലവില്‍ ഉപയോക്താക്കളില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് പുതിയ അപ്‌ഡേറ്റ് ലഭിക്കുക. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റുള്ള എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ അപ്‌ഡേറ്റ് ലഭിക്കുമെന്നും വണ്‍പ്ലസ് വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram