മുറിയിലെ ക്യാമറ ഹാക്ക് ചെയ്തു; എട്ട് വയസുകാരിയ ഭയപ്പെടുത്തി ഹാക്കര്‍


അമേരിക്കയിലെ മിസിസിപ്പിയിലുള്ള ഡെസോറ്റോയില്‍ അലീസയെന്ന എട്ട് വയസുകാരിയുടെ മുറിയില്‍ മാതാപിതാക്കള്‍സ്ഥാപിച്ച സ്മാര്‍ട് ക്യാമറ ഒരാള്‍ ഹാക്ക് ചെയ്തു.

കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോവേണ്ടി വരുന്ന മാതാപിതാക്കളില്‍ ചിലര്‍ മക്കളെ നോക്കാന്‍ സ്മാര്‍ട് ക്യാമറകളെ ആശ്രയിക്കാറുണ്ട്. മറ്റൊരിടത്തിരുന്ന് തന്റെ ഫോണിലൂടെ കുട്ടികളെ കാണാമെന്നതാണ് ഇത്തരം സ്മാര്‍ട്ക്യാമറകളുടെ സവിശേഷത. എന്നാല്‍ സ്മാര്‍ട് ക്യാമറകള്‍ വാങ്ങി കുട്ടികളുടെ മുറിയില്‍ വെക്കുന്ന മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്ന ഒരു സംഭവമാണ് അമേരിക്കയിലുണ്ടായത്.

അമേരിക്കയിലെ മിസിസിപ്പിയിലുള്ള ഡെസോറ്റോയില്‍ അലീസയെന്ന എട്ട് വയസുകാരിയുടെ മുറിയില്‍ മാതാപിതാക്കള്‍സ്ഥാപിച്ച സ്മാര്‍ട് ക്യാമറ ഒരാള്‍ ഹാക്ക് ചെയ്തു. താന്‍ സാന്റാ ക്ലോസ് ആണ് എന്ന് പരിചയപ്പെടുത്തിയ ഹാക്കര്‍ കുട്ടിയെ ഭയപ്പെടുത്തി.

സംഭവത്തിന് നാല് ദിവസം മുമ്പാണ് മുറിയില്‍ ക്യാമറ സ്ഥാപിച്ചത്. റിങ് എന്ന ബ്രാന്റിന്റെ ക്യാമറയായിരുന്നു അത്. സംഭവം നടന്ന സമയത്ത് അലീസ അജ്ഞാതമായൊരു ശബ്ദം മുറിയില്‍ നിന്നും കേട്ടു. ക്യാമറയിലെ സ്പീക്കറില്‍ നിന്നായിരുന്നു ആ ശബ്ദം. പക്ഷെ അലീസയ്ക്ക് അത് മനസിലായില്ല. ഒരു പുരുഷന്റെ ശബ്ദമായിരുന്നു.

ആരാണെന്ന് ചോദിച്ചപ്പോള്‍ ' ഞാന്‍ നിന്റെ നല്ല സുഹൃത്താണ്. ഞാന്‍ സാന്റാക്ലോസ്' ആണ് എന്നായിരുന്നു ഹാക്കറുടെ മറുപടി.

ശബ്ദം കേട്ട് അലീസ നന്നായി പേടിച്ചു. അമ്മയെ വിളിച്ച് കരഞ്ഞു. അപ്പോഴും ഹാക്കര്‍ 'ഞാന്‍ സാന്റാ ക്ലോസ്' ആണെന്ന് ആവര്‍ത്തിച്ചു.

ഹാക്കര്‍ ആരാണെന്ന് ഇത് വരെ മനസിലായിട്ടില്ല. അറിയുന്ന ആരെങ്കിലും ആണോ എന്നാണ് അലീസയുടെ അമ്മ ആഷ്‌ലി ലീമേയുടെ ആശങ്ക. മക്കള്‍ ഉറങ്ങുന്നതും വസ്ത്രം മാറുന്നതും ഉള്‍പ്പടെ എല്ലാം അവര്‍ കണ്ടിട്ടുണ്ടാവാം. അവര്‍ പറഞ്ഞു. സംഭവം നടന്ന ഉടന്‍തന്നെ അവര്‍ ക്യാമറ പ്രവര്‍ത്തനരഹിതമാക്കി.

സംഭവം ഗൗരവതരമായി എടുക്കുന്നുവെന്നും ഇതില്‍ അന്വേഷണം നടത്തിവരികയാണെന്നുമാണ് ക്യാമറ നിര്‍മാതാക്കളായ റിങ് അധികൃതരുടെ പ്രതികരണം. റിങിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ചുകൊണ്ടല്ല ഈ ഹാക്കിങ് നടന്നതെന്നാണ് അവര്‍ പറയുന്നത്.

സ്മാര്‍ട് ക്യാമറയുടെ ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ സംവിധാനം ആക്റ്റിവേറ്റ് ചെയ്തിരുന്നില്ലെന്ന് ആഷ്‌ലി ലീമേ പറയുന്നു. ഹാക്ക് ചെയ്യപ്പെടാന്‍ ഇതാണ് കാരണം എന്നാണ് കമ്പനിയുടെ പക്ഷം. പല ഉപയോക്താക്കളും സമാനമായ യൂസര്‍ നെയിമും പാസ് വേഡുകളും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ സാധ്യത ദുരുപയോഗം ചെയ്താണ് ഹാക്കര്‍മാര്‍ കടന്നുകയറുന്നത് എന്ന് റിങ് വിശദീകരിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram