പാരിസ്: കളിമണ്‍ കോര്‍ട്ടില്‍ റാഫേല്‍ നദാലിന്റെ കുതിപ്പിന് എതിരില്ല. ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് നദാല്‍. പ്രീക്വാര്‍ട്ടറില്‍ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗ്യുട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ തോല്‍പിച്ചത്. സ്‌കോര്‍: 6-1, 6-2, 6-2. ക്വാര്‍ട്ടറില്‍ പാബ്ലൊ കരെനൊ ബുസ്റ്റയാണ് നദാലിന്റെ എതിരാളി.
ഇത് പതിനൊന്നാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ഇത്രയും തവണ ഇവിടെ ക്വാര്‍ട്ടര്‍ കളിച്ച മറ്റൊരു താരമേയുള്ളൂ; റോജര്‍ ഫെഡറര്‍.
കാനഡയുടെ അഞ്ചാം സീഡ് മിലോസ് റാവോനിച്ചിനെ തോല്‍പിച്ചാണ് ഇരുപതാം സീഡുകാരനായ ബുസ്റ്റ ആദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 4-6, 7-6 (7-2), 6-7 (6-8), 6-4, 8-6.
വനിതാ സിംഗിള്‍സില്‍ എട്ടാം സീഡ് കുസനെറ്റ്‌സോവയെ മറികടന്ന് പതിനൊന്നാം സീഡ് കരോലിന്‍ വാസ്‌നിയാക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍: 6-1, 4-6, 6-2.
വനിതാ സിംഗിള്‍സില്‍ ഇരുപത്തിമൂന്നാം സീഡുകാരി സാമന്ത സ്‌ട്രേസറെ അട്ടിമറിച്ച് ഒസ്റ്റാപെങ്കോ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍: 2-6, 6-2, 6-4.