ഫ്രഞ്ച് ഓപ്പണ്‍: മറെ, ദ്യോകോവിച്ച്, ഹാലെപ് ക്വാര്‍ട്ടറില്‍


1 min read
Read later
Print
Share

ദ്യോക്കോവിച്ച് 17-ാം സീഡായ സ്പാനിഷ് താരം ആല്‍ബര്‍ട്ട് റാമോസ് വിനോലാസിനെയാണ് തോല്പിച്ചത്

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ടോപ് സീഡ് ആന്‍ഡി മറെ, നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോക്കോവിച്ച്, ജാപ്പനീസ് താരം കെയി നിഷിക്കോരി എന്നിവര്‍ പുരുഷവിഭാഗത്തിലും മൂന്നാം സീഡ് സിമോണ ഹാലെപ്, അഞ്ചാം സീഡ് എലീന സ്വിറ്റോലിന എന്നിവര്‍ വനിതാവിഭാഗത്തിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം പിടിച്ചു.

തിങ്കളാഴ്ച നടന്ന നാലാം റൗണ്ട് പോരാട്ടങ്ങളില്‍ മറെ റഷ്യന്‍ താരം കാരെന്‍ ഖെച്ചാനോവിനെയും (6-3, 6-4, 6-4) നിഷിക്കോരി സ്പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ദാസ്‌കോയെയും (0-6, 6-4, 6-4, 6-0) പരാജയപ്പെടുത്തി. ക്വാര്‍ട്ടറില്‍ മറെയും നിഷിക്കോരിയും ഏറ്റുമുട്ടും. മറെയുടേത് കരിയറിലെ 650-ാമത്തെ വിജയമായിരുന്നു. മാഞ്ചെസ്റ്ററിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മറെ ഈ വിജയം സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ദ്യോക്കോവിച്ചിനുമുന്നില്‍ ഫൈനലില്‍ അടിയറവുസമ്മതിക്കേണ്ടിവന്ന മറെ ഇക്കുറി കിരീടം പിടിക്കാനുറച്ചാണ് എത്തിയിട്ടുള്ളത്.

ഞായറാഴ്ച രാത്രി നടന്ന കളിയില്‍ ദ്യോക്കോവിച്ച് 17-ാം സീഡായ സ്പാനിഷ് താരം ആല്‍ബര്‍ട്ട് റാമോസ് വിനോലാസിനെയാണ് തോല്പിച്ചത് (7-6, 6-1, 6-3). ഇതോടെ ഫ്രഞ്ച് ഓപ്പണില്‍ 11 വട്ടം ക്വാര്‍ട്ടറിലെത്തി, ഒമ്പതുവട്ടം ചാന്പ്യനായ സ്പെയിനിന്റെ റാഫേല്‍ നഡാല്‍ സ്ഥാപിച്ച റെക്കോഡിനൊപ്പം ദ്യോക്കോവിച്ചും എത്തി. ഇരുവരുടെയും വിജയം സെമിയില്‍ ഇവര്‍ തമ്മിലുള്ള പോരാട്ടത്തിനും വഴിതുറന്നിട്ടുണ്ട്. ഞായറാഴ്ച നാട്ടുകാരന്‍ റോബര്‍ട്ടോ ബൗട്ടിസ്റ്റോ അഗുട്ടിനെ തോല്പിച്ചാണ് നഡാല്‍ റെക്കോഡ് സ്ഥാപിച്ചത്.

നിലവിലെ ചാമ്പ്യന്‍ ഗാര്‍ബൈന്‍ മുഗുരൂസ പ്രീക്വാര്‍ട്ടറില്‍ പുറത്തായ സാഹചര്യത്തില്‍ വനിതാ കിരീടത്തിന് ഇക്കുറി പുതിയ അവകാശിയുണ്ടാവുമെന്ന നിലയുയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച നടന്ന കളിയില്‍ മൂന്നാം സീഡ് ഹാലെപ് സ്?പാനിഷ് താരം കാര്‍ല സുവാരസ് നവാരോയെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത് കിരീടപ്രതീക്ഷ ശക്തമാക്കി (6-1, 6-1). അഞ്ചാം സീഡ് യുക്രൈനിന്റെ എലീന സ്വിറ്റോലിന കടുത്ത മത്സരത്തില്‍ ക്രൊയേഷ്യയുടെ പെട്ര മാര്‍ട്ടിക്കിനെ തോല്പിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി (4-6, 6-3, 7-5).

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram