വെല്ലിങ്ടണ്‍: ലോകത്ത് ഏറ്റവുമധികം ആഘോഷിക്കുന്ന ദമ്പതികളുടെ പട്ടികയെടുത്താല്‍ അതില്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയുമുണ്ടാകും. ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ഈ പ്രണയം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. വൈവാഹിക ജീവിതത്തില്‍ ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ആരാധകരുടെ ചര്‍ച്ചാവിഷയമാണ്. അത്രയും സന്തോഷത്തോടെ മാത്രമേ വിരുഷ്‌കയെ കണ്ടിട്ടുള്ളു.
ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങളിലെല്ലാം അനുഷ്‌ക കോലിക്കൊപ്പമുണ്ടാകും. ഗാലറിയിലിരുന്ന് ഭര്‍ത്താവിന് എല്ലാവിധ പിന്തുണയും നല്‍കും. ഇന്ത്യ ഓസീസ് മണ്ണില്‍ ചരിത്രവിജയം സ്വന്തമാക്കിയപ്പോഴും അനുഷ്‌ക ഇന്ത്യന്‍ ക്യാപ്റ്റനൊപ്പമുണ്ടായിരുന്നു. നിലവില്‍ ന്യൂസീലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ് അനുഷ്‌ക.
അനുഷ്‌കയോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് വിരാട് കോലി ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ന്യൂസീലന്‍ഡ് പര്യടനത്തിനിടയില്‍ എടുത്തതാണ് ഈ അഭിമുഖം. സന്തോഷകരമായ ദാമ്പത്യ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കോലി പറഞ്ഞ മറുപടിയാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
'എല്ലാ ദമ്പതികളേയും പോലെ സന്തോഷകരമായ കുടുംബജീവത്തിന് വേണ്ടതേ ഞങ്ങളും ചെയ്യുന്നുള്ളു. അക്കാര്യത്തില്‍ സെലിബ്രിറ്റികളെന്ന നിലയില്‍ വേര്‍തിരിവൊന്നുമില്ല. പലപ്പോഴും ഞങ്ങള്‍ ഓരോ കഥകള്‍ പറഞ്ഞ് നടക്കാന്‍ പോകും. ആ നടത്തത്തിനിടയിലാകും ഞങ്ങളുടെ സ്വപ്‌നങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ രാത്രി ഞങ്ങള്‍ മറെയ്ന്‍ പരേഡിലുണ്ടായിരുന്നു. ഒരു ബെഞ്ചില്‍ ഞങ്ങള്‍ ചന്ദ്രനെ നോക്കിയിരുന്നു. അന്ന് ആകാശത്ത് പൂര്‍ണ ചന്ദ്രനായിരുന്നു. ആ ഇരുത്തം ഞങ്ങളിരുവരും ഒരുപാട് ആസ്വദിച്ചു. സന്തോഷം ലഭിക്കാന്‍ ഇത്തരത്തിലുള്ള കുഞ്ഞുകുഞ്ഞുകാര്യങ്ങള്‍ മതി' കോലി അഭിമുഖത്തില്‍ പറയുന്നു.
Content Highlights: Virat Kohli reveals his and Anushka Sharma’s secret to a happy married life