പാരീസ്: ടോപ് സീഡുകളായ റാഫേല്‍ നഡാലും സിമോണ ഹാലെപ്പും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അതേസമയം, 23 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടി റെക്കോഡിട്ട സെറീന വില്യംസ് പരിക്കുമൂലം പിന്മാറിയതിനാല്‍ രണ്ടുവട്ടം ചാമ്പ്യനായ റഷ്യക്കാരി മരിയ ഷറപ്പോവയ്ക്ക് ക്വാര്‍ട്ടറിലേക്ക് വാക്കോവര്‍ കിട്ടി.
വനിതാവിഭാഗം രണ്ടാം സീഡായ ഡെന്മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കിയും പുരുഷവിഭാഗം ആറാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണും പ്രീക്വാര്‍ട്ടറില്‍ ഇടറിവീണു. പുരുഷവിഭാഗം 12-ാം സീഡ് അര്‍ജന്റീനിയുടെ ഡീഗോ ഷ്വാര്‍ട്‌സ്മാന്‍, വനിതാവിഭാഗം 12-ാം സീഡ് ആഞ്ജലിക് കെര്‍ബര്‍, 14-ാം സീഡ് ഡാരിയ കസാട്കിന എന്നിവര്‍ അവസാന എട്ടു കളിക്കാരുടെ പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.
പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ ലക്ഷ്യമിടുന്ന നഡാല്‍ നേരിട്ടുള്ള സെറ്റില്‍ ജര്‍മന്‍ താരം മാക്‌സ്മിലിയന്‍ മാര്‍ട്ടെററെയാണ് പരാജയപ്പെടുത്തിയത് (6-3, 6-2, 7-6). റൊളാങ്ഗാരോയില്‍ തുടരെ 12-ാം തവണയും ക്വാര്‍ട്ടറിലെത്തി മറ്റൊരു റെക്കോഡും ഞായറാഴ്ച 32-ാം പിറന്നാളാഘോഷിച്ച സ്പാനിഷ് താരം സ്വന്തമാക്കി. 16 ഗ്രാന്‍സ്ലാം കിരീടത്തിന് അവകാശിയായ നഡാല്‍ സെമി സ്ഥാനത്തിനായി ഷ്വാര്‍ട്‌സ്മാനെ എതിരിടും. രണ്ടു സെറ്റിന് പിന്നിലായശേഷം തിരിച്ചടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണെയാണ് ഷ്വാര്‍ട്‌സ്മാന്‍ കീഴടക്കിയത്. സ്‌കോര്‍: 1-6, 2-6, 7-5, 7-6, 6-2.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ വോസ്‌നിയാക്കിക്കെതിരേ വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് മുന്‍ ജൂനിയര്‍ ചാമ്പ്യനും 21-കാരിയുമായ കസാട്‌സ്‌കിന ആദ്യ ഗ്രാന്‍സ്ലാം ക്വാര്‍ട്ടറിന് അര്‍ഹതനേടിയത്. സ്‌കോര്‍: 7-6, 6-3. കെര്‍ബര്‍ നാലാം റൗണ്ടില്‍ ഏഴാം സീഡ് ഫ്രാന്‍സിന്റെ കരോളിന്‍ ഗാര്‍സിയയെ നേരിട്ടുള്ള സെറ്റില്‍ വീഴ്ത്തി (6-2, 6-3).
നെഞ്ചിലെ പേശികള്‍ക്കേറ്റ ക്ഷതം കാരണമാണ് ഷറപ്പോവയ്‌ക്കെതിരായ നാലാം റൗണ്ട് മത്സരത്തില്‍നിന്ന് 36-കാരിയായ സെറീന പിന്മാറിയത്. കളി തുടങ്ങാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു പിന്മാറ്റപ്രഖ്യാപനം. 20 വര്‍ഷം നീണ്ട കരിയറില്‍ സെറീന പരിക്കുമൂലം ഒരു മത്സരം ഉപേക്ഷിക്കുന്നത് ആദ്യമായിട്ടാണ്.
സര്‍വീസ് ചെയ്യുമ്പോഴുണ്ടാകുന്ന കഠിനമായ വേദന മത്സരത്തില്‍നിന്നു പിന്മാറാന്‍ സെറീനയെ നിര്‍ബന്ധിതമാക്കുകയായിരുന്നു. ജൂലിയ ജോര്‍ജസിനെതിരായ മൂന്നാം റൗണ്ട് മത്സരത്തിനിടെയാണ് പരിക്കേറ്റത്. സെറീനയെ തോല്‍പ്പിക്കാനായില്ലെങ്കിലും 14 വര്‍ഷത്തിനുശേഷം ആദ്യമായി അവരെ മറികടന്ന് ക്വാര്‍ട്ടറിലെത്തിയെന്ന് ഷറപ്പോവയ്ക്ക് ആശ്വസിക്കാം. തുടര്‍ച്ചയായ 18 തോല്‍വികള്‍ക്കുശേഷമാണിത്.
Content Highlights: Serena Williams Withdraws With Injury Before Facing Sharapova French Open