ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ റാഫേല്‍ നഡാല്-കെവിന്‍ ആന്‍ഡേഴ്‌സണ്‍ പോരാട്ടം. റോജര്‍ ഫെഡററെ മറികടന്നെത്തിയ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ തോല്‍പ്പിച്ചാണ് നഡാല്‍ ഫൈനല്‍ ടിക്കെറ്റെടുത്തത്.
ലോകറാങ്കിങ്ങില്‍ ഒന്നാമതുള്ള നഡാല്‍ ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റില്‍ പരാജയപ്പെട്ട ശേഷം പിന്നീട് തുടര്‍ച്ചയായ മൂന്നു സെറ്റും നഡാല്‍ സ്വന്തമാക്കി. 24-ാം സീഡ് ഡെല്‍ പോട്രൊയ്ക്ക് ഒരവസരവും നല്‍കാതെയായിരുന്നു അവസാന മൂന്നു സെറ്റില്‍ നഡാലിന്റെ പോരാട്ടം. സ്‌കോര്‍: 4-6,6-0,6-3,6-2.
തിങ്കളാഴ്ച്ച നടക്കുന്ന ഫൈനലില്‍ വിജയിക്കാനായാല്‍ നഡാലിന് 16-ാം ഗ്രാന്‍സ്ലാം കിരീടമെന്ന നേട്ടത്തിലെത്താം. ഒപ്പം യു.എസ് ഓപ്പണില്‍ മൂന്നാമത്തെ കിരീടവും അക്കൗണ്ടിലെത്തും.
സ്പാനിഷ് താരം പാബ്ലൊ ബുസ്റ്റയെ തോല്‍പ്പിച്ചാണ് 28-ാം സീഡ് കെവിന്‍ ആന്‍ഡേഴ്‌സണ്‍ ഫൈനലിലെത്തിയത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. സ്‌കോര്‍: 4-6,7-5,6-3,6-4. തന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടത്തിനാണ് ആന്‍ഡേഴ്‌സണിന്റെ പോരാട്ടം.
ജൂണില്‍ നടന്ന ഫ്രഞ്ച് ഓപ്പണില്‍ നഡാല്‍ കിരീടം ചൂടിയിരുന്നു. സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയെ തോല്‍പ്പിച്ചായിരുന്നു നഡാലിന്റെ കിരീടനേട്ടം. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തിയ നഡാല്‍ പക്ഷേ റോജര്‍ ഫെഡററോട് തോല്‍ക്കുകയും ചെയ്തു. യു.എസ് ഓപ്പണ്‍ നേടിയാല്‍ ഈ സീസണില്‍ നഡാല്‍ നേടുന്ന രണ്ടാമത്തെ ഗ്രാന്‍സ്ലാം കിരീടമാവും അത്.
❗❗❗@RafaelNadal defeats Del Potro 4-6, 6-0, 6-3, 6-2 and returns to the #USOpen final for the first time since 2013! pic.twitter.com/OWNC4qsUze
— US Open Tennis (@usopen) 9 September 2017