ഓസ്ട്രേലിയന്‍ ഓപ്പണ്‍; ആന്‍ഡി മറെയ്ക്ക് കണ്ണീരോടെ മടക്കം


2 min read
Read later
Print
Share

നേരത്തെ ടൂര്‍ണമെന്റിന് മുന്നോടിയായി സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചുമായി നടന്ന പരിശീലന മത്സരത്തില്‍ പുറത്തെടുത്തതിനേക്കാള്‍ മികച്ച രീതിയിലാണ് മറെ ആദ്യ റൗണ്ടില്‍ മത്സരിച്ചത്.

സിഡ്നി: വിരമിക്കല്‍ പ്രഖ്യാപിച്ച ബ്രിട്ടീഷ് ടെന്നിസ് താരം ആന്‍ഡി മറെയ്ക്ക് കണ്ണീരോടെ മടക്കം. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ 22-ാം സീഡായ സ്പാനിഷ് താരം റോബര്‍ട്ടോ ബൗറ്റിസ്റ്റ അയട്ടിനോട് തോറ്റാണ് മറെ മടങ്ങിയത്. അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4, 6-4, 6-7(5), 6-7(4), 6-2 എന്ന സ്‌കോറിനായിരുന്നു താരത്തിന്റെ തോല്‍വി.

തുടര്‍ച്ചയായി വേട്ടയാടുന്ന ഇടുപ്പിലെ പരിക്ക് കാരണം ഓസ്ട്രേലിയന്‍ ഓപ്പണോടെ വിരമിക്കുമെന്ന് മറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മൂന്നു തവണ ഗ്രാന്‍ഡ്സ്ലാം നേടിയ താരത്തിന്റെ മടക്കം പരാജയത്തോടെയായി.

നേരത്തെ ടൂര്‍ണമെന്റിന് മുന്നോടിയായി സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചുമായി നടന്ന പരിശീലന മത്സരത്തില്‍ പുറത്തെടുത്തതിനേക്കാള്‍ മികച്ച രീതിയിലാണ് മറെ ആദ്യ റൗണ്ടില്‍ മത്സരിച്ചത്. മികച്ച ബാക്ക് ഹാന്‍ഡ് ഷോട്ടുകള്‍ പുറത്തെടുത്ത മറെയുടെ സെര്‍വുകളെല്ലാം നല്ല വേഗതയുള്ളതായിരുന്നു.

എന്നാല്‍ ആദ്യ രണ്ടു സെറ്റുകളും സ്വന്തമാക്കി സ്പാനിഷ് താരം വ്യക്തമായ ആധിപത്യം നേടിയെടുത്തു. മത്സരം പുരോഗമിക്കും തോറും മറെയ്ക്ക് വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. പരിക്കിന്റെ സൂചനകള്‍ പ്രകടമാക്കിയ മറെ തിരിച്ചു വരാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഒടുവില്‍ അഞ്ചാം സെറ്റ് സ്വന്തമാക്കിയ സ്പാനിഷ് താരം വിജയവും സ്വന്തം പേരിലാക്കി.

76 വര്‍ഷങ്ങള്‍ക്കു ശേഷം യു.എസ്. ഓപ്പണ്‍ കിരീടം നേടുന്ന ബ്രിട്ടീഷ് താരമെന്ന നേട്ടം സ്വന്തമാക്കിയയാളാണ് മറെ. 2012-ലായിരുന്നു താരത്തിന്റെ നേട്ടം. 1936-ല്‍ ഫ്രെഡ്‌പെറിയാണ് യു.എസ്. ഓപ്പണ്‍ നേടിയത്. ഇതിന് ശേഷം ഒരു ഇംഗ്ലീഷ്താരവും ഗ്ലാന്‍ഡ്സ്ലാം നേടിയിരുന്നില്ല. ലണ്ടന്‍ ഒളിമ്പിക്‌സില്‍ സാക്ഷാല്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് സ്വര്‍ണം നേടുകയും ചെയ്തിരുന്നു. 500 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് ടെന്നിസ് താരമെന്ന നേട്ടം 2015-ല്‍ മറെ സ്വന്തമാക്കി.

അതേസമയം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ ദിനം മുന്‍ ചാമ്പ്യന്‍ സ്പെയിനിന്റെ റാഫേല്‍ നദാലും യുവതാരം കെവിന്‍ ആന്‍ഡേഴ്സണും രണ്ടാം റൗണ്ടില്‍ കടന്നു. എന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പ്രജ്നേഷ് ഗുണേശ്വരന് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകാനായിരുന്നു വിധി.

ഓസ്ട്രേലിയന്‍ താരം ജെയിംസ് ഡക്ക്‌വര്‍ത്തിനെ 6-4, 6-3, 7-5 എന്ന സ്‌കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്. ഏറെ പ്രതീക്ഷയോടെ ആദ്യ ഗ്രാന്‍ഡ്സ്ലാമിനിറങ്ങിയ പ്രജ്നേഷിനെ അമേരിക്കന്‍ താരം ഫ്രാന്‍സിസ് തിയാഫോയിയാണ് തോല്‍പ്പിച്ചത്.

Content Highlights: andy murray, australian open, rafael nadal

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram