അങ്ങനെ ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ രാജ്യത്തെ ആദ്യത്തെ 4ജി ഫീച്ചര്‍ഫോണായ ജിയോഫോണ്‍ ഉപയോക്താക്കളുടെ കൈകളിലേക്കെത്തുന്നു. ഒക്ടോബര്‍ ആദ്യവാരം തന്നെ രാജ്യവ്യാപകമായി ഫോണുകളുടെ വിതരണം ആരംഭിക്കുമെന്നാണ് ജിയോ അധികൃതരില്‍ നിന്നുള്ള വിവരം. 50 കോടിയോളം വരുന്ന, പ്രധാനമായും രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ വസിക്കുന്ന സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ജിയോഫോണ്‍ രംഗത്തിറക്കുന്നത്. അതുകൊണ്ടുതന്നെ പ്രാദേശിക തലത്തില്‍ ആരംഭിക്കുന്ന ജിയോ പോയിന്റ് ഔട്ട്ലെറ്റുകള് മുഖേനയാവും ജിയോഫോണ്‍ സേവനങ്ങള്‍ ഉപയോക്താക്കളില്‍ എത്തിക്കുക.
മൂന്ന് വര്‍ഷത്തേക്ക് 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് മാത്രം വാങ്ങിയാണ് ഉപയോക്താക്കള്‍ക്ക് ഫോണ്‍ നല്‍കുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞ് ഫോണ്‍ തിരികെ നല്കുമ്പോള് ആ പണം ഉപയോക്താക്കള്‍ക്ക് തിരികെ ലഭിക്കുകയും ചെയ്യും. അതായത് ഫലത്തില്‍ സൗജന്യമായാണ് ഈ ഫോണ്‍ ഉപയോക്താക്കളുടെ കൈകളിലെത്തുന്നത്.
320x 240 പിക്സലിന്റെ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയുള്ള സിംഗിള്‍ സിം ഫോണ്‍ ആണ് ജിയോഫോണ്‍. കായ് ഓഎസ് ( KaiOS) ലാണ് ഫോണിന്റെ പ്രവര്‍ത്തനം. പ്ലാസ്റ്റിക് ബോഡിയില്‍ ഒതുക്കമുള്ള രൂപകല്പനയാണ് ഫോണിന്. സാധാരണ ഫീച്ചര്ഫോണുകളിലെല്ലാമുള്ള പോലെ തന്നെ ആല്‍ഫാന്യൂമറിക് കീപാഡും നാവിഗേഷനായി ഫോര്‍വേ നാവിഗേഷന്‍ സംവിധാനവുമാണ് ഫോണിലുള്ളത്. കൂടാതെ ടോര്‍ച്ച്, ഹെഡ്ഫോണ് ജാക്ക് എന്നിവയും ഫോണിനുണ്ട്.
2000mAhന്റെ ബാറ്ററിയാണ് ജിയോഫോണിന്റേത് സ്റ്റാന്റ്ബൈ മോഡില്‍ 15 ദിവസം വരെ ഫോണില്‍ ചാര്‍ജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. തുടര്‍ച്ചയായി 4ജി സൗകര്യം ഉപയോഗിക്കുമ്പോള്‍ നാല് മണിക്കൂറോളം നേരവും ഫോണില്‍ ചാര്‍ജ് ലഭിക്കും.
ഫോണിന്റെ ഏറ്റവും വലിയ സവിശേഷത ഇതൊരു 4ജി സൗകര്യമുള്ള ഫീച്ചര്‍ഫോണ്‍ ആണ് എന്നതാണ്. അതായത് സ്മാര്‍ട്ഫോണുകളിലെല്ലാം ലഭിക്കുന്നപോലെയുള്ള അതിവേഗ ഇന്റര്‍നെറ്റ് നിങ്ങള്‍ക്ക് ജിയോഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് സൗകര്യങ്ങളും ജിയോഫോണിലുണ്ട്.
സാധാരണ ഫീച്ചര്‍ഫോണുകളെ അപേക്ഷിച്ച് കൂടിയ സ്റ്റോറേജ് സൗകര്യങ്ങളാണ് ജിയോഫോണിലുള്ളത്. 4ജിബിയാണ് ഇന്റേണല്‍ മെമ്മറി.512 എബിയാണ് റാം. അത് മാത്രമല്ല 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാനും ജിയോഫോണില്‍ സാധിക്കും. ഗൂഗിള്‍ കോണ്ടാക്റ്റില് നിന്നും കോണ്ടാക്റ്റുകള് ഫോണിലേക്ക് മാറ്റാനുള്ള സൗകര്യവും ജിയോഫോണിലുണ്ട്.
ജിയോ ആപ്ലിക്കേഷനുകള്‍
ഫീച്ചര്‍ഫോണുകളില്‍ പൊതുവായി കാണുന്ന ആപ്ലിക്കേഷനുകള്‍ക്ക് പുറമെ, ജിയോയുടെ തന്നെ വിവിധോപയോഗ ആപ്ലിക്കേഷനുകളാണ് ഫോണിലുണ്ടാവുക. ജിയോ മ്യൂസിക്, ജിയോ ടിവി, മൈ ജിയോ, ജിയോ സിനിമ, ജിയോ എക്സ്പ്രസ് ന്യൂസ്, ഹെലോ ജിയോ, ജിയോ വീഡിയോ കോള്‍ എന്നിവ 4ജി കണക്ഷന് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന പ്രീലോഡഡ് ആപ്പുകളായി ജിയോഫോണിലുണ്ടാവും. ജിയോ ടിവി വഴി തടസമില്ലാതെ വിവിധ ഭാഷകളിലുള്ള ലൈവ് ടെലിവിഷന്‍ ചാനലുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. മികച്ച ദൃശ്യഭംഗിയം വ്യക്തതയുള്ള ശബ്ദവും ജിയോഫോണ്‍ ഉറപ്പുതരുന്നുണ്ട്.
ക്യാമറ
2 മെഗാപിക്സലിന്റെ റിയര്‍ ക്യാമറയാണ് ജിയോഫോണിനുള്ളത്. വീഡിയോ പകര്‍ത്താനും ചിത്രങ്ങള്‍ എടുക്കാനും ഇതിലൂടെ സാധിക്കും. അതൊടൊപ്പം തന്നെ വീഡിയോ കോളിങ് ആവശ്യത്തിനായി .3VGA യുടെ സെല്‍ഫി ക്യാമയും ജിയോഫോണിനുണ്ട്. വീഡിയോ കോളിങ് സമയത്ത് വ്യക്തതയോടെയുള്ള ദൃശ്യങ്ങള്‍ നല്കാന് ഈ ക്യാമറയ്ക്കാകുന്നുണ്ട്.
വയര്‍ലെസ് റേഡിയോ
വയര്‍ലെസ് എഫ്എം റേഡിയോയാണ് മറ്റൊരു ഫീച്ചര്‍, ഈ സൗകര്യം മറ്റ് ഫീച്ചര്‍ഫോണുകളില്‍ നേരത്തെ വന്നതാണ്. അതായത് ജിയോഫോണില്‍ എഫ്എം കേള്‍ക്കുന്നതിന് ഹെഡ്സെറ്റ് കണക്റ്റ് ചെയ്യേണ്ടതില്ല.
ടിവിയുമായി ബന്ധിപ്പിക്കാം
ജിയോ ടിവി, ജിയോ സിനിമാ ആപ്പുകള്‍ ഉപയോഗിച്ച് കാണുന്ന വീഡിയോകള്‍ നിങ്ങളുടെ വീട്ടിലെ ടീവിയുമായി ബന്ധിപ്പിച്ച് കാണാനുള്ള സൗകര്യം ജിയോഫോണിലുണ്ട്. അതിനായി പ്രത്യേകം കേബിളും ജിയോ പുറത്തിറക്കും.
വലിയ സ്മാര്‍ട്ഫോണുകള്‍ ഉപയോഗിച്ച് ശീലമായവര്‍ക്ക് ഒരു പക്ഷെ ജിയോ ഫോണിലെ സ്ക്രീനില്‍ വീഡിയോകള്‍ കാണുക എന്നത് അത്ര സുഖകരമായിക്കൊള്ളണം എന്നില്ല. എന്നാല്‍ മള്‍ടിമീഡിയാ സേവനങ്ങള്‍ അധികം ബന്ധമില്ലാത്ത, ഫീച്ചര്‍ഫോണുകള്‍ മാത്രം ഉപയോഗിച്ച് പരിചയിച്ച, വലിയ ഫോണുകള്‍ വാങ്ങാന്‍ കെല്പില്ലാത്ത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അതിവേഗ ഇന്റര്‍നെറ്റ് സേവനവും സൗജന്യ ഫോണ്‍കോളും എല്ലാമുള്ള ജിയോഫോണ്‍ മികച്ച അനുഭവമായിരിക്കും.
എമര്‍ജന്‍സി കോണ്ടാക്റ്റുകള്
ഉപയോക്താക്കളുടെ സുരക്ഷയ്ക്കായാണ് എമര്‍ജന്‍സി കോണ്ടാക്റ്റ് എന്നൊരു സൗകര്യം ജിയോഫോണില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ ഫോണുകളില്‍ 112 എന്നൊരു എമര്‍ജന്‍സി നമ്പര്‍ ഉണ്ടാവാറുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന നമ്പറാണിത്. എന്നാല്‍ ഇതിനോടൊപ്പം തന്നെ നമുക്ക് നേരിട്ട് പരിചയമുള്ള ആളുകളുടെ നമ്പറുകള്‍ എമര്‍ജന്‍സി കോണ്ടാക്റ്റുകളായി ചേര്‍ത്തുവെക്കാനുള്ള സൗകര്യം ജിയോഫോണിലുണ്ടാവും. കീപാഡില്‍ 5 എന്ന നമ്പര്‍ അമര്ത്തിപ്പിടിക്കുമ്പോഴാണ് എമര്‍ജന്‍സി നമ്പറിലേക്ക് കോള്‍ പോവുക. അടിയന്തിര ഘട്ടങ്ങളില്‍ ഇങ്ങനെ 112 എന്ന നമ്പറിലേക്ക് വിളിക്കുന്ന അതേ നിമിഷം തന്നെ നിങ്ങള്‍ നില്ക്കുന്ന ലൊക്കേഷന്‍ എവിടെയാണെന്നുള്ള ഗൂഗിള്‍ മാപ്പ് ലിങ്ക് നിങ്ങള്‍ എമര്‍ജന്‍സി നമ്പറായി ചേര്‍ത്തിട്ടുള്ള നമ്പറുകളിലേക്ക് എസ്എംഎസ് ആയി അയക്കപ്പെടും. ഉപയോക്താക്കള്‍ക്കെല്ലാം പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ഉപയോഗപ്രദമായ നല്ലൊരു ഫീച്ചറാണ് ഇത്.
വോയ്സ് അസിസ്റ്റന്റ്
ഇന്റലിജന്റ് വോയ്സ് അസിസ്റ്റന്റ് ഫീച്ചര്‍ സാധാരണ മുന്‍നിര സ്മാര്‍ട്ഫോണുകളില്‍ മാത്രമായിരിക്കും നിങ്ങള്‍ കണ്ടിട്ടുണ്ടാവുക. ആപ്പിളിലെ സിരി, ഗൂഗിളിലെ ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള സേവനങ്ങള്‍ക്ക് സമാനമായി നിങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് ജിയോഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ആപ്പുകള്‍ തുറക്കുന്നതിനും സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യുന്നതിനും ഈ വോയ്സ് അസിസ്റ്റന്റിന്റെ സഹായം തേടാവുന്നതാണ്.
ജിയോ കണക്ഷന്
ജിയോഫോണ്‍ വാങ്ങുമ്പോള്‍ തന്നെ ഒരു സിംകാര്‍ഡും അതിനൊപ്പം ലഭിക്കും. ഈ സിം കാര്‍ഡ് അടുത്തുള്ള ജിയോ ഡീലറെ സമീപിച്ച് ആക്റ്റിവേറ്റ് ചെയ്യണം. 153 രൂപയുടെ ഓഫറാണ് ജിയോഫോണിനായി പുറത്തിറക്കിയ പ്രത്യേക താരിഫ് പ്ലാന്‍. 28 ദിവസം കാലാവധിയുള്ള ഈ പ്ലാനില്‍ ദിവസം 500 എംബി വീതം നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഫോണില്‍ വീഡിയോ കാണാനും ടിവി കാണാനും എല്ലാം ഈ ഡാറ്റ ധാരാളമാണ്. എന്നാല്‍ ഒരു ടിവിയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കൂടിയ താരിഫ് പ്ലാനുകള്‍ ആക്റ്റേവിറ്റ് ചെയ്യേണ്ടതായി വരും.