പ്രതീകാത്മക ചിത്രം | Photo: REUTERS|Dado Ruvic|Files
പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നതില്‍നിന്ന് വാട്സാപ്പിനെ തടയണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. 2011-ലെ വിവരസാങ്കേതികവിദ്യാ ചട്ടങ്ങള്‍ ലംഘിക്കുന്നതാണ് വാട്സാപ്പിന്റെ സ്വകാര്യതാ നയമെന്ന് കേന്ദ്ര ഐ.ടി. മന്ത്രാലത്തിന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
സ്വകാര്യതാനയം പിന്‍വലിക്കാനോ അല്ലെങ്കില്‍ അതില്‍നിന്ന് ഒഴിവാകാന്‍ ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കാനോ വാട്സാപ്പിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡോ. സീമ സിങ്, മേഘന്‍, വിക്രം സിങ് എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സ്വകാര്യതാനയം ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
വാട്സാപ്പിന്റെ സ്വകാര്യതാനയം ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഫെബ്രുവരിയില്‍ കമ്പനിക്ക് നോട്ടീസയച്ചിരുന്നു. നിങ്ങളുടെ പണത്തെക്കാള്‍ വലുതാണ് ജനങ്ങളുടെ സ്വകാര്യതയെന്ന് വാട്‌സാപ്പിനോട് സുപ്രീംകോടതി പറഞ്ഞു. ഈവിഷയം ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നകാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ മുന്നിലിരിക്കുന്ന വിഷയം ഹൈക്കോടതിക്ക് കേള്‍ക്കാമോ എന്ന് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കിയിരുന്നു.
ജനുവരി നാലിനാണ് വാട്സാപ്പ് സ്വകാര്യതാനയം പുതുക്കിയത്. ഇതംഗീകരിക്കാത്തവര്‍ വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനായിരുന്നു നിര്‍ദേശം. ഇന്ത്യയിലും യൂറോപ്പിലും വ്യത്യസ്ത സ്വകാര്യതാ നയമാണ് വാട്‌സാപ്പ് നടപ്പാക്കുന്നതെന്നും വാദമുണ്ട്.
അതേസമയം, വ്യക്തികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള സന്ദേശങ്ങളെല്ലാം എന്‍ക്രിപ്റ്റഡ് ആയിത്തന്നെ തുടരുമെന്നാണ് വാട്‌സാപ്പിന്റെ വാദം. വാട്സാപ്പ് വഴിയുള്ള ബിസിനസ് ചാറ്റുകള്‍ക്ക് മാത്രമാണ് പുതിയ നയം ബാധകമാവുകയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Content Highlights: Central Government Wants To Stop Whatsapp New Privacy Policy