മൂന്നാര്‍: ശമ്പളവര്‍ധന സംബന്ധിച്ച് 26ന് നടക്കുന്ന പി.എല്‍.സി. (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) ചര്‍ച്ചയില്‍ തങ്ങളാവശ്യപ്പെട്ട 500 രൂപ ശമ്പളം നല്‍കാത്തപക്ഷം സമരം പുനരാരംഭിക്കാന്‍ കെ.ഡി.എച്ച്.പി. കമ്പനിയിലെ സ്ത്രീതൊഴിലാളികള്‍ തയ്യാറെടുക്കുന്നു. 20 ശതമാനം ബോണസ് ആവശ്യപ്പെട്ട് ഒന്‍പതു ദിവസം നടത്തിയതിലും ശക്തമായ രീതിയില്‍ സമരം നടത്താനാണ് തീരുമാനമെന്ന് ബോണസ് സമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ലിസി സണ്ണി പറഞ്ഞു.
ബോണസ് സമരം ഒത്തുതീര്‍പ്പായശേഷം ജോലിക്കിറങ്ങിയ തൊഴിലാളികള്‍, മിനിമം ശമ്പളത്തിനുള്ള 21 കിലോ കൊളുന്ത് മാത്രമേ പി.എല്‍.സി. ചര്‍ച്ച നടക്കുന്ന 26-ാം തിയ്യതി വരെ എടുക്കൂ എന്നും അവര്‍ പറഞ്ഞു. പി.എല്‍.സി. ചര്‍ച്ചയില്‍ തങ്ങളാവശ്യപ്പെട്ട ശമ്പളവര്‍ധന ലഭിക്കാതെവന്നാല്‍ സ്ത്രീതൊഴിലാളികള്‍ ഒന്നടങ്കവും കമ്പനി റീജണല്‍ ഓഫീസിനു മുന്നില്‍ പഴയപടിതന്നെ സമരം നടത്തും. അവിടെത്തന്നെ ഭക്ഷണം ഉണ്ടാക്കിക്കഴിച്ച്, കിടന്നുറങ്ങാനുമാണ് തീരുമാനമെന്നും ലിസി പറഞ്ഞു.
ഒന്‍പതുനാള്‍ നീണ്ട ഐതിഹാസിക സമരത്തില്‍ നിന്ന് സ്വന്തം വീടുകളിലെ പുരുഷന്മാരെപ്പോലും അകറ്റിനിര്‍ത്തിയത് ഇവര്‍ സ്വാധീനത്തിന് വഴങ്ങാനുള്ള സാധ്യത കൊണ്ടായിരുന്നെന്നും സ്ത്രീകള്‍ വ്യക്തമാക്കി. മദ്യപിച്ചുവന്ന് സമരസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയാല്‍ എല്ലാം കുളമാകും എന്നും ഇവര്‍ കണക്കുകൂട്ടി. ഈ ദിവസങ്ങളില്‍ മൂന്നാറില്‍ ഡ്രൈഡേ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഈ സാധ്യത ഒരുപരിധിവരെ തടയുകയും ചെയ്തു. ഒരുവശത്ത് സമരവും മറുവശത്ത് മാനേജ്‌മെന്റുമായുള്ള ഒത്തുകളിയുമാണ് യൂണിയന്‍ നേതാക്കളുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളതെന്നും ഇവര്‍ കുറ്റപ്പെടുത്തി.