പാരിസ്: ഈ മാസം തുടങ്ങാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്ന് മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ പിന്‍വാങ്ങി. ഇത് തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
കഴിഞ്ഞ തവണ പരിക്ക് മൂലം ഫെഡ് എക്‌സ്പ്രസ് റോളോങ് ഗാരോസില്‍ കളിച്ചിരുന്നില്ല. മെയ് 28 മുതല്‍ ജൂണ്‍ പതിനൊന്ന് വരെയാണ് ടൂര്‍ണമെന്റ്.
വിംബിള്‍ഡണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടിയാണ് ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയ മുപ്പത്തിയഞ്ചുകാരനായ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തനിക്ക് അധികം വഴങ്ങാത്ത ക്ലേ കോര്‍ട്ടില്‍ കളിച്ചാല്‍ അത് വിംബിള്‍ഡണിലെ സാധ്യതകളെ കൂടി ഇല്ലാതാക്കുമെന്ന് ആശങ്കയുണ്ട് 2009ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയ ഫെഡറര്‍ക്ക്. ഏഴ് തവണ വിംബിള്‍ഡണ്‍ നേടിയ താരമാണ് ഫെഡറര്‍. എ.ടി.പി. വേള്‍ഡ് ടൂറിനെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. ക്ലേ കോര്‍ട്ട് സീസണ്‍ വേണ്ടെന്നുവച്ച് ഗ്രാസ്, ഹാര്‍ഡ്‌കോര്‍ട്ട് സീസണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരൊറ്റ ക്ലേ കോര്‍ട്ട് ടൂര്‍ണമെന്റില്‍ കളിക്കുന്നത് സീസണിലെ മറ്റ് ടൂര്‍ണമെന്റുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഞാനും എന്റെ ടീമും കരുതുന്നു-ലോക അഞ്ചാം നമ്പറായ ഫെഡറര്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.