To advertise here, Contact Us



സൈബര്‍സുരക്ഷാ വിദഗ്ദ്ധരെ ഞെട്ടിച്ച ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍


നിഖില്‍ നാരായണന്‍ / nikhilnarayanan@outlook.com

3 min read
Read later
Print
Share

ലോകത്തെ നിരവധി വലിയ ഹാക്കിങ്‌ പദ്ധതികൾക്ക് പിന്നിൽ ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ പരോക്ഷമായ പങ്കുണ്ടെന്ന്‌ മനസ്സിലായിട്ടും ഇതുവരെ സാമ്പത്തിക ഉപരോധങ്ങൾക്കപ്പുറം ഒരു നീക്കവും ഒരു രാജ്യവും എടുത്തിട്ടില്ല.

‘വാണാക്രൈ വൈറസി’നെ ഓർമയില്ലേ...? 2017-ൽ നൂറ്റമ്പതിൽപ്പരം രാജ്യങ്ങളിലെ മൂന്നുലക്ഷം കംപ്യൂട്ടറുകളെ നിശ്ചലമാക്കിയ ഈ വൈറസ്, മോചനദ്രവ്യമായി ‘ബിറ്റ്കോയിൻ’ ചോദിച്ചത്‌ അന്ന് പുതുമയായിരുന്നു.

To advertise here, Contact Us

ഇതിന്‌ ഏതാനും നാളുകൾ മുമ്പ്‌ 2014-ൽ സോണി പിക്ചേഴ്സ് കമ്പനിയിലെ കംപ്യൂട്ടറുകൾ നിശ്ചലമാക്കുകയും അവിടെയുള്ളവരുടെ ഇ-മെയിൽ, ശമ്പള വിവരങ്ങൾ, മെഡിക്കൽ വിവരങ്ങൾ ഒക്കെ ചോർത്തിയ ‘ഗാർഡിയൻസ് ഓഫ് പീസ്’ എന്ന ഹാക്കർമാരെ ഓർമയില്ലേ...? 2016-ൽ ബംഗ്ളാദേശിലെ ബാങ്കിൽ നിന്ന് കോടികൾ മോഷ്ടിച്ച ഹാക്കർമാരെയും മറന്നിരിക്കാൻ വഴിയില്ല. ഇതെല്ലാം എന്തിനാണ് ഒരുമിച്ച് ചോദിക്കുന്നത് എന്നാണോ?

അമേരിക്കൻ നീതിന്യായ വകുപ്പ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ട രേഖകൾ പ്രകാരം ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ചത് ഉത്തര കൊറിയൻ ഹാക്കർമാർ ആയിരുന്നു. മുകളിൽ പറഞ്ഞതടക്കം നിരവധി നുഴഞ്ഞുകയറ്റങ്ങൾക്കും ഉത്തരവാദി ‘പാർക്ക് ജിൻ ഹ്യോക്ക്’ എന്ന ഹാക്കർ ആണെന്ന് ഇതിൽ പറയുന്നു. ഉത്തര കൊറിയൻ സർക്കാർ തന്നെയാണ് ഈ ഹാക്കുകൾക്ക് പിന്നിൽ എന്നാണ്‌ പറയപ്പെടുന്നത്. ‘പാർക്ക്’ ഉത്തര കൊറിയയിലെ ‘ചോസൂൺ എക്സ്പോ ജോയിന്റ് വെഞ്ച്വർ’ എന്ന കമ്പനിയിലെ ജോലിക്കാരൻ ആയിരുന്നത്രേ. ഈ കമ്പനി ആകട്ടെ, അവിടത്തെ സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് പുകമറ സൃഷ്ടിക്കാൻ വേണ്ടിയുള്ള കടലാസുകമ്പനിയും.

ചൈനയിൽ ജോലി ചെയ്തിട്ടുള്ള പാർക്ക്, കൊറിയയിലേക്ക് തിരിെച്ചത്തിയ ശേഷമാണ് സോണിയിൽ കംപ്യൂട്ടറുകൾക്കുള്ളിലേക്ക് നുഴഞ്ഞു കയറിയത്. പാർക്കിന്റെ പേരാണ്‌ എടുത്തുപറയുന്നതെങ്കിലും ഒറ്റയ്ക്കല്ല കുറ്റം ചെയ്തതെന്നത്‌ സ്പഷ്ടമാണ്. അതും ഈ രേഖകളിൽ പറയുന്നു. ഈ കുറ്റകൃത്യങ്ങളിൽ നിരവധിപ്പേർ പങ്കാളികൾ ആയിരിന്നിരിക്കുമെങ്കിലും എല്ലാ തെളിവുകളും കൂട്ടിക്കിഴിച്ച് ഇവരുടെ പ്രവർത്തനങ്ങളുടെ ചുരുളഴിയ്ക്കൽ എളുപ്പമല്ല. അതാണ്, പാർക്കിൽ മാത്രം ഈ കുറ്റം എത്തിനിൽക്കുന്നത്.

ഉത്തര കൊറിയൻ സർക്കാർ തീറ്റിപ്പോറ്റുന്ന, 2009 മുതൽ ലോകത്തെ വിറപ്പിക്കുന്ന ‘ലസാറസ്’ എന്ന ഹാക്കർമാരുടെ ശൃഖലയിൽ പെട്ടതാണ് പാർക്ക് എന്ന് അനുമാനിക്കപ്പെടുന്നു.

എതൊരു കുറ്റവാളിയും ഒരബദ്ധം എങ്കിലും ചെയ്യാതിരിക്കില്ലല്ലോ. അത്‌ തപ്പി കണ്ടുപിടിക്കുന്നതിലാണല്ലോ അന്വേഷണ ഏജൻസികളുടെ വിജയം. ഇവിടെ പാർക്ക് കാണിച്ച ചില അബദ്ധങ്ങൾ പിന്തുടർന്നാണ് ഇത്രയും തെളിവുകൾ അന്വേഷണ ഏജൻസികൾ സ്വരൂപിച്ചത്. ഹാക്ക് ചെയ്യപ്പെട്ട കംപ്യൂട്ടറുകളിൽ നിന്ന് ലോഗിൻ ചെയ്ത സമൂഹമാധ്യമ പ്രൊഫൈലുകൾ, മെയിൽ ബോക്സുകൾ ഒക്കെ, പാർക്ക്‌ എന്ന കുറ്റവാളിയിലേക്കെത്താൻ ഏജൻസികളെ സഹായിച്ചിട്ടുെണ്ടന്നാണ്‌ പറയപ്പെടുന്നത്. എന്നാലും, ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഈ അന്വേഷണത്തിൽ നിന്ന് പുറംലോകം അറിഞ്ഞിരിക്കുന്നത്.

ഉത്തര കൊറിയൻ ഹാക്കർമാരുടെ ഹാക്കിങ്‌ പരിജ്ഞാനവും ടൂളുകളും സൈബർ സുരക്ഷാ വിദഗ്ദ്ധരെ വരെ ഞെട്ടിച്ചിരുന്നു. തങ്ങളുടെ ഹാക്കിങ്‌ പ്രവർത്തനങ്ങൾക്ക് ഭരണസംവിധാനത്തിന്റെ പൂർണരീതിയിലുള്ള പിന്തുണ മാത്രമല്ല, പണവും ടൂളുകളും ലഭ്യമാണെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു.

പണം മോഷ്ടിക്കുക എന്നതാണ് ഇവരുടെ മിക്കവാറുമുള്ള പ്രവർത്തനലക്ഷ്യമെങ്കിലും സോണി കമ്പനിയിലെ വ്യക്തിവിവരങ്ങൾ പൊതു ഇടത്തിൽ ഇട്ടതിനു പിന്നിലെ കാരണം മറ്റൊന്നായിരുന്നു. കിം ജോങ്‌ ഉന്നിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ‘ദി ഇന്റർവ്യൂ’ സോണി ഇറക്കുന്നതിന്‌ പകരംചോദിക്കുക എന്നതായിരുന്നു ഹാക്കർമാരുടെ ലക്ഷ്യം. ‘ദി ഇന്റർവ്യൂ’ എന്ന സിനിമയിലെ അഭിനേതാക്കളെയും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും കുറിച്ച്‌ നെറ്റിൽ പരതിയ അതേ മെയിൽ വിലാസത്തിൽ നിന്നാണ്, ബംഗ്ലാദേശിലെ ബാങ്കിലേക്ക് നുഴഞ്ഞുകയറാനുള്ള ഫിഷിങ് മെയിലുകൾ അയച്ചത്‌. ഇതു കൂടാതെ ഈ രണ്ട് ഹാക്കുകളിലും ഒരേ മാൽവെയർ, കംപ്യൂട്ടറുകളെ നിശ്ചലമാക്കാൻ ഉപയോഗിച്ചു എന്നതും ഇവ രണ്ടും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവരുന്നു.

ഇതിനു ശേഷം വന്ന ‘വാണാക്രൈ’ ആക്രമണത്തിൽ ഇതേ മെയിൽ വിലാസത്തിന്റെയും ഐ.പി. വിലാസങ്ങളുടെയും പങ്ക്, ഇവയെല്ലാം ഒരിടത്തു നിന്ന് ഉത്ഭവിച്ചതാണെന്ന്‌ തെളിയിക്കുന്നു.

ലോകത്തെ നിരവധി വലിയ ഹാക്കിങ്‌ പദ്ധതികൾക്ക് പിന്നിൽ ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ പരോക്ഷമായ പങ്കുണ്ടെന്ന്‌ മനസ്സിലായിട്ടും ഇതുവരെ സാമ്പത്തിക ഉപരോധങ്ങൾക്കപ്പുറം ഒരു നീക്കവും ഒരു രാജ്യവും എടുത്തിട്ടില്ല. ആദ്യമായാണ് അമേരിക്ക നിയമപരമായി ഇവർക്കെതിരേ കരുക്കൾ നീക്കുന്നത്.

നട്ടാൽ മുളയ്ക്കുന്ന നുണകൾ പടച്ചുവിട്ട്‌ തിരഞ്ഞെടുപ്പിനെ വരെ സ്വാധീനിച്ചതിന്‌ റഷ്യൻ ഏജന്റുമാർക്കെതിരേയും അമേരിക്കൻ സർവകലാശാലകളുടെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്തത്തിന്‌ ഇറാനിയൻ ഹാക്കർമാർക്കെതിരേയും നിയമപരമായി നീങ്ങിയതിന്‌ തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ പുതിയ നീക്കം.

ഇതൊക്കെക്കൊണ്ട് വല്ലതും നടക്കുമോ...? ഈ നടപടികൾകൊണ്ട് എന്താണ് സംഭവിക്കാൻ പോകുന്നത്...? ഒറ്റപ്പെട്ടുകിടക്കുന്ന ഉത്തര കൊറിയയ്ക്ക് എന്തു സംഭവിക്കും...? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം ലളിതമാണ്... അവിടെയുള്ള ഭരണകൂടത്തിന്റെ അനുഗ്രഹത്തോടെ പ്രവർത്തിക്കുന്ന സൈബർ യുദ്ധ പോരാളികളെ അമേരിക്കയ്ക്ക് അടുെത്താന്നും തൊടാൻ സാധിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ, ഇത്തരം അന്വേഷണങ്ങൾ സർക്കാരുകളെയും കമ്പനികളെയും ഉത്തര കൊറിയൻ ഹാക്കർമാരുടെ ശക്തിയെക്കുറിച്ചും അവരുടെ പക്കലുള്ള ആയുധങ്ങളെക്കുറിച്ചും മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ഈ ഹാക്കർമാരിൽ നിന്ന് സ്വയം രക്ഷനേടാൻ അവരെക്കുറിച്ച് അറിഞ്ഞല്ലേ പറ്റൂ.

പിടികിട്ടിയാൽ ഇരുപത്തഞ്ച് വർഷം വരെ ജയിലിൽ കിടക്കുന്ന കുറ്റമാണ് പാർക്ക് ചെയ്തതെങ്കിലും കുറ്റം പ്രോസിക്യൂട്ട് ചെയ്യുന്നതും പിടിച്ച്‌ ജയിലിൽ ഇടുന്നതും ഒന്നും നടക്കുന്ന കാര്യമാണെന്ന് തോന്നുന്നില്ല. എന്നാലും ‘സൈബർ യുദ്ധം’ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ഒരു ഭരണകൂടത്തെ ലോകത്തിനു മുന്നിൽ നാണംകെടുത്താൻ ഈ കുറ്റപത്രംകൊണ്ട് ആയാലോ എന്ന പ്രതീക്ഷയിലാകണം അമേരിക്കൻ സർക്കാർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us