അഡ്‌ലെയ്ഡ്: വിവാഹ വാര്‍ഷിക ദിനത്തില്‍ അനുഷ്‌ക ശര്‍മയ്ക്ക് മനോഹരമായ സന്ദേശവുമായി വിരാട് കോലി.
എന്റെ ആത്മസുഹൃത്തിന് ആശംസകള്‍ എന്നാണ് കോലി ട്വിറ്ററില്‍ കുറിച്ചത്. ഒരു വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞ കോലി എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അനുഷ്‌കയ്‌ക്കൊപ്പമുള്ള വിവാഹ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ട്വീറ്റില്‍ എന്നും എന്റെയെന്ന് കോലി കുറിച്ചു.
പിന്നാലെ അനുഷ്‌കയും വിവാഹ വാര്‍ഷിക ദിനത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ചു. 'സമയം കഴിഞ്ഞു പോകുന്നത് അറിയുന്നില്ലെങ്കില്‍ അത് സ്വര്‍ഗമാണ്, നിങ്ങളൊരു നല്ല മനുഷ്യനെയാണ് വിവാഹം ചെയ്യുന്നതെങ്കില്‍ അതും', അനുഷ്‌ക ട്വിറ്ററില്‍ കുറിച്ചു. വിവാഹ വീഡിയോയും അനുഷ്‌ക ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
2017 ഡിസംബര്‍ 11-ന് ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ലോകത്തെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ ഹോളിഡേ ഡെസ്റ്റിനേഷനാണ് ടസ്‌കന്‍. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.
Content Highlights: virushka indian skipper wish his better half with a heartfelt message