പാരീസ്: നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ നൊവാക് ദ്യോക്കോവിച്ച്, ഒമ്പതുവട്ടം ചാമ്പ്യനും നാലാം സീഡുമായ സ്പെയിനിന്റെ റാഫേല്‍ നഡാല്‍, വനിതകളില്‍ നിലവിലെ ചാമ്പ്യന്‍ സ്പെയിനിന്റെ ഗാര്‍ബൈന്‍ മുഗുരൂസ എന്നിവര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.
പുതിയ പരിശീലകന്‍ ആന്ദ്രെ അഗാസ്സിയുടെ കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ സെര്‍ബിയന്‍ താരം ദ്യോക്കോവിച്ച് നേരിട്ടുള്ള സെറ്റുകളില്‍ സ്പെയിനിന്റെ മാര്‍സെലോ ഗ്രാനോളേഴ്സിനെ പരാജയപ്പടുത്തി(6-3, 6-4, 6-2). നഡാലിന് ഫ്രഞ്ച് താരം ബെനോയിറ്റ് പെയറിനെ കീഴടക്കാന്‍ വിയര്‍ക്കേണ്ടിവന്നില്ല. സ്‌കോര്‍: 6-1, 6-4, 6-1. രണ്ടാം റൗണ്ടില്‍ ദ്യോക്കോ പോര്‍ച്ചുഗലിന്റെ ജാവോ സൂസയെയും നഡാല്‍ ഡച്ചുകാരന്‍ റോബിന്‍ ഹാസെയെയും നേരിടും.
ചാമ്പ്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ 37-കാരി ഇറ്റലിയുടെ ഫ്രാന്‍സെസ്‌ക ഷിയാവോണിനെ പരാജയപ്പെടുത്തിയാണ് നാലാം സീഡായ മുഗുരൂസ മുന്നേറിയത്(6-2, 6-4). ഷിയാവോണ്‍ 2010-ല്‍ ഇവിടെ ചാമ്പ്യനായിരുന്നു.
പുരുഷവിഭാഗത്തില്‍ അഞ്ചാം സീഡ് കാനഡയുടെ മിലോസ് റാവോണിച്ച് 6-3, 6-4, 6-2ന് ബെല്‍ജിയത്തിന്റെ സ്റ്റീവ് ഡാര്‍സിസിനെ തോല്പിച്ച് മുന്നേറിയപ്പോള്‍ 14-ാം സീഡ് ജാക്ക് സോക്ക്, 32-ാം സീഡ് മിഷ സവറേവ് എന്നിവര്‍ ആദ്യ പടിയില്‍ വീണു. ഏഴാം സീഡ് മരിന്‍ സിലിച്ച്, 10-ാം സീഡ് ഡേവിഡ് ഗോഫിന്‍, 17-ാം സീഡ് ബോട്ടിസ്റ്റ അഗുട്ട്, വിക്ടര്‍ ട്രോയിക്കി, സ്റ്റാഖോവ്സ്‌കി, സൈമണ്‍ ബോളെല്ലി, എന്നിവരും ആദ്യ റൗണ്ടില്‍ വിജയം നേടി.
വനിതകളില്‍ സെര്‍ബിയയുടെ യെലേന യാങ്കോവിച്ച് പുറത്തായപ്പോള്‍ കരോലിന്‍ വോസ്നിയാക്കി, കിക്കി ബെര്‍ട്ടന്‍സ്, യൂലിയ പുടിന്‍സേവ, ചൈനയുടെ ഷാങ് ഷുവായ്, ക്രൊയേഷ്യയുടെ അന്ന കോഞ്ജു, എസ്തോണിയന്‍ താരം അന്ന കോണ്ടാവീറ്റ് തുടങ്ങിയവര്‍ അടുത്ത റൗണ്ടില്‍ ഇടംപടിച്ചു. ഡച്ചുകാരി റിച്ചല്‍ ഹോഗന്‍കാമ്പാണ് യാങ്കോവിച്ചിനെ ഞെട്ടിച്ചത് (6-2, 7-5). വോസ്നിയാക്കി ഓസ്ട്രേലിയയുടെ ജയ്മി ഫോര്‍ലിസിനെയും(6-4, 3-6, 6-2) ബെര്‍ട്ടന്‍സ് അജ്ല ടോംലിയാനോവിച്ചിനെയും (4-6, 6-1, 6-1) പരാജയപ്പെടുത്തി.