ഗോദയില്‍ മാത്രമല്ല, ജീവിതത്തിലും പേരാട്ടത്തിന്റെ പ്രതീകമാണ് ഒളിമ്പിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. ഗോദയിലെ തിരക്കുകള്‍ മാറ്റിവച്ച് മുപ്പത്തിനാലാം വയസ്സില്‍ പെണ്ണു കെട്ടുമ്പോള്‍ ഗോദയ്ക്ക് പുറത്തുള്ളവര്‍ക്കും മാതൃകയാവുകയാണ് ദത്ത്.
ഹരിയാണയിലെ കോണ്‍ഗ്രസ് നേതാവായ ജയ്ഭഗവാന്‍ ശര്‍മയുടെ മകള്‍ ശീതള്‍ ശര്‍മയെ ദത്ത് വിവാഹം കഴിക്കുന്നത് ഒരൊറ്റ രൂപ സ്ത്രീധനം വാങ്ങിയാണ്. ശനിയാഴ്ച സോനിപട്ടില്‍ നടന്ന വിവാഹനിശ്ചയച്ചടങ്ങില്‍വച്ചാണ് യോഗേശ്വര്‍ വധുവിന്റെ അച്ഛനില്‍ നിന്ന് ആചാരത്തിന്റെ ഭാഗമയി ഒറ്റ രൂപ നാണയം മാത്രം സ്വീകരിച്ചത്.
പെണ്‍കുട്ടികളുടെ ജീവിതം തകര്‍ക്കുന്ന സ്ത്രീധനമെന്ന വിപത്തിനെ ഒറ്റയടിക്ക് മലര്‍ത്തിയടിക്കാന്‍ ഒരു കാരണമുണ്ട് യോഗേശ്വറിന്. കുട്ടിക്കാലത്ത് രണ്ട് കടുത്ത തീരുമാനങ്ങളാണ് ദത്ത് എടുത്തത്. ഒന്ന് വലുതായാല്‍ ഒരു ഗുസ്തിതാരമാവണം. പിന്നൊന്ന് ഒരിക്കലും സ്ത്രീധനം വാങ്ങരുത്.
സഹോദരിമാരെ കല്ല്യാണം കഴിപ്പിച്ചയക്കാന്‍ അച്ഛന്‍ പണമുണ്ടാക്കാന്‍ ഓടിനടക്കുന്നതും സ്വത്തൊക്കെ വില്‍ക്കുന്നതും കണ്ടാണ് യോഗേശ്വര്‍ വളര്‍ന്നത്. അന്നെടുത്ത തീരുമാനമാണത്. ഒരു പെണ്‍കുട്ടിയും, ഒരു പെണ്‍കുട്ടിയുടെ വീട്ടുകാരം മേലില്‍ സ്ത്രീധനത്തിന്റെ പേരില്‍ കണ്ണീര്‍ കുടിക്കരുത്.
എന്നും തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന താരമാണ് യോഗേശ്വര്‍. ബോളിവുഡ് താരം സല്‍മാന്‍ ഖാനെ റിയോ ഒളിമ്പിക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയപ്പോള്‍ തന്റെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു യോഗേശ്വര്‍. സിനിമയുടെ പ്രചരണത്തിന് ഉപയോഗിക്കേണ്ട ഒന്നല്ല ഒളിമ്പിക്‌സ് എന്നായിരുന്നു യോഗേശ്വറിന്റെ നിലപാട്. റഷ്യന്‍ താരം ബെസിക കുഡുഖോവ് മരുന്നടിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് യോഗേശ്വര്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നേടിയ വെങ്കലം വെള്ളി മെഡലായേക്കുമെന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ ആ മെഡല്‍ വാഹനാപകടത്തില്‍ മരിച്ച കുഡുഖോവിന്റെ കുടുംബം കൈവശം വച്ചോട്ടെ എന്നതായിരുന്നു യോഗേശ്വറിന്റെ നിലപാട്.