നാല് ഗ്രാന്‍സ്ലാംകിരീടങ്ങളിലും മുത്തമിട്ടവരാണ് ആന്ദ്രെ അഗാസിയും റാഫേല്‍ നദാലും. എന്നിട്ടും നദാലിനോടുള്ള അഗാസിയുടെ ആരാധനയ്ക്കില്ല തെല്ലും കുറവ്. ആരാധന അങ്ങനെ മറച്ചുവയ്ക്കാനൊന്നും ഒരുക്കവുമല്ല അഗാസി. പത്താം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന നദാലിനോടുള്ള ആരാധന സ്വന്തം കൈപ്പടയിലെഴുതിയ കത്തിലൂടെയാണ് കോര്‍ട്ടിലെ പഴയ ഗ്ലാമര്‍താരം പ്രകടിപ്പിച്ചത്.
'എന്റ കരിയറില്‍ ഒരുപാട് കാലം ഒരു ഫ്രഞ്ച് ഓപ്പണ്‍ കിരീടം വിജയിക്കാന്‍ വേണ്ടി ഞാന്‍ ചെലവഴിച്ചു. എന്നാല്‍ റൊളാങ്ങ് ഗാരോസില്‍ പത്താമത്തെ കിരീടത്തിനായി കളിക്കുന്ന താങ്കളെ കാണുമ്പോള്‍ അത് എന്നില്‍ അത്ഭുതവും ആവേശവും ഉളവാക്കുന്നു. നമുക്ക് നേടാന്‍ പറ്റാത്തതായി ഒന്നുമില്ല എന്നും അസാധ്യമായി ഒന്നുമില്ല എന്നും താങ്കളിലൂടെ ഞാന്‍ തിരിച്ചറിയുന്നു.' അഗാസി എഴുതുന്നു.
നദാലിനെഴുതിയ കുറിപ്പ് അഗാസി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. 2005, 2006, 2007, 2008, 2010, 2011, 2012, 2013, 2014 വര്‍ഷങ്ങളിലാണ് നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ കിരീടം ചൂടിയത്. അഗാസി 1999ലും. ഫ്രഞ്ച് ഓപ്പണില്‍ രണ്ടു തവണ മാത്രമാണ് ക്ലേ കോര്‍ട്ടിലെ രാജാവ് എന്നറിയപ്പെടുന്ന നദാല്‍ തോറ്റത്.