കനിയുമോ കളിമണ്‍...


പി.ജെ.ജോസ്

3 min read
Read later
Print
Share

നദാല്‍, ആന്‍ഡി മറേ, കെയ് നിഷികോരി, സ്റ്റാന്‍ വാവറിങ്ക, ഡോമിനിക് തീം, നിക്ക് കിര്‍ഗിയോസ് തുടങ്ങിയവരൊക്കെ ദ്യോകോവിച്ചിനും ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിനുമിടയില്‍ വെല്ലുവിളിയായി നില്‍പ്പുണ്ട്.

ടെന്നീസ് ലോകത്ത് ചക്രവര്‍ത്തിയായി വാഴുമ്പോഴും കിട്ടാത്ത ഒരുഗ്രാന്‍ഡ് സ്ലാം കിരീടത്തിന്റെ വേദന പല പ്രമുഖതാരങ്ങളുടെയും ദു:ഖമാണ്. എണ്‍പതുകളിലെ ഇതിഹാസങ്ങളായ ജിമ്മി കോണേഴ്‌സും ഇവാന്‍ ലെന്‍ഡലും മാറ്റ്‌സ് വിലാന്‍ഡറും ബോറിസ് ബെക്കറും ഇതനുഭവിച്ചതാണ്.

പിന്നീട് സാക്ഷാല്‍ പീറ്റ് സാംപ്രസിനായി ദുര്യോഗം.ഇപ്പോള്‍ ടെന്നീസ് ലോകത്തെ ചക്രവര്‍ത്തി നൊവാക് ദ്യോകോവിച്ചാണ് സാംപ്രസിന്റെ ദൗര്‍ഭാഗ്യം പേറുന്നത്. കരിയറില്‍ 11 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടും ഫ്രഞ്ച് ഓപ്പണ്‍ കൈപ്പിടിയിലൊതുക്കാന്‍ സെര്‍ബിയന്‍ താരത്തിനായിട്ടില്ല. മെയ് 22ന് ഫ്രഞ്ച് ഓപ്പണിന് തുടക്കമാകുമ്പോള്‍ റൊളാങ് ഗാരോസില്‍ കിരീടം നേടി കരിയര്‍ സ്ലാം (നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടുക) സ്വന്തമാക്കാന്‍ ദ്യോകോയ്ക്കാകുമോയെന്നതാണ് ടെന്നീസ് ലോകത്തെ ഇപ്പോഴത്തെ ചോദ്യം.

സൂപ്പര്‍ താരങ്ങളായ കോണേഴ്‌സിനും ബെക്കറിനും ഫ്രഞ്ച് ഓപ്പണായിരുന്നു കിട്ടാക്കനി. അഞ്ച് യു.എസ്.ഓപ്പണ്‍ കിരീടങ്ങളും രണ്ട് വിംബിള്‍ഡണ്‍ കിരീടങ്ങളും ഒരു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവുമടക്കം എട്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ താരം. റൊളാങ് ഗാരോസിലെ കളിമണ്ണ് കീഴടക്കാന്‍ കൊണേഴ്‌സിനായില്ല. നാലു വട്ടം സെമി ഫൈനലിലെത്തിയതിലൊതുങ്ങി ഫ്രഞ്ച് ഓപ്പണില്‍ മുന്‍ലോക ഒന്നാം നമ്പര്‍ താരത്തിന്റെ നേട്ടം.

ടീനേജില്‍ തന്നെ വിംബിള്‍ഡണിലെ പുല്‍ത്തകിടിയില്‍ അത്്ഭുതം വിരിയിച്ച ബും ബും ബെക്കറിനും പിഴച്ചത് പാരിസിലാണ്. 1985ല്‍ പതിനേഴാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ വിംബിള്‍ഡണ്‍ ചാമ്പ്യനായി ടെന്നീസില്‍ പടയോട്ടം തുടങ്ങിയ ബെക്കറിനും പാരിസ് കടമ്പ തന്നെയായി. മൂന്ന് വിംബിള്‍ഡണ്‍ കിരീടങ്ങളും രണ്ട് ഓസ്‌ട്രേലിയന്‍ ഓപ്പണുകളും ഒരു യു.എസ്.ഓപ്പണ്‍ കിരീടവും ജര്‍മന്‍ താരത്തിന്റെ കരിയറിലുണ്ട്. ഫ്രഞ്ച് ഓപ്പണില്‍ മൂന്നു തവണ സെമിവരെയെത്താനേ ബെക്കര്‍ക്കുമായുള്ളു.

കോണേഴ്‌സിനെയും ബെക്കറിനെയും കളിമണ്ണ് ചതിച്ചപ്പോള്‍ വിംബിള്‍ഡണിലെ പച്ചപ്പുല്ലാണ് ലെന്‍ഡലിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തത്. കരിയറിന്റെ തുടക്കത്തില്‍ മൂന്നു തവണ ഫ്രഞ്ച് ഓപ്പണും യു.എസ്.ഓ്പ്പണും വിജയിച്ച ലെന്‍ഡല്‍ രണ്ടു തവണ ഓസ്‌ട്രേലിയയിലും വെന്നിക്കൊടി പാറിച്ചു.വിംബിള്‍ഡണില്‍ രണ്ടു തവണ ഫൈനലിലെത്തിയെങ്കിലും അന്തിമ വിജയം ഈ പഴയ ചെക്കോസ്ലോവാക്യക്കാരനൊപ്പം നിന്നില്ല.

സ്വീഡന്‍കാരന്‍ മാറ്റ്‌സ് വിലാന്‍ഡറിനും വിംബിംള്‍ണ്‍ ആയിരുന്നു കിട്ടാക്കനി. മൂന്നു തവണ ഫ്രഞ്ച് ഓപ്പണും ഓസ്‌ട്രേലിയന്‍ ഓപ്പണും നേടിയ വിലാന്‍ഡര്‍ ഒരു തവണ യു.എസ്.ഓപ്പണ്‍ കിരീടവും നേടി. മൂന്നു തവണ ക്വാര്‍ട്ടര്‍ വരെയെത്തിയതാണ് വിംബിള്‍ഡണില്‍ വിലാന്‍ഡറിന്റെ നേട്ടം.ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുല്‍ക്കോര്‍ട്ടില്‍ നടന്നിരുന്നപ്പോഴാണ് അദ്ദേഹം അവിടെ കിരീടം നേടിയത്. ഈ വിജയം വിംബിള്‍ഡണിലെ പുല്‍ക്കോര്‍ട്ടില്‍ ആവര്‍ത്തിക്കാനായില്ലെന്നതായിരുന്നു വിലാന്‍ഡറുടെ ദൗര്‍ഭാഗ്യം.

ഇവരുടെ പിന്‍ഗാമിയകാനുള്ള ദുര്യോഗമായിരുന്നു ഇതിഹാസ താരം പീറ്റ് സാംപ്രസിനെ കാത്തിരുന്നത്. പുരുഷ ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊന്ന പദവി സ്വന്തമായുള്ളപ്പോഴും പാരിസിലെ കളിമണ്ണു തന്നെയാണ് സാംപ്രസിനും കരിയര്‍ സ്ലാമിനും ഇടയില്‍ വിലങ്ങുതടിയായത്. 14 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി (ഏഴ് വിംബിള്‍ഡണ്‍, അഞ്ച് യു.എസ്.ഓപ്പണ്‍ ,രണ്ട് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍) പുരുഷ ടെന്നീസിന്റെ ഉന്നതികളിലെത്തിയ താരം. റോജര്‍ ഫെഡററെന്ന യഥാര്‍ത്ഥ ഇതിഹാസം 17 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി അരങ്ങു വാണതുവരെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ നേട്ടത്തില്‍ റെക്കോഡിട്ടവന്‍. സാംപ്രസിനും കരിയര്‍ സ്ലാം നിഷേധിച്ചത് റൊളാങ് ഗാരോസിലെ കളിമണ്‍ തന്നെ. ഏഴ് വിംബിള്‍ഡണ്‍ കിരീടങ്ങളും അഞ്ച് യു.എസ്.ഓപ്പണ്‍ കിരീടങ്ങളും രണ്ട് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളും നേടിയ സാംപ്രസിന്റെ ഫ്രഞ്ച് ഓപ്പണിലെ തിളക്കമാര്‍ന്ന പ്രകടനം ഒരു തവണ സെമി ഫൈനലിലെത്തിയതിലൊതുങ്ങി.

സാക്ഷാല്‍ ഫെഡറര്‍ക്കും ഫ്രഞ്ച് ഓപ്പണായിരുന്നു വെല്ലുവിളി.റാഫേല്‍ നദാലെന്ന ഉരുക്കുപയ്യന്‍ കളിണ്‍കോര്‍ട്ട് കുടംബകാര്യമാക്കിയപ്പോള്‍ പാരിസില്‍ മാത്രം ഫെഡറര്‍ പതറി.2009ല്‍ കാത്തിരുന്ന അവസരം ഫെഡറര്‍ക്കു ലഭിച്ചു.റോബിന്‍ സോഡര്‍ലിങെന്ന അട്ടിമറി വീരന്‍ നദാലിനെ ഫ്രഞ്ച് ഓപ്പണിന്റെ തുടക്കത്തിലെ വീഴ്ത്തി.അവസരം മുതലെടുത്ത് ഫെഡറര്‍ കിരീടം നേടി.കരിയര്‍ സ്ലാം എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമായി.

പുരുഷ ടെന്നീസ് ഇപ്പോള്‍ അടക്കിവാഴുന്ന ദ്യോകോവിച്ചിനും ഫ്രഞ്ച് ഓപ്പണ്‍ തന്നെയാണ് കിട്ടാക്കനി.ഇതിനുള്ള മുഖ്യ കാരണം നദാലെന്ന എതിരാളിയും.കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടറിലെ മുഖാമുഖത്തില്‍ നദാലിനെ നിഷ്പ്രഭനാക്കാന്‍ ദ്യോകോയ്ക്കു സാധിച്ചു.ഇതോടെ ഫ്രഞ്ച് ഓപ്പണും കരിയര്‍ സ്ലാമും സെര്‍ബിയക്കാരന്‍ കൈപ്പിടിയിലാക്കിയെന്നും എല്ലാവരും കരുതി.പക്ഷേ സ്റ്റാനിസ്ലാവ് വാവറിങ്ക കലാശക്കളിയില്‍ അമാനുഷികഭാവം പൂണ്ടപ്പോള്‍ ദ്യോകോയുടെ സ്വപ്‌നങ്ങള്‍ വീണുടഞ്ഞു.

ഇക്കുറിയും ഫ്രഞ്ച് ഓപ്പണ് അരങ്ങുണരുമ്പോള്‍ ദ്യോകോവിച്ച് തന്നെയാണ് 'ഹോട്ട് ഫേവറിറ്റ്'. ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമടക്കം നാല് പ്രമുഖ കിരീടങ്ങള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.കഴിഞ്ഞ നാല് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ മൂന്നിലും അദ്ദേഹം ജയിച്ചു.കഴിഞ്ഞ 14 മാസ്‌റ്റേഴ്‌സ് 1000 ടൂര്‍ണമെന്റുകളിലും സെര്‍ബ് താരം തന്നെയാണ് ജേതാവ്.

എന്നാല്‍ കഴിഞ്ഞ ഞായാറാഴ്ച റോം മാസ്‌റ്റേഴ്‌സിന്റെ ഫൈനലില്‍ ആന്‍ഡി മറേയൊടു തോറ്റത് ദ്യോകോവിച്ചിന് തിരിച്ചടിയാണ് .മോണ്ടി കാര്‍ലോ മാസ്‌റ്റേഴ്‌സിന്റെ രണ്ടാം റൗണ്ടില്‍ ജിറി വെസ്ലിയോടും ദ്യോകോവിച്ച് തോറ്റിരുന്നു.കളിമണ്‍ ടൂര്‍ണമെന്റുകളിലെ ദ്യോകോയുടെ അസ്ഥിരമായ പ്രകടനം എതിരാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

പത്താം ഫ്രഞ്ച് ഓപ്പണ്‍ കിരീടം തേടിയിറങ്ങുന്ന നദാല്‍ ,കളിമണ്‍ കോര്‍ട്ടില്‍ പുതിയ തിളക്കം കണ്ടെത്തിയ ആന്‍ഡി മറേ ,ജപ്പാന്റെ കെയ് നിഷികോരി, നിലവിലെ ചാമ്പ്യന്‍ സ്റ്റാന്‍ വാവറിങ്ക, യുവ താരങ്ങളായ ഡോമിനിക് തീം, നിക്ക് കിര്‍ഗിയോസ് തുടങ്ങിയവരൊക്കെ ദ്യോകോവിച്ചിനും ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിനുമിടയില്‍ വെല്ലുവിളിയായി നില്‍പ്പുണ്ട്.

ഏഴ് താരങ്ങളാണ് ടെന്നീസില്‍ കരിയര്‍ സ്ലാം തികച്ചിട്ടുള്ളത്. ഇപ്പോഴത്തെ താരങ്ങളില്‍ നദാലിനും ഫെഡറര്‍ക്കുമാണ് കരിയര്‍ സ്ലാം തികച്ചവരെന്ന ബഹുമതിയുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram