ഒട്ടാവ: മോണ്ട്രിയല്‍ മാസ്റ്റേഴ്‌സ് ടെന്നീസില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നഡാലിന് തിരിച്ചടി. കൗമാര താരം ഡെനിസ് ഷപൊവലോവാണ് നഡാലിനെ അട്ടിമറിച്ചത്. കനേഡിയന്‍ താരത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ നഡാല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് തിരിച്ചെത്താനുള്ള അവസരവും ഇതോടെ നഡാലിന് നഷ്ടപ്പെട്ടു.
ടൂര്‍ണമെന്റില്‍ വൈല്‍ഡു കാര്‍ഡുമായെത്തിയ പതിനെട്ടുകാരന്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്പാനിഷ് കരുത്തിനെ മറികടന്നത്. ആദ്യ സെറ്റില്‍ പരാജയപ്പെട്ട ശേഷമായിരുന്നു ഷപൊവലോവിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 3-6,6-4,7-6.
ഷപൊവലോവിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയിരുന്നെങ്കില്‍ നഡാല്‍ ഒന്നാം റാങ്കിലെത്തുമായിരുന്നു. അതേസമയം റോജര്‍ ഫെഡറര്‍ കിരീടപ്രതീക്ഷകള്‍ സജീവമാക്കി. ഡേവിഡ് ഫെററെ തോല്‍പ്പിച്ച് ടൂര്‍ണമെന്റില്‍ മുന്നേറുന്ന ഫെഡറര്‍ ലോക റാങ്കിങ്ങില്‍ നിലവില്‍ ഒന്നാമതുള്ള ആന്‍ഡി മറേയ്ക്ക് വെല്ലുവിളിയാകും.