എച്ച്പിയുടെ ഓമെന്‍ ഗെയിമിങ് ലാപ്‌ടോപ് പരമ്പരയിലെ ഓമെന്‍ 15 (2018) ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ചടുലത നിറഞ്ഞ രൂപകല്‍പ്പനയില്‍ ആവേശം നിറഞ്ഞ ഗെയിമിങ് അനുഭവങ്ങള്‍ നല്‍കുന്ന ഗെയിമിങ് ലാപ്‌ടോപ്പാണ് എച്ച്പിയുടെ ഒമെന്‍ 15 (2018). ചില മാറ്റങ്ങളുമായാണ് ഒമെൻ 15 ൻറെ പുതിയ പതിപ്പ് പോയ വർഷം വിപണിയിലെത്തിയത്. ഗെയിമർമാർക്കായി ഒരുക്കിയിട്ടുള്ള ഈ ലാപ്ടോപ്പ് ഒന്ന് പരിചയപ്പെടാം.
പരിചയപ്പെടാം
ഓമെന്‍ എന്ന പേരിലുള്ള എച്ച്പിയുടെ ഗെയിമിങ് ലാപ്‌ടോപ്പ് ശ്രേണിയിലുള്ള ലാപ്‌ടോപ്പാണ് ഓമെന്‍ 15 (2018). വിപണിയില്‍ 1,28590 രൂപയോളം വിലയുള്ള ഈ ലാപ്‌ടോപ്പില്‍ എട്ടാം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രൊസസര്‍, എന്‍വിഡിയ ജിഫോഴ്‌സ് ജി.ടി.എക്‌സ് 1050 ടിഐ ഗ്രാഫിക്‌സ് സംവിധാനം, 16 ജിബി റാം, 1 ടിബി സ്റ്റോറേജ്, 128 ജിബി എസ്എസ്ഡി സ്റ്റോറേജ്, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോടുകൂടിയ 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ സൗകര്യം തുടങ്ങി ഗെയിമിങിന് വേണ്ടിയുള്ള മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കാഴ്ചയില്‍ ചടുലമായ രൂപകല്‍പ്പനയാണ് ഓമെന്‍ 15 ലാപ്‌ടോപ്പിന്. കറുപ്പിന്റേയും ചുവപ്പിന്റേയും സമ്മിശ്ര രൂപകല്‍പന. 2017 ല്‍ പുറത്തിറങ്ങിയ പതിപ്പില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ 2018 ല്‍ പുറത്തിറങ്ങിയ പതിപ്പിനുണ്ട്.
സ്‌ക്രീനിന്റെ വശങ്ങളുടെ വലിപ്പം പരമാവധി കുറച്ചിട്ടുണ്ട്. ഇതുവഴി മുന്‍ഗാമിയില്‍ നിന്നും 7.4 % വീതിക്കുറവ് ലാപ്‌ടോപ്പിന് ലഭിക്കുന്നു. കൂടാതെ കീബോഡിലെ കീകളുടെ ക്രമീകരണത്തില്‍ ചെറിയ മാറ്റം വരുത്തിയും. കീകള്‍ക്ക് നാല് വ്യത്യസ്ത നിറങ്ങളിലുള്ള പ്രകാശ സംവിധാനമൊരുക്കി അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മൈക്രോ സോഫ്റ്റിന്റെ എക്‌സ് ബോക്‌സ് അഡാപ്റ്രീവ് കണ്‍ട്രോളര്‍ സംവിധാനവും ലാപ്‌ടോപ്പില്‍ ലഭ്യമാണ്. സാധാരണ ആളുകളെ പോലെ കൈകള്‍ ഉപയോഗിച്ച് ഗെയിം നിയന്ത്രിക്കാന്‍ പരിമിതികള്‍ ഉള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ഫീച്ചര്‍.
ഫോര്‍ സോണ്‍ ലൈറ്റിങ് സംവിധാനം
കീകള്‍ക്ക് പിറകില്‍ നാല് വ്യത്യസ്ത നിറങ്ങളിലുള്ള പ്രകാശം നല്‍കിയിരിക്കുന്നു. വലത് ഭാഗത്ത് നീല നിറവും മധ്യഭാഗത്തായി വയലറ്റ് നിറവും ഇടത് ഭാഗത്ത് ചുവപ്പ് നിറവും പ്രധാന നിറങ്ങളായി നല്‍കിയിരിക്കുന്നു. ഇടത് ഭാഗത്ത് ഗെയിം നാവിഗേഷനായി ഉപയോഗിക്കുന്ന W,A,S,D ബട്ടനുകള്‍ക്ക് മാത്രമായി മഞ്ഞ നിറവും നല്‍കിയിയിരിക്കുന്നു. കളിക്കാര്‍ക്ക് ഗെയിം കളിക്കുന്നതിനിടെ ബട്ടനുകള്‍ എളുപ്പം തിരിച്ചറിയാനും കൃത്യതയോടെ ഗെയിം നിയന്ത്രിക്കാനും ഇത് സഹായിക്കും. സാധാരണ ഗെയിമിങ് ലാപ്‌ടോപ്പുകളില്‍ WASD ബട്ടനുകള്‍ക്ക് പ്രാമുഖ്യം നല്‍കാറുണ്ട്.
റാം, സ്റ്റോറേജ്, പ്രൊസസര്‍, ഗ്രാഫിക്‌സ്
16 ജിബി ഡിഡിആര്‍4 റാം ആണ് ഓമെന്‍ 15 ലാപ്‌ടോപ്പിലുള്ളത്. വലിയ ഗെയിമുകള്‍ക്ക് ഇത്രയും വേണ്ടതാണ്. ലാപ്‌ടോപ്പ് ഹാങ് ആവുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാണ്. ഉപയോഗിച്ചു നോക്കുമ്പോള്‍ ഗെയിം സോഫ്റ്റ് വെയറുകള്‍ ഉള്‍പ്പടെയുള്ള ലാപ്‌ടോപ്പിലെ സോഫ്റ്റ് വെയറുകളെല്ലാം അതിവേഗം തുറന്നുവരുന്നുണ്ട്. ഒരോ ക്ലിക്കിലും അതിവേഗം പ്രതികരിക്കുന്നുണ്ട് എന്നുള്ളത് ഒരുനേട്ടമാണ്.
വീഡിയോ ഗെയിമുകള്‍ക്ക് പൊതുവെ ഒരു ജിബിയില്‍ കൂടുതല്‍ ഫയല്‍ വലിപ്പം ഉണ്ടാവാറുണ്ട്. സാധാരണ കംപ്യൂട്ടറുകളില്‍ അങ്ങനെയുള്ള ഒന്നോ രണ്ടോ ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചെങ്കിലായി.
എന്നാല്‍ ഒരു ടിബി ഹാര്‍ഡ് ഡ്രൈവ് സ്റ്റോറേജും 128 ജിബി എസ്എസ്ഡി സ്റ്റോറേജ് സൗകര്യവും ഉള്ള ഡ്യുവല്‍ സ്റ്റോറേജ് സംവിധാനമാണ് ഓമെന്‍ 15 ലാപ്‌ടോപ്പിലുള്ളത്. അപ്പോള്‍ സ്റ്റോറേജ് പരിമിതിയായി പറയാനാവില്ല.
എന്‍വിഡിയ ജിഫോഴ്‌സ് ജി.ടി.എക്‌സ് 1050 ടിഐ ഗെയിമിങ് ഗ്രാഫിക്‌സുകള്‍ മികവുറ്റതാക്കാൻ ശേഷിയുള്ളതാണ്.
144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍
ഗെയിമിലെ ഗ്രാഫിക്‌സുകള്‍ മികച്ച രീതിയില്‍ സ്‌ക്രീനില്‍ ദൃശ്യമാവുമ്പോഴേ അതിനൊരു ഭംഗിയുണ്ടാവൂ. സ്‌ക്രീനിന് മികച്ച റിഫ്രഷ് റേറ്റ് ഉണ്ടെങ്കിലെ അത് സാധ്യമാവൂ. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ആണ് ഓമെന്‍ 15 (2018) വാഗ്ദാനം ചെയ്യുന്നത്. 4കെ സൗകര്യമുള്ള ഡിസ്‌പ്ലേയാണിതിന്. എങ്കിലും 1080 പിക്‌സല്‍ റസലൂഷനിലുള്ള ഡിസ്‌പ്ലേ ഓപ്ഷനിലാണ് 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവുക. 4കെ റസലൂഷനില്‍ 60ഹെര്‍ട്‌സ് റിഫ്രഷ് റേറ്റാണുള്ളത്. കൂടാതെ ഗെയിമിന്റെ ഫ്രെയിം റേറ്റിനനുസരിച്ച് മോണിറ്ററിന്റെ റിഫ്രഷ് റേറ്റ് ക്രമീകരിക്കുന്ന എന്‍വിഡിയയുടെ ജി-സിങ്ക് സംവിധാനം ഈ ലാപ്‌ടോപ്പിന്റെ ഒരു നേട്ടമാണ്.
തൊട്ടാല്‍ പൊള്ളില്ല
ഒരുപാട് ഗ്രാഫിക്‌സും മറ്റ് സംവിധാനങ്ങളുമുള്ള ഗെയിമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കംപ്യൂട്ടര്‍ ഹാര്‍ഡ് വെയറിന് അധ്വാനമുള്ള പണിയാണ്. സാധാരണ ലാപ്‌ടോപ്പുകള്‍ ഒരു പരിധിയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിച്ചാല്‍ ചൂടാവുന്ന പ്രശ്‌നം വരാറുണ്ട്. എന്നാല്‍ ആ പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ ശക്തിയേറിയ ഫാന്‍ സംവിധാനമാണ് ഓമെന്‍ 15 ലാപ്‌ടോപ്പില്‍ ഒരുക്കിയിട്ടുള്ളതെന്ന് എച്ച്പി വ്യക്തമാക്കുന്നു.
മികച്ച ശബ്ദ സംവിധാനം
ബാങ് ആന്റ് ഒലൂഫ്‌സെന്‍ ബ്രാന്റുമായി സഹകരിച്ചാണ് ഓമെന്‍ ലാപ്‌ടോപ്പില്‍ ശബ്ദ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഡിടിഎസ് ശബ്ദസംവിധാനത്തോടുകൂടിയെ ഹെഡ്‌സെറ്റ് ജാക്കും നല്‍കിയിരിക്കുന്നു.
എന്തിനും സഹായിക്കുന്ന ഓമെന്‍ കമാന്റ് സെന്റര്‍
ഓമെന്‍ 15 ലാപ്‌ടോപ്പിന് തനതായി നല്‍കിയിട്ടുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിയന്ത്രിക്കാനുള്ള ഒരു ഏകജാലക സംവിധാനമാണ് ഓമെന്‍ കമാന്റ് സെന്റര്‍. ലാപ്‌ടോപ്പിന് വേണ്ട ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നിയന്ത്രിക്കുക, കീബോഡിലെ പ്രകാശ സംവിധാനം നിയന്ത്രിക്കുക, ഫാന്‍ സ്പീഡ് നിയന്ത്രിക്കുക തുടങ്ങി ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ കമാന്റ് സെന്റര്‍ സഹായിക്കും.
ഗെയിം സ്ട്രീമിങ്
ഗെയിം സ്ട്രീം സംവിധാനം ഇന്‍ബില്‍റ്റായി നല്‍കിയിട്ടുണ്ട്. ഒരു ഗെയിം തുറക്കുമ്പോള്‍ തന്നെ ഗെയിം സ്ട്രീമിനുള്ള ഓപ്ഷനുകള്‍ തുറന്നുവരും. സ്ട്രീം സെറ്റിങ്‌സ് കമാന്റ് സെന്ററിലാണുള്ളത്.
അതേസമയം ലാപ്‌ടോപ്പിന്റെ ബാറ്ററി ദൈര്‍ഘ്യം ഒരു പരിമിതിയായി കാണാം. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സാധാരണ വീഡിയോ പ്ലേ ചെയ്യുന്നതിനുമായി കൂടിയത് അഞ്ച് മണിക്കൂര്‍ വരെയാണ് ലഭിക്കുന്നത്.
അങ്ങനെ ആകെ മൊത്തം വീഡിയോ ഗെയിം ആരാധകരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് തയ്യാറാക്കിയിട്ടുള്ള രൂപകല്‍പനയാണ് ഒമെന്‍ 15 (2018) നുള്ളത്. എന്നാല്‍ ഗെയിമിങിന് മാത്രമല്ല സാധാരണ ആവശ്യങ്ങള്‍ക്കായി മികച്ചൊരു ലാപ്‌ടോപ്പ് തിരയുന്നവര്‍ക്കും ഓമെന്‍ 15 (2018) നെ ആശ്രയിക്കാം. വിഡിയോ കാണുന്നതിനും, ഗ്രാഫിക്‌സും മികച്ച റാം ശേഷിയും വേണ്ട മറ്റ് ആവശ്യങ്ങള്‍ക്കും ഒമെന്‍ 15 (2018) ലാപ്‌ടോപ്പിലെ സാങ്കേതിക സംവിധാനങ്ങള്‍ അനുയോജ്യമാണ്.
Content Highlights: Hp gaming laptop Omen 15 2018 review in malayalam