പാരിസ്: വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് സഖ്യം ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
ഒന്നാം സീഡായ ഇന്തോ-സ്വിസ് സഖ്യം റഷ്യന്‍ ജോഡികളായ ഡാര്യ കസക്റ്റിന- അലക്‌സാന്‍ഡ്ര പനോവ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6(4), 6-2.
പുരുഷന്‍മാരുടെ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും റുമാനിയന്‍ താരം ഫ്‌ളോറിന്‍ മെര്‍ജിയയും ഫ്രഞ്ച് ജോഡിയായ സ്റ്റീവന്‍ റോബര്‍ട്ട്-അലക്‌സാന്‍ഡ്രെ സിഡോരെന്‍ങ്കോ സഖ്യത്തെ 6-2,6-2 ന് മറികടന്നു.
പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനും മൂന്നാം സീഡുമായ സ്റ്റാന്‍ വാവ്റിങ്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. ജപ്പാന്റെ താരോ ഡാനിയലിനെ 7-6, 6-3, 6-4ന് മറികടന്നാണ് വാവ്‌റിങ്ക മുന്നേറിയത്. 32-ാം സീഡ് ജെറമി ചാര്‍ഡിയാണ് വാവ്റിങ്കയുടെ അടുത്ത എതിരാളി.
കഴിഞ്ഞവര്‍ഷം ക്വാര്‍ട്ടര്‍ ഫൈനല്‍വരെയെത്തിയ ജാപ്പനീസ് താരം കെയി നിഷിക്കോരിയും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. റഷ്യന്‍ താരം ആന്ദ്രെ കുസ്നെട്സോവിനെയാണ് 6-3, 6-3, 6-3 സ്‌കോറില്‍ അഞ്ചാം സീഡായ ജപ്പാന്‍കാരന്‍ മറികടന്നു.
ഓസ്ട്രേലിയയുടെ ജോര്‍ഡന്‍ തോംപ്സണെ തോല്പിച്ച് ക്രൊയേഷ്യയില്‍നിന്നുള്ള 37-കാരന്‍ ഇവോ കാര്‍ലോവിച്ച്, ജിമ്മി കോണേഴ്സിനുശേഷം ഫ്രഞ്ച് ഓപ്പണ്‍ മൂന്നാം റൗണ്ടിലെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമായി. 1991-ല്‍ മൂന്നാം റൗണ്ടിലെത്തുമ്പോള്‍ കോണേഴ്സിന് 38 വയസ്സും 280 ദിവസവും പ്രായമുണ്ടായിരുന്നു. അമേരിക്കയുടെ ജാക്ക് സോക്ക്, സ്പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ദാസ്‌കോ എന്നിവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
വനിതകളില്‍ നാലാം സീഡ് ഗാര്‍ബൈന്‍ മുഗുരൂസ (സ്പെയിന്‍), ആറാം സീഡ് സിമോണ ഹാലെപ് (റുമാനിയ), 10-ാം സീഡ് പെട്ര ക്വിറ്റോവ (ചെക്ക്), 11-ാം സീഡ് ലൂസി സഫറോവ (ചെക്ക്), 13-ാം സീഡ് സ്വെറ്റ്ലാന കുസ്നെട്സോവ (റഷ്യ) എന്നിവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.