അഞ്ചാംതലമുറ സ്മാര്‍ട്‌ഫോണ്‍ യുഗത്തിന് തുടക്കമിടാന്‍ ഷാവോമി ഒരുങ്ങുകയാണ്. ഒരുപക്ഷെ 5ജി കണക്റ്റിവിറ്റി സൗകര്യത്തോടെയെത്തുന്ന ലോകത്തെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും ഷാവോമി എഐ മിക്‌സ് 3. ഷാവോമിയുടെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോണോവന്‍ സങ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രവും പറയുന്നത് അത് തന്നെ.
5ജി കണക്ടിവിറ്റി പരീക്ഷണത്തിലിരിക്കുന്ന ഷാവോമി എംഐ മിക്‌സ് 3 സ്മാര്‍ട്‌ഫോണിന്റെ ചിത്രമാണ് ഡോണോവന്‍ സങ് പുറത്തുവിട്ടത്. ചിത്രത്തില്‍ ഫോണിന് പിന്നിലുള്ള സ്‌ക്രീനിൽ 'NR5G' എന്ന് കാണാം. ഫോണ്‍ ഡിസ്‌പ്ലേയുടെ മുകളിലെ സ്റ്റാറ്റസ് ബാറിലും 5ജി ലോഗോ കാണാവുന്നതാണ്.
ഷാവോമി ഫോണുകളിലെ 5ജി പരീക്ഷണം ഷാവോമി വിജയകരമായി പൂര്‍ത്തിയാക്കിയതായി മറ്റൊരു ട്വീറ്റില്‍ ഡോണോവന്‍ സങ് പറഞ്ഞു. 4ജി നെറ്റ്‌വര്‍ക്ക് വേഗതയേക്കാള്‍ പത്തിരട്ടി വേഗതയായിരിക്കും 5ജി നെറ്റ്‌വര്‍ക്കിനുണ്ടാവുക. അടുത്തവര്‍ഷം മുതല്‍ 5ജി സാങ്കേതിക വിദ്യകള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം 5ജി വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള മോട്ടോ സീ 3 സ്മാര്‍ട്‌ഫോണ്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറക്കിയിരുന്നു. ഒരു 5ജി മോട്ടോമോഡിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. ഷാവോമിയ്ക്ക് പിന്നാലെ ഓപ്പോ, വിവോ പോലുള്ള കമ്പനികളും 5ജി സാങ്കേതിക വിദ്യയ്ക്ക് പിന്നാലെയാണെന്നാണ് വിവരം.
വിവോ നെക്‌സ്, ഓപ്പോ ഫൈന്റ് എക്‌സ് മാതൃകയിലുള്ള വലിപ്പമേറിയ ഡിസ്‌പ്ലേയാണ് എംഐ മിക്‌സ് 3 യ്ക്കുള്ളത്. സെല്‍ഫി ക്യാമറ എവിടെയാണെന്ന് കാണുന്നില്ല. ഒരു പക്ഷെ പ്രത്യേകം മോഡ്യൂള്‍ ആയി സെല്‍ഫി ക്യാമറയെ സ്ഥാപിച്ചിരിക്കാനും ഇടയുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ആണ് ഈ ഫോണില്‍ ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.