മികച്ച ഫോമിലാണെങ്കില്‍ വിരാട് കോലിക്കെതിരേ പന്തെറിയുക എന്നത് ഒരു വലിയ സമസ്യയാണ് അന്നും ഇന്നും ബൗളര്‍മാര്‍ക്ക്. എന്നാല്‍, ഏതിനേക്കാള്‍ വലിയൊരു സമസ്യയ്ക്ക് മുന്നില്‍ ഉത്തരമില്ലാതെ നിന്നൊരു കാലമുണ്ട് ഇന്ത്യന്‍ നായകന്. ഒരുവിധപ്പെട്ട പേസിനും സ്പിന്നിനും ബൗണ്‍സിനും ടേണിനുമെല്ലാം മുന്നില്‍ പതറാതെ പിടിച്ചുനില്‍ക്കുന്ന കോലിയെ വട്ടംകറക്കിയത് മറ്റൊന്നുമല്ല, സ്‌കൂള്‍ കാലത്തെ കണക്കുപാഠമാണ്. പത്താം ക്ലാസില്‍ കണക്കുപരീക്ഷ പാസാവാന്‍ എടുത്തതുപോലുള്ള അധ്വാനമൊന്നും ക്രിക്കറ്റില്‍ എടുത്തിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റെക്കോഡ് ബുക്കിലെ സകല കണക്കുകളും തെറ്റിച്ച കോലി.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ നമുക്ക് കണക്ക് പരീക്ഷയുണ്ടാകും. നൂറാണ് കണക്കില്‍ കിട്ടാവുന്ന പരമാവധി മാര്‍ക്ക്. എനിക്ക് അന്ന് കിട്ടിയിരുന്നത് നൂറില്‍ മൂന്ന് മാര്‍ക്കാണ്. അത്രയ്ക്ക് കേമനായിരുന്നു ഞാന്‍ കണക്കില്‍. എന്തിനാണ് ഒരാള്‍ കണക്ക് പഠിക്കുന്നതെന്ന് കൂടി എനിക്ക് മനസ്സിലായിരുന്നില്ല-ഇന്‍ ഡെപ്ത്ത് വിത്ത് ഗ്രഹാം ബെന്‍സിങ്ങര്‍ എന്ന സ്‌പോര്‍ട്‌സ് വെബ് ഷോയില്‍ കോലി പറഞ്ഞു.
കണക്കിലെ സങ്കീര്‍ണതകളൊന്നും എനിക്ക് മനസ്സിലാകുമായിരുന്നില്ല. ഈ സമവാക്യങ്ങളൊന്നും ഒരിക്കലും ജീവിതത്തില്‍ ഉപയോഗിച്ചിട്ടുമില്ല. പത്താം ക്ലാസ് എങ്ങനെയെങ്കിലും കടന്നുകിട്ടിയാല്‍ മാത്രം മതിയായിരുന്നു. അതുകഴിഞ്ഞാല്‍ പിന്നെ കണക്ക് പഠിക്കണമോ വേണ്ടയോ എന്ന് വേണമെങ്കില്‍ നമുക്ക് തീരുമാനിക്കാമല്ലോ. ഈ പരീക്ഷ പാസാവാന്‍ നടത്തിയ അധ്വാനമൊന്നും ക്രിക്കറ്റില്‍ വേണ്ടിവന്നിട്ടില്ല. സ്‌കൂളില്‍ കാര്യങ്ങള്‍ പെട്ടന്ന് ഗ്രഹിക്കാന്‍ കഴിയുന്ന അത്ര മിടുക്കനായ വിദ്യാര്‍ഥിയൊന്നുമായിരുന്നില്ല ഞാൻ-കോലി പറഞ്ഞു.
തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ സംഭവം അച്ഛന്റെ മരണമാണെന്നും കോലി പരിപാടിയില്‍ പറഞ്ഞു. ആ സംഭവമാണ് എന്നെ മാനസികമായി ബലവാനാക്കിയത്. അച്ഛന്റെ ആഗ്രഹമായിരുന്നു ഞാനൊരു ക്രിക്കറ്റ് താരമാകുന്നത്. അതുകൊണ്ടാണ് സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞ ഉടനെ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പോയത്. പ്രതിസന്ധിഘട്ടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിച്ചത് ഇതില്‍ നിന്നാണ്. എന്നെങ്കിലും ഏറ്റവും മോശം ഫോമിലാണെങ്കില്‍ എല്ലാ പ്രശ്‌നങ്ങള്‍ മാറ്റിവച്ച് തിരിച്ചുവരാനും ഈ അനുഭവമാണ് എന്നെ തുണയ്ക്കുന്നത്. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലത്തില്‍ നിന്നാണ് ഞാന്‍ കരുത്താര്‍ജിച്ചത്-കോലി പറഞ്ഞു.
Content Highlights: Virat Kohli Reveals Getting 3 Marks Maths Cricket