ഗാലക്‌സി ഫോള്‍ഡ് ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരിച്ച് സാംസങ് ഇലക്ട്രോണിക്‌സ് ഐടി ആന്റ് മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് പ്രസിഡന്റും സിഇഓയുമായ ഡി.ജെ കോഹ്. സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളായ ഗാലക്‌സി എസ് 10, എസ് 10 പ്ലസ്, എസ്10 ഇ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ വിപണി ഏറെ പ്രധാനപ്പെട്ടതാണെന്നും തനിക്ക് ഇന്ത്യന്‍ വിപണിയോട് ഏറെ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'എന്തുകൊണ്ട് ഞാന്‍ ഈ മാര്‍ക്കറ്റില്‍ ഒരു പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാതിരിക്കണം. തീര്‍ച്ചയായും ഞാന്‍ അത് ചെയ്യും.' അദ്ദേഹം വ്യക്തമാക്കി.
ഫോണ്‍ എന്ന് പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ മറ്റ് വിപണികള്‍ക്കൊപ്പം തന്നെയായിരിക്കും ഇന്ത്യന്‍ വിപണിയിലും ഫോണ്‍ എത്തുക എന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്ന സൂചനയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ തന്നെ സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിക്കാനാണ് തങ്ങള്‍ക്ക് ആഗ്രഹം എന്ന് അദ്ദേഹം പറയുന്നു. ചെലവ് തന്നെയാണ് കാരണം.
ഇന്ത്യന്‍ വിപണി തയ്യാറായാല്‍ ഉടന്‍ തന്നെ ഗാലക്‌സി എസ് 10 5ജി അവതരിപ്പിക്കുമെന്നും അദ്ദേഹം സൂചന നല്‍കി. അതിന് വേണ്ടി ശ്രമിച്ചുവരികയാണെന്നും അതിന്റെ പുരോഗമനത്തിനനുസരിച്ച് 5ജി ഫ്രീക്വന്‍സിയില്‍ പിന്തുണനല്‍കാന്‍ സാംസങ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Content HIghlights: Samsung's president DJ Koh Confirms Galaxy Fold Will Launch in India